ഐ ലവ് യൂ എന്ന് ആ നടി പറഞ്ഞപ്പോള്‍ ലവ് യൂ ടൂ എന്നായിരുന്നു എന്റെ മറുപടി, ടെന്‍ഷന്‍ കാരണമാണ് അങ്ങനെ പറഞ്ഞത്: ബേസില്‍ ജോസഫ്
Malayalam Cinema
ഐ ലവ് യൂ എന്ന് ആ നടി പറഞ്ഞപ്പോള്‍ ലവ് യൂ ടൂ എന്നായിരുന്നു എന്റെ മറുപടി, ടെന്‍ഷന്‍ കാരണമാണ് അങ്ങനെ പറഞ്ഞത്: ബേസില്‍ ജോസഫ്
അമര്‍നാഥ് എം.
Wednesday, 25th February 2026, 8:36 am

ചുരുങ്ങിയ കാലം കൊണ്ട് സിനിമാലോകത്ത് സ്വയം അടയാളപ്പെടുത്തിയ നടനാണ് ബേസില്‍ ജോസഫ്. സംവിധായകനായി കരിയര്‍ ആരംഭിച്ച ബേസില്‍ ഇന്ന് അറിയപ്പെടുന്ന നടനാണ്. സഹനടനായാണ് കരിയര്‍ ആരംഭിച്ചതെങ്കിലും ഇന്ന് മിനിമം ഗ്യാരണ്ടിയുള്ള നായകനടനായി ബേസില്‍ മാറി. പൊന്മാനിലൂടെ കേരളത്തിന് പുറത്തും ബേസില്‍ ശ്രദ്ധേയനായി.

ബേസില്‍ ജോസഫ് Photo: Screen grab/ CineUlagam

കഴിഞ്ഞദിവസം ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ സംഘടിപ്പിച്ച അവാര്‍ഡ് ചടങ്ങില്‍ ബേസിലിനും പുരസ്‌കാരം ലഭിച്ചിരുന്നു. പൊന്മാനിലെ പ്രകടനത്തിനാണ് ബേസില്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. ഇന്ത്യന്‍ സിനിമയിലെ പല വമ്പന്‍ താരങ്ങളും സംവിധായകരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. അവാര്‍ഡ് സ്വീകരിച്ച ശേഷം ബേസില്‍ നടത്തിയ പ്രസംഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

ബോളിവുഡിലെ മുന്‍നിര സംവിധായകരായ രാജ്കുമാര്‍ ഹിരാനിയും വിധു വിനോദ് ചോപ്രയും ചേര്‍ന്നാണ് ബേസിലിന് പുരസ്‌കാരം നല്‍കിയത്. രണ്ട് ഗംഭീര സംവിധായകരുടെ കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങാന്‍ സാധിച്ചതില്‍ താന്‍ വളരെ സന്തോഷവാനാണെന്ന് ബേസില്‍ പറഞ്ഞു. ഇത് സര്‍റിയല്‍ എക്‌സ്പീരിയന്‍സാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

ബേസില്‍ ജോസഫ് Photo: Screen grab/ Hollywood Reporter India

‘സത്യം പറഞ്ഞാല്‍ ഇത്രയും വലിയൊരു വേദിയിലേക്ക് വരുമ്പോള്‍ നല്ല ടെന്‍ഷനുണ്ടായിരുന്നു. ഇവര്‍ എനിക്ക് തന്ന ഈ കോസ്റ്റിയൂം എന്റെ ടെന്‍ഷന്‍ ഇരട്ടിയാക്കി. ഇത്തരം കോസ്റ്റിയൂമൊന്നും ഞാന്‍ ഇടാറില്ല. അപ്പോള്‍ ഈ കോസ്റ്റിയൂമും ധരിച്ച് ഇങ്ങോട്ട് വരുമ്പോള്‍ എല്ലാവരും എന്താകും പറയുക എന്ന് ഒരുപാട് ചിന്തിച്ചു. കാണാന്‍ നന്നായിട്ടുണ്ടെന്നാകും പലരും പറയുക എന്ന് വിചാരിച്ചു.

