സ്വന്തം നേട്ടം പഴങ്കഥ, ആകാശം തൊട്ടത് പത്ത് സിക്‌സര്‍; ഫോമിലുള്ള മാക്‌സി, എന്തൊരു അഴകാണ് ആ കാഴ്ച
Sports News
സ്വന്തം നേട്ടം പഴങ്കഥ, ആകാശം തൊട്ടത് പത്ത് സിക്‌സര്‍; ഫോമിലുള്ള മാക്‌സി, എന്തൊരു അഴകാണ് ആ കാഴ്ച
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 12th January 2025, 6:15 pm

ബിഗ് ബാഷ് ലീഗിലെ മെല്‍ബണ്‍ നാട്ടങ്കത്തില്‍ വെടിക്കെട്ടുമായി ഗ്ലെന്‍ മാക്‌സ്‌വെല്‍. മാര്‍വെല്‍ സ്റ്റേഡിയത്തില്‍ നടന്ന മെല്‍ബണ്‍ സ്റ്റാര്‍സ് vs മെല്‍ണ്‍ റെനെഗെഡ്‌സ് മത്സരത്തിലാണ് സ്റ്റാര്‍സിനായി മാക്‌സ്‌വെല്‍ വെടിക്കെട്ട് നടത്തിയത്. അര്‍ധ സെഞ്ച്വറിയടിച്ച മാക്‌സിയുടെ ബലത്തില്‍ സ്റ്റാര്‍സ് 42 റണ്‍സിന്റെ മികച്ച വിജയം സ്വന്തമാക്കുകയും ചെയ്തു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സ്റ്റാര്‍സിന് തുടക്കം പാളി. മത്സരത്തിലെ ആദ്യ പന്തില്‍ വിക്കറ്റ് കീപ്പര്‍ സാം ഹാര്‍പറിനെ സ്റ്റാര്‍സിന് നഷ്ടമായി. വണ്‍ ഡൗണായി ബ്യൂ വെബ്സ്റ്ററാണ് ബെന്‍ ഡക്കറ്റിന് തുണയായി എത്തിയത്.

മോശമല്ലാത്ത രീതിയില്‍ സ്‌കോര്‍ ഉയര്‍ത്തവെ ഡക്കറ്റിനെ പുറത്താക്കി ഫെര്‍ഗസ് ഒ നീല്‍ സ്റ്റാര്‍സിനെ ഞെട്ടിച്ചു. 14 പന്തില്‍ 21 റണ്‍സ് നേടി നില്‍ക്കവെയാണ് ഡക്കറ്റ് മടങ്ങിയത്. മെല്‍ബണില്‍ സ്റ്റാര്‍സിന് ഇരട്ട തിരിച്ചടി നല്‍കി നാലാം നമ്പറിലെത്തിയ ടോം റോജേഴ്‌സിനെ* ഗോള്‍ഡന്‍ ഡക്കാക്കിയും ഒ നീല്‍ തിളങ്ങി.

ശേഷം മാര്‍കസ് സ്റ്റോയ്‌നിസാണ് ബാറ്റ് ചെയ്യാനിറങ്ങിയത്. വെബ്സ്റ്ററിനെ ഒപ്പം കൂട്ടി മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ക്യാപ്റ്റന്‍ ശ്രമം നടത്തി. എന്നാല്‍ വെബ്സ്റ്ററിനെ അധിക സമയം ക്രീസില്‍ നിര്‍ത്താന്‍ റെനെഗെഡ്‌സിന് താത്പര്യമുണ്ടായിരുന്നില്ല.

വെബ്‌സ്റ്ററിന്റൈ വിക്കറ്റ് നേടി ആദം സാംപയാണ് തന്റെ പഴയ ടീമിനെ ഞെട്ടിച്ചത്. 18 പന്തില്‍ 15 റണ്‍സ് നേടിയ വെബ്സ്റ്ററിനെ വില്‍ സതര്‍ലാന്‍ഡിന്റെ കൈകളിലെത്തിച്ച താരം മടക്കി. അധികം വൈകാതെ 10 പന്തില്‍ 18 റണ്‍സ് നേടിയ ക്യാപ്റ്റനും പുറത്തായി.

55/5 എന്ന നിലയില്‍ പരുങ്ങിയ സ്റ്റാര്‍സിനെ ഗ്ലെന്‍ മാക്‌സ്‌വെല്‍ ഒറ്റയ്ക്ക് തോളിലേറ്റി. 2023 ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ പാറ്റ് കമ്മിന്‍സിനെ ഒരറ്റത്ത് നിര്‍ത്തി ചരിത്ര വിജയം സ്വന്തമാക്കിയതിന്റെ മറ്റൊരു പതിപ്പാണ് മാര്‍വെല്‍ സ്റ്റേഡിയത്തില്‍ ആരാധകര്‍ കണ്ടത്.

