2025 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചു. 15 അംഗങ്ങള്‍ ഉള്ള സ്‌ക്വാഡാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റന്‍ ആയും ശുഭ്മന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായുമാണ് നിയമിച്ചത്.
പ്രതീക്ഷിച്ചപോലെ മലയാളി താരം സഞ്ജു സാംസണ്‍ സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും ഓപ്പണറും ആയിട്ടായിരിക്കും സഞ്ജു ടീമിനൊപ്പം ചേരുക. ഓപ്പണര്‍ ആയി അഭിഷേക് ശര്‍മയും സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്.
പേസ് ബൗളര്‍മാരായ മുഹമ്മദ് സിറാജും മുഹമ്മദ് ഷാമിയും സ്‌ക്വാഡില്‍ ഇടം നേടിയില്ല. ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങ്ങും അടങ്ങുന്നതാണ് ഇന്ത്യയുടെ ഫാസ്റ്റ് ബൗളിങ് നിര. ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓള്‍റൗണ്ടര്‍ സ്ഥാനത്തുണ്ട്. സ്പിന്‍ ഓപ്ഷനായി വരും ചക്രവര്‍ത്തിയും കുല്‍ദീപ് യാദവുമാണ് സ്‌ക്വാഡില്‍ ഇടം നേടിയത്.
അതേസമയം 2025 ഏഷ്യാ കപ്പിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. സെപ്റ്റംബംര്‍ ഒമ്പതിനാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. പതിവ് പോലെ ഇന്ത്യയും പാകിസ്ഥാനും ടൂര്‍ണമെന്റില്‍ ഒരേ ഗ്രൂപ്പില്‍ തന്നെയാണെന്നതും ആരാധകര്‍ക്ക് ആവേശം സൃഷ്ടിക്കുന്ന ഒന്നാണ്. ഗ്രൂപ്പ് ഘട്ടവും ഫൈനലുമടക്കം മൂന്ന് തവണ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതകളുമുണ്ട്.