2025 ജൂണ്‍ 24 മുതല്‍ ജൂലൈ 23 വരെ നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യയുടെ U-19 സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ. പര്യടനത്തില്‍ 50 ഓവര്‍ സന്നാഹ മത്സരവും തുടര്‍ന്ന് അഞ്ച് മത്സരങ്ങളുമുള്ള ഏകദിന പരമ്പരയും, ഇംഗ്ലണ്ട് U-19നെതിരെയുള്ള രണ്ട് മള്‍ട്ടി-ഡേ മത്സരങ്ങളും ഉള്‍പ്പെടുന്നു.
ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി കളിച്ച യുവ താരം ആയുഷ് മാഹ്‌ത്രെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ ജൂനിയേഴ്‌സ് ഇറങ്ങുന്നത്. രാജസ്ഥാന്‍ സൂപ്പര്‍ താരം വൈഭവ് സൂര്യവംശിയും സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. മാത്രമല്ല മലായാളി യുവ താരം മുഹമ്മദ് ഇനാനും സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്.
2025 ഐ.പി.എല്ലില്‍ ഇന്ത്യ ജൂനിയര്‍ ക്യാപ്റ്റന്‍ ആയുഷ് മിന്നും പ്രകടനമാണ് നടത്തിയത്. സീസണില്‍ ചെന്നൈക്ക് വേണ്ടി അരങ്ങേറ്റം നടത്തിയ താരം ആറ് മത്സരത്തില്‍ നിന്ന് 206 റണ്‍സാണ് നേടിയത്. 94 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പെടെ 34.33 എന്ന ആവറേജിലാണ് ആയുഷിന്റെ സ്‌കോറിങ്. മാത്രമല്ല 187.27 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും താരം നേടിയിട്ടുണ്ട്.
അതേസമയം നേരിട്ട ആദ്യ പന്ത് സിക്സര്‍ പറത്തിയ വൈഭവ് അരങ്ങേറ്റ സീസണില്‍ തന്നെ ഏഴ് മത്സരത്തില്‍ നിന്ന് 252 റണ്‍സാണ് നേടിയത്. 101 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പെടെ 36 ആവറേജിലാണ് യുവ താരത്തിന്റെ സ്‌കോറിങ്. മാത്രമല്ല 206.56 എന്ന മിന്നും സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്. സീസണില്‍ ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും 18 ഫോറും 24 സിക്സുമാണ് താരം നേടിയത്.