ഒരു വശത്ത് വിക്കറ്റുകള്‍ നഷ്ടപ്പെടുമ്പോഴും മറുവശത്ത് സ്‌ട്രൈക്ക് നിലനിര്‍ത്തിയും കൂടുതല്‍ പന്തുകള്‍ നേരിട്ടും മാക്‌സ്‌വെല്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.

മാക്‌സ്‌വെല്ലിന് പിന്നാലെയെത്തിയ ഒരാള്‍ പോലും ഇരട്ടയക്കം കാണാതെ പുറത്തായപ്പോള്‍ മറുവശത്ത് 52 പന്ത് നേരിട്ട് 90 റണ്‍സ് നേടിയാണ് മാക്‌സി തിളങ്ങിയത്. നാല് ഫോറും പത്ത് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഒരു ടി-20 ഇന്നിങ്‌സില്‍ മാക്‌സ്‌വെല്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയതും ഇതേ മത്സരത്തില്‍ തന്നെയാണ്. 2014ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയും 2016ല്‍ ശ്രീലങ്കയ്‌ക്കെതിരെയും 2019ല്‍ ഇന്ത്യയ്‌ക്കെതിരെയും നേടിയ ഒമ്പത് സിക്‌സറിന്റെ റെക്കോഡാണ് ഈ മത്സരത്തോടെ പഴങ്കഥയായത്.

മാക്‌സ് വെല്ലിന്റെ കരുത്തില്‍ സ്റ്റാര്‍സ് നിശ്ചിത ഓവറില്‍ 165 റണ്‍സ് നേടി.

റെനെഗെഡ്‌സിനായി ഫെര്‍ഗസ് ഒ നീല്‍, ആദം സാംപ, ടോം റോജേഴ്‌സ്*, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ജേകബ് ബേഥല്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ റെനെഗെഡ്‌സിനും തുടക്കം പാളി. ടോപ് ഓര്‍ഡറിലെ മൂന്ന് താരങ്ങളും ഒറ്റയക്കത്തിന് മടങ്ങി. ജേക് ഫ്രേസര്‍ മക്ഗൂര്‍ക് അടക്കമുള്ള വെടിക്കെട്ട് വീരന്‍മാര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയി.

26 പന്തില്‍ 26 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ടിം സീഫെര്‍ട്ടാണ് ടോപ് സ്‌കോറര്‍. മക്ഗൂര്‍ക് 17 പന്തില്‍ 19റണ്‍സിന് മടങ്ങിയപ്പോള്‍ 15 പന്തില്‍ 15 റണ്‍സാണ് ക്യാപ്റ്റന്‍ വില്‍ സതര്‍ലാന്‍ഡിന് നേടാന്‍ സാധിച്ചത്.

ഒടുവില്‍ 19.5 ഓവറില്‍ റെനെഗെഡ്‌സ് 123ന് പുറത്തായി. മാര്‍ക് സ്റ്റെക്റ്റീ ഫൈഫര്‍ നേടിയപ്പോള്‍ മൂന്ന് വിക്കറ്റുമായി ജോയല്‍ പാരിസും മികച്ച പിന്തുണ നല്‍കി. പീറ്റര്‍ സിഡിലും ബ്യൂ വെബ്സ്റ്ററുമാണ് ശേഷിച്ച വിക്കറ്റുകള്‍ നേടിയത്.

ഈ വിജയത്തിന് പിന്നാലെ സ്റ്റാര്‍സ് നാലാം സ്ഥാനത്തേക്ക് കയറി. ഒമ്പത് മത്സരത്തില്‍ നിന്നും നാല് ജയവുമായി എട്ട് പോയിന്റാണ് ടീമിനുള്ളത്.

ജനുവരി 19നാണ് ലീഗ് ഘട്ടത്തില്‍ സ്റ്റാര്‍സിന്റെ അവസാന മത്സരം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ഹൊബാര്‍ട്ട് ഹറികെയ്ന്‍സാണ് എതിരാളികള്‍.

*മെല്‍ബണ്‍ സ്റ്റാര്‍സിലും മെല്‍ബണ്‍ റെനെഗെഡ്‌സിലും ടോം റോജേഴ്‌സ് എന്ന പേരില്‍ രണ്ട് താരങ്ങള്‍ കളിക്കുന്നുണ്ട്.

 

Content Highlight: BBL: Glenn Maxwell’s explosive batting against Melbourne Renegades