‘ബേസില്‍, നിങ്ങളെ കാണാന്‍ നന്നായിട്ടുണ്ട്’ എന്ന് ആരെങ്കിലും പറയുമ്പോള്‍ ‘യൂ ആര്‍ ലുക്കിങ് സോ ഗുഡ് ടൂ’ എന്ന് തിരിച്ച് പറയണമെന്ന് തീരുമാനിച്ചു. ഇക്കാര്യം തന്നെയായിരുന്നു മനസില്‍ പറഞ്ഞുകൊണ്ടിരുന്നത്. ഈ ഹാളിലേക്ക് കയറിവന്നപ്പോള്‍ ഒരു നടി എന്നെ കണ്ടതും ‘ബേസില്‍ ഐ ലവ് യൂ’ എന്ന് പറഞ്ഞു. കേട്ട പാതി ഞാന്‍ ഐ ലവ് യൂ ടൂ എന്നായിരുന്നു മറുപടി നല്‍കിയത്. പിന്നീട് അത് തിരുത്തി താങ്ക് യൂ എന്ന് പറഞ്ഞു. അത്രക്ക് നെര്‍വസായാണ് ഞാന്‍ ഇവിടേക്ക് വന്നത്,’ ബേസില്‍ പറഞ്ഞു.

ബേസില്‍ ജോസഫ് Photo: Screen grab/ Hollywood Reporter India

സംവിധാനത്തിലൂടെയാണ് താന്‍ കരിയര്‍ ആരംഭിച്ചതെന്നും ഇപ്പോള്‍ അഭിനയത്തിന്റെ പേരിലാണ് പലരും തന്നെ പ്രശംസിക്കുന്നതെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു. ഈ അംഗീകാരത്തിന് താന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് സംവിധായകന്‍ ജ്യോതിഷ് ശങ്കറിനോടാണെന്നും താരം പറഞ്ഞു. രാജ്കുമാര്‍ ഹിരാനിയെക്കുറിച്ച് ബേസില്‍ പറഞ്ഞ വാക്കുകളും വേദിയില്‍ ചിരി പടര്‍ത്തി.

‘രാജ്കുമാര്‍ ഹിരാനി സാര്‍, സാറിന്റെ സിനിമകളെല്ലാം എന്നെ ഇന്‍സ്പയര്‍ ചെയ്തിട്ടുണ്ട്. ഞാന്‍ സംവിധാനം ചെയ്ത പടങ്ങളൊക്കെ കോമഡി ഴോണറിലുള്ളതായിരുന്നു. സാറിന്റെ പഴയ ഒരു ഇന്റര്‍വ്യൂ ഉണ്ടല്ലോ, ഒരു യൂട്യൂബ് ചാനലിന് കൊടുത്തത്. താങ്കളുടെ ഓഫീസൊക്കെ കാണിച്ച ഒരു ഇന്റര്‍വ്യൂ ആയിരുന്നു അത്. ആ ഇന്റര്‍വ്യൂവിനിടെ ചുവരില്‍ ഒരുപാട് കാര്യങ്ങള്‍ എഴുതിവെച്ചത് ഞാന്‍ ശ്രദ്ധിച്ചിരുന്നു.

പൊന്മാന്‍ Photo: Jio Hotstar

അതിലൊരു ഡയലോഗുണ്ടായിരുന്നു. എല്ലാ സീനിലും മൂന്ന് കാര്യങ്ങള്‍ നിര്‍ബന്ധമാണ്. എല്‍.എസ്.ഡി എന്നോ മറ്റോ ആണ്. സോറി, എല്‍.സി.ഡി. അത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്,’ ബേസില്‍ പറയുന്നു. എല്‍.എസ്.ഡി എന്ന് ബേസില്‍ പറഞ്ഞപ്പോള്‍ വിക്കി കൗശല്‍ അടക്കം സകലരും ചിരിക്കുന്നതും വീഡിയോയില്‍ കാണാനാകും. വന്‍ താരങ്ങള്‍ അണിനിരന്ന ഷോയില്‍ ബേസില്‍ തന്നെയായിരുന്നു സംസാരവിഷയം.

Content Highlight: Basil’s speech at Hollywood Reporter India award show became viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം