ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് സന്തോഷവാർത്ത; കേരളത്തിനും സുവർണാവസരമൊരുക്കി ബി.സി.സി.ഐ
Cricket
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് സന്തോഷവാർത്ത; കേരളത്തിനും സുവർണാവസരമൊരുക്കി ബി.സി.സി.ഐ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 19th October 2022, 9:52 am

ഇന്ത്യൻ വനിതാ ക്രിക്കറ്റർമാരുടെ കാത്തിരിപ്പിന് വിരാമം. വനിതകളുടെ ഇന്ത്യൻ പ്രീമിയർ ലീഗിന് ബി.സി.സി.ഐയുടെ അനുമതി ലഭിച്ചു.

ഇന്നലെ മുംബൈയിൽ നടന്ന ബി.സി.സി.ഐ വാർഷിക ജനറൽ ബോഡി യോ​ഗത്തിലാണ് വനിതാ ഐ.പി.എല്ലിന് ബി.സി.സി.ഐ അനുമതി നൽകിയത്.

ആദ്യ സീസണിൽ അഞ്ച് ടീമുകളാണുണ്ടാവുക. 18 കളിക്കാർ വീതം ഓരോ ടീമിലും ഉണ്ടാവും. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുപത് മത്സരങ്ങളാണ് നടക്കുക.

രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തുന്നവർ എലിമിനേറ്ററിൽ ഏറ്റുമുട്ടും. ജയിക്കുന്നവർ ഫൈനലിലെത്തും എന്ന രീതിയിലാണ് മത്സരം ക്രമീകരിക്കുക.

വനിതാ ഐ.പി.എല്ലിനായി ഇന്ത്യൻ താരങ്ങളായ ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ജെമീമ റോഡ്രിഡസ്, ദീപ്തി ശർമ തുടങ്ങിയവർ നേരത്തെ രംഗത്തെത്തിയിരുന്നു.

അടുത്ത വർഷം ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന വനിതാ ടി-20 ലോകകപ്പിന് ശേഷമായിരിക്കും ഐ.പി.എൽ നടക്കുകയെന്നാണ് സൂചന.

വനിതാ ഐ.പി.എല്ലിൽ ടീമുകളെ നഗരാടിസ്ഥാനത്തിലായിരിക്കും രൂപീകരിക്കുക. ദക്ഷിണേന്ത്യയിൽ നിന്ന് കൊച്ചിയെയും വിശാഖപട്ടണത്തേയും ടീമുകൾക്കായി പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.

മത്സര വേദികളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. രണ്ട് വേദികളിലായി മത്സരങ്ങൾ പരിമിതപ്പെടുത്തിയേക്കും എന്ന് റിപ്പോർട്ടുകളുണ്ട്.

ആദ്യ പത്ത് മത്സരങ്ങൾ ഒരു വേദിയിലും അടുത്ത 10 മത്സരങ്ങൾ മറ്റൊരു വേദിയിലും നടത്തുന്ന രീതിയിലായിരിക്കും ഇത്.

വനിതാ ഐ.പി.എല്ലിനെ കുറിച്ച് ചർച്ച ചെയ്യാൻ ബി.സി.സി.ഐ കൂടുതൽ യോഗങ്ങൾ വിളിക്കുമെന്നാണ് അറിയിച്ചത്.

ഇന്നലെ നടന്ന ജനറൽ ബോഡി യോ​ഗത്തിൽ സൗരവ് ​ഗാം​ഗുലി ബി.സി.സി.യുടെ അധ്യക്ഷ സ്ഥാനം റോജർ ബിന്നിക്ക് കൈമാറി. ബി.സി.സി.ഐയുടെ 36ാമത് പ്രസിഡന്റായാണ് ബിന്നി അധികാരമേറ്റത്. ജയ് ഷാ ബി.സി.സി.ഐ സെക്രട്ടറി സ്ഥാനത്ത് തുടരും.

ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്ത് രണ്ടാമതൊരു അവസരം കൂടി സൗരവ് ഗാംഗുലി ആഗ്രഹിച്ചിരുന്നെങ്കിലും നൽകാനാകില്ലെന്ന് സെക്രട്ടറി ജയ് ഷായും സംഘവും നേരത്തെ പറഞ്ഞിരുന്നു.

ബി.സി.സി.ഐ പ്രസിഡൻറ് പദവിയിൽ സൗരവ് ഗാംഗുലി പരാജയമാണെന്നായിരുന്നു വിലയിരുത്തൽ.

എന്നാൽ പ്രസിഡൻറ് സ്ഥാനത്ത് ഒരിക്കൽ കൂടി മത്സരിക്കാനാഗ്രഹം പ്രകടിപ്പിച്ച ഗാംഗുലിക്ക് മുന്നിൽ ഐ.പി.എൽ ചെയർമാൻ പദവി വെച്ചുനീട്ടിയെങ്കിലും തരംതാഴ്ത്തലെന്ന് ബോധ്യമായതോടെ ഗാംഗുലി പിന്മാറുകയായിരുന്നു.

Content Highlights: BCCI General body approves to conduct Women’s Indian Premiere league