| Tuesday, 26th August 2025, 7:24 am

പാകിസ്ഥാനല്ല, ഇന്ത്യയ്‌ക്കെതിരെ ഇവര്‍ തിളങ്ങും; തുറന്നടിച്ച് പാക് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ഏഷ്യന്‍ ക്രിക്കറ്റിന്റെ രാജാക്കാന്‍മാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ അവസാന വിജയം ആര്‍ക്കെന്നറിയാനാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. ഏഷ്യാ കപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം കിരീടം നേടിയ ഇന്ത്യ തന്നെയാണ് ഇത്തവണയും കപ്പുയര്‍ത്താന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന ടീം.

ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് വെല്ലുവിളിയാകാന്‍ പോകുന്ന ടീമിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ പാക് സൂപ്പര്‍ താരം ബാസിത് അലി. കഴിഞ്ഞ എഡിഷനിലെ ഫൈനലിസ്റ്റുകളായ ശ്രീലങ്കയെയാണ് ബാസിത് അലി തെരഞ്ഞെടുക്കുന്നത്.

‘അവര്‍ക്ക് മികച്ച സ്‌ക്വാഡാണുള്ളത്. എനിക്ക് തോന്നുന്നത് ഇന്ത്യയ്ക്ക് വെല്ലുവിളിയുയര്‍ത്താന്‍ പോന്ന ടാലന്റുകള്‍ ശ്രീലങ്കയ്ക്കുണ്ടെന്നാണ്,’ ബാസിത് അലി പറഞ്ഞു.

ഏഷ്യാ കപ്പില്‍ ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവുമധികം കിരീടം നേടിയ ടീമാണ് ശ്രീലങ്ക. ആറ് കിരീടങ്ങള്‍ ലങ്കന്‍ ലയണ്‍സിന്റെ പേരിലുണ്ട്. അഞ്ച് തവണ ഏകദിന ഫോര്‍മാറ്റിലും ഒരിക്കല്‍ ടി-20യിലുമാണ് ലങ്ക ഏഷ്യാ കപ്പ് വിജയിച്ചത്.

1986, 1997, 2004, 2008, 2014 എഡിഷനുകളിലാണ് ലങ്ക ഏകദിന ഫോര്‍മാറ്റില്‍ കിരീടം നേടിയത്. 2022ലായിരുന്നു ടി-20 ഫോര്‍മാറ്റില്‍ ലങ്കയുടെ വിജയം. അതായത്, ഏഷ്യാ കപ്പ് ഒടുവില്‍ ടി-20 ഫോര്‍മാറ്റില്‍ നടന്നപ്പോള്‍ വിജയം ലങ്കയ്ക്കായിരുന്നു എന്ന് സാരം. പാകിസ്ഥാനെ പരാജയപ്പെടുത്തിയാണ് ലങ്ക കിരീടമണിഞ്ഞത്.

അതേസമയം, ഇത്തവണത്തെ ഏഷ്യാ കപ്പില്‍ ഇന്ത്യയും ശ്രീലങ്കയും രണ്ട് ഗ്രൂപ്പുകളിലാണ് എന്നതിനാല്‍ തന്നെ സൂപ്പര്‍ ഫോറിലും ഫൈനലിലുമടക്കം രണ്ട് തവണയാണ് ഇരുവരും നേര്‍ക്കുനേര്‍ വരാന്‍ സാധ്യതയുള്ളത്.

കഴിഞ്ഞ തവണയും (2023) സമാനമായിരുന്നു ഏഷ്യാ കപ്പിലെ ഇന്ത്യ, ശ്രീലങ്ക മത്സരങ്ങള്‍. ഗ്രൂപ്പ് എ-യില്‍ നിന്നും ഇന്ത്യ ഒന്നാം സ്ഥാനക്കാരായി സൂപ്പര്‍ ഫോറിന് യോഗ്യത നേടിയപ്പോള്‍ ഗ്രൂപ്പ് ബി-യില്‍ നിന്നും ഒന്നാം സ്ഥാനക്കാരായി ശ്രീലങ്കയും അടുത്ത റൗണ്ടിന് ടിക്കറ്റെടുത്തു.

സൂപ്പര്‍ ഫോറില്‍ കളിച്ച മൂന്ന് മത്സരത്തില്‍ നിന്നും ഇരുവര്‍ക്കും രണ്ട് വിജയമാണ് നേടാന്‍ സാധിച്ചത്. ഇന്ത്യ പാകിസ്ഥാനെയും ശ്രീലങ്കയെയും പരാജയപ്പെടുത്തിയപ്പോള്‍ ബംഗ്ലാദേശിനോട് ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങി. അതേസമയം, ഇന്ത്യയോട് തോറ്റ ശ്രീലങ്കയാകട്ടെ, പാകിസ്ഥാനെയും ബംഗ്ലാദേശിനെയും പരാജയപ്പെടുത്തി ഫൈനലുറപ്പിച്ചു.

ശേഷം ഏഷ്യാ കപ്പ് ചരിത്രത്തിലെ ഏറ്റവും ഡോമിനേറ്റിങ് ഫൈനലിനാണ് കൊളംബോ സാക്ഷ്യം വഹിച്ചത്. സിറാജിന്റെ ആറ് വിക്കറ്റ് കരുത്തില്‍ ആതിഥേയരെ 50 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ പത്ത് വിക്കറ്റിന്റെ വിജയവും സ്വന്തമാക്കി.

സെപ്റ്റംബര്‍ 13നാണ് ശ്രീലങ്ക ഏഷ്യാ കപ്പില്‍ തങ്ങളുടെ ആദ്യ ഗ്രൂപ്പ് ഘട്ട മത്സരം കളിക്കുന്നത്. ബംഗ്ലാദേശാണ് എതിരാളികള്‍. സെപ്റ്റംബര്‍ 15ന് ഹോങ് കോങ്ങിനെയും 18ന് അഫ്ഗാനിസ്ഥാനെയും ലങ്കന്‍ ലയണ്‍സ് നേരിടും.

Content Highlight: Basit Ali says Sri Lanka will challenge India in Asia Cup

We use cookies to give you the best possible experience. Learn more