ആഭ്യന്തര ക്രിക്കറ്റില്‍ പുതിയ നിയമം പ്രഖ്യാപിച്ച് ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്‍ട്രോള്‍ ഇന്‍ ഇന്ത്യ (ബി.സി.സി.ഐ). പരിക്കേറ്റ താരങ്ങള്‍ക്ക് ബദലായി താരങ്ങളെ ഇറക്കാന്‍ അനുവദിക്കുന്നതാണ് പുതിയ നിയമം. സി.കെ നായിഡു ട്രോഫി (U19) ഉള്‍പ്പെടെയുള്ള മള്‍ട്ടി-ഡേ ആഭ്യന്തര ടൂര്‍ണമെന്റുകള്‍ക്ക് മാത്രമാണ് ഈ നിയമം ബാധകമാവുക.
2025 -26 ആഭ്യന്തര സീസണ്‍ തൊട്ട് ഈ നിയമം പ്രാബല്യത്തില്‍ വരും. മത്സരത്തിനിടെ ഒരു കളിക്കാരന് ഗുരുതരമായ പരിക്ക് പറ്റിയാല്‍, ഒരു സീരിയസ് ഇന്‍ജുറി റീപ്ലേസ്‌മെന്റ് അനുവദിക്കുമെന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്. കളിക്കിടയില്‍ ഉണ്ടാവുന്ന ഒടിവ്, മുറിവ്, അല്ലെങ്കില്‍ ഡിസ്‌ലൊക്കേഷന്‍ മൂലമുണ്ടാകുന്ന പരിക്കുകള്‍ക്കാണ് പകരക്കാരനെ അനുവദിക്കുക.
ഒരു മത്സരത്തില്‍ ഇങ്ങനെ ഒരു താരത്തെ ഇറക്കാന്‍ ടീമുകള്‍ ടോസിന് മുമ്പ് പകരക്കാരുടെ ലിസ്റ്റ് സമര്‍പ്പിക്കേണ്ടതുണ്ട്. ഈ പട്ടികയില്‍ നിന്ന് മാത്രമേ മാച്ച് റഫറി പകരക്കാരെ അനുവദിക്കുകയുള്ളു. ഇതില്‍ അന്തിമ തീരുമാനം എടുക്കുക ഫീല്‍ഡ് അമ്പയര്‍മാരായിരിക്കും.
നിയമത്തിലെ മറ്റ് വ്യവസ്ഥകള്‍
– ടോസില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ലിസ്റ്റില്‍ നിന്ന് പരിക്കേറ്റ താരത്തിന് സമാനമായ ഒരാളെ തെരഞ്ഞെടുക്കണം
– മാച്ച് റഫറിയാണ് പകരക്കാരന്റെ നിയമസാധുത തീരുമാനിക്കുക.ഡോക്ടര്‍മാരുമായും ഫീല്‍ഡ് അമ്പയര്‍മാരുമായും കൂടിയാലോചിച്ച ശേഷമായിരിക്കണം ഈ തീരുമാനം.
– പരിക്കേറ്റ കളിക്കാരന് ലഭിച്ച എല്ലാ വാണിങ്ങുകളും , പെനാല്‍റ്റിയും, സസ്‌പെന്‍ഷനുകളും പകരക്കാരനും ബാധകമാവും
– നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ലിസ്റ്റില്‍ റിസര്‍വ് കീപ്പര്‍ ഇല്ലെങ്കില്‍ പകരക്കാരനായി പുറത്തുനിന്ന് വിക്കറ്റ് കീപ്പറെ അനുവദിക്കാവുന്നതാണ്.
– പരിക്കേറ്റ കളിക്കാരനും പകരക്കാരനും മത്സരം കളിച്ചതായി രേഖപ്പെടുത്തും.
വര്‍ഷങ്ങളായി കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടുകള്‍ നിലവിലുണ്ട്. എന്നാല്‍ മറ്റ് ഗുരുതരമായ പരിക്കുകള്‍ക്ക് പകരക്കാരെ ഇറക്കാന്‍ അനുവദിക്കുന്ന വ്യവസ്ഥകളില്ല. പലപ്പോഴും ടീമുകള്‍ക്ക് ഇത്തരം സാഹചര്യത്തില്‍ കുറവ് കളിക്കാരെ വെച്ച് മത്സരങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടിവരാറുണ്ട്. അതിനാല്‍ പുതിയ നിയമം ടീമുകള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.
ഇക്കഴിഞ്ഞ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ പരമ്പരയില്‍ റിഷബ് പന്തും ഇംഗ്ലണ്ട് താരം ക്രിസ് വോക്‌സും പരിക്കുമായി ബാറ്റിങ്ങിനെത്തിയിരുന്നു. ഇതാണ് ബി.സി.സി.ഐയെ ഈ നിയമം കൊണ്ടുവരുന്നതിന് പ്രേരിപ്പിച്ചതെന്നാണ് വിവരം.
Content Highlight: BCCI introduced a new rule for replacement for serious injury in Domestic Cricket