ഇരട്ട ഗോളുമായി കൈയ്ന്‍; ബയേണിന് വിജയത്തുടര്‍ച്ച
Football
ഇരട്ട ഗോളുമായി കൈയ്ന്‍; ബയേണിന് വിജയത്തുടര്‍ച്ച
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 27th September 2025, 7:18 am

ബുണ്ടസ്ലീഗയില്‍ ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ ജയം. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ വേഡര്‍ ബ്രെമെനെ എതിരില്ലാത്ത നാല് ഗോളുകളാണ് ടീം തോല്‍പ്പിച്ചത്. ഇംഗ്ലണ്ട് സൂപ്പര്‍ താരം ഹാരി കൈയ്നിന്റെ മിന്നും പ്രകടനത്തിന്റെ കരുത്തിലാണ് ടീമിന്റെ വിജയം.

ബയേണിനായി കൈയ്നും ജോനാഥന്‍ താഹും കോണ്‍റാഡ് ലൈമറും ഗോള്‍ നേടി. ക്ലബ്ബിനായി ആദ്യം പന്ത് വലയിലെത്തിച്ചത് ജോനാഥന്‍ താഹയിരുന്നു. 22ാം മിനിറ്റിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. മിഖായേല്‍ ഒലീസേ യുടെ പന്ത് സ്വീകരിച്ചായിരുന്നു താഹ ടീമിന് ലീഡ് നല്‍കിയത്.

ഏറെ വൈകാതെ കൈയ്ന്‍ ടീമിന്റെ ലീഡ് രണ്ടായി ഉയര്‍ത്തി. 46ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു ഈ ഗോള്‍. വേഡര്‍ ക്യാപ്റ്റന്‍ ഫ്രീഡല്‍ ബ്രെമെന്‍ ഇംഗ്ലണ്ട് സ്ട്രൈക്കറെ ചലഞ്ച് ചെയ്തതിന് ലഭിച്ച പെനാല്‍റ്റി താരം പിഴവ് വരുത്താതെ വലയിലെത്തിക്കുകയായിരുന്നു.

തിരിച്ചടിക്കാന്‍ വേഡര്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ബയേണ്‍ മത്സരത്തിന്റെ ആധിപത്യം പിടിച്ചെടുത്തു. രണ്ടാം പകുതിയില്‍ ദി ബവേറിയന്‍സ് വീണ്ടും ഗോളുകള്‍ നേടി. 65ാം മിനിട്ടില്‍ കൈയ്ന്‍ വീണ്ടും പന്ത് വലയിലെത്തിച്ച് തന്റെ രണ്ടാം ഗോള്‍ സ്വന്തമാക്കി. ലൂയിസ് ഡയസാണ് ഇതിനായി പന്ത് നല്‍കിയത്.

മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ ലൈമര്‍ ബയേണിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. 87ാം മിനിറ്റിലായിരുന്നു താരത്തിന്റെ ഈ ഗോള്‍. ഏറെ വൈകാതെ ഫൈനല്‍ വിസിലുമെത്തി. അതോടെ അഞ്ചാം മത്സരത്തിലും ടീമിന് വിജയം സ്വന്തമാക്കാനായി. പോയിന്റ് 15 ആയി ഉയര്‍ത്താനും ജര്‍മന്‍ ക്ലബ്ബിനായി.

ബയേണ്‍ മത്സരത്തില്‍ വലിയ ആധിപത്യം സ്ഥാപിച്ചിരുന്നെങ്കിലും വേഡര്‍ ചെറുത്തുനില്‍പ്പിന് ശ്രമിച്ചിരുന്നു. എന്നാല്‍, അവരുടെ മുന്നേറ്റങ്ങള്‍ക്ക് വലിയ ആയുസുണ്ടായിരുന്നില്ല. ആക്രമണവുമായി ഗ്രൗണ്ടില്‍ കുതിച്ചെങ്കിലും അവര്‍ക്ക് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാനായില്ല. അതോടെ ടീം വമ്പന്‍ തോല്‍വി വഴങ്ങുകയായിരുന്നു.

മത്സരത്തില്‍ 60 ശതമാനവും പന്തടക്കം ബയേണിനായിരുന്നു. 26 ഷോട്ടുകളാണ് ദി ബവേറിയന്‍സ് എതിരാളികളുടെ വലയിലേക്ക് തൊടുത്തത്. അതില്‍ 13 എണ്ണം ഷോട്ട്‌സ് ഓണ്‍ ടാര്‍ഗറ്റായിരുന്നു.

അതേസമയം, വേഡറിന് 40 ശതമാനം പൊസഷന്‍ ഉണ്ടായിരുന്നു. വേഡര്‍ താരങ്ങള്‍ മൂന്ന് ഷോട്ട്‌സ് ഓണ്‍ ടാര്‍ഗറ്റടക്കം ഒമ്പത് തവണയാണ് ബയേണ്‍ വലയെ ലക്ഷ്യമിട്ട് അടിച്ചത്. എന്നാല്‍, ഇവയൊന്നും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല.

 

Content Highlight: Bayern Munich defeated Werder Breman in Bundesliga with Harry Kane double goal