അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന അണ്‍പ്രഡിക്റ്റബിലിറ്റി തന്നെയാണ് ക്രിക്കറ്റ് എന്ന ഗെയിമിനെ മനോഹരമാക്കുന്നത്. തോല്‍വിയില്‍ നിന്നും അവിശ്വസിനീയമായ രീതിയില്‍ പല ടീമുകളും വിജയിക്കുന്നതും വിജയം ഉറപ്പിച്ചതിന് ശേഷം തുടരെ തുടരെ വിക്കറ്റുകള്‍ വീണ് മത്സരം കളഞ്ഞു കുളിക്കുന്ന ടീമുകളേയും നിരവധി തവണ നാം കണ്ടിട്ടുണ്ട്.
എന്നാല്‍ അവിശ്വസിനീയമായ ഒരു സംഭവത്തിനാണ് ക്രിക്കറ്റ് ലോകം ഇപ്പോള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നത്. ഔട്ട് അല്ല എന്ന നൂറ് ശതമാനം ഉറപ്പുണ്ടായാലും ‘കിട്ടിയാല്‍ കിട്ടട്ടെ’ എന്ന രീതിയില്‍ ബൗളര്‍മാര്‍ അപ്പീല്‍ ചെയ്യുമ്പോഴും വിക്കറ്റ് വീണിട്ടും അപ്പീല്‍ ചെയ്യാന്‍ മറന്നുപോയ ബൗളറുടെ വീഡിയോ ആണ് ഇപ്പോള്‍ തരംഗമാവുന്നത്.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വുമണ്‍സ് നാഷണല്‍ ക്രിക്കറ്റ് ലീഗ് (ഡബ്ല്യു.എന്‍.സി.എല്‍)-ലാണ് സംഭവം. ക്യൂന്‍സ്‌ലാന്റും ടാന്‍സ്മാനിയയും തമ്മില്‍ നടന്ന മത്സരത്തിന്റെ 14ാം ഓവറിലാണ് രസകരമായ സംഭവം നടന്നത്.
ക്യൂന്‍സ്‌ലാന്റ് ബാറ്റര്‍ ജോര്‍ജിയ വോള്‍ അണ് ഔട്ടില്‍ നിന്നും രക്ഷപ്പെട്ടത്. ടാന്‍സ്മാനിയന്‍ ബൗളര്‍ എറിഞ്ഞ പന്ത് വിക്കറ്റില്‍ കൊള്ളുകയും ബെയ്ല്‍സ് താഴെ വീഴുകയും ചെയ്തു.
എന്നാല്‍ വിക്കറ്റ് കീപ്പറോ ബൗളറോ വിക്കറ്റിനായി അപ്പീല്‍ ചെയ്തില്ല. എന്നാല്‍ ഇതൊന്നും വകവെക്കാതെ വോള്‍ ബാറ്റിംഗ് തുടരുകയും ചെയ്തു.
ബെയ്ല്‍സ് താഴെ വീഴുന്നത് റീപ്ലേകളില്‍ വ്യക്തമായിരുന്നു. വിക്കറ്റ് നേടിയിട്ടും അപ്പീല്‍ ചെയ്യുകയോ ആഘോഷിക്കുകയോ ചെയ്യാത്ത ടാന്‍സ്മാനിയന്‍ കളിക്കാരെ കണ്ട് കമന്റേറ്റര്‍മാരും അത്ഭുതപ്പെട്ടിരിക്കുകയായിരുന്നു.
എന്നാല്‍ വോള്‍ അധികനേരം ക്രീസില്‍ തുടര്‍ന്നില്ല. അഞ്ച് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് വ്യക്തിഗത സ്‌കോര്‍ 31ല്‍ നില്‍ക്കുമ്പോള്‍ പുറത്താവുകയായിരുന്നു. ബാറ്റിംഗ് അവസാനിക്കുമ്പോള്‍ 223ന് 6 എന്ന നിലയിലായിരുന്നു ക്വീന്‍സ്‌ലാന്റ്.
വിജയലക്ഷ്യമായ 224 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ടാന്‍സ്മാനിയ എളുപ്പത്തില്‍ വിജയം നേടുകയായിരുന്നു.