മലയാള സിനിമാപ്രേമികളും തെലുങ്ക് സിനിമാ ആരാധകരും ഒരുപോലെ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു ചോദ്യമാണ് ബേസിൽ ജോസഫും തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻയും ഒന്നിക്കുന്ന ഒരു പാൻ-ഇന്ത്യൻ ചിത്രം ഉണ്ടാകുമോ എന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതുസംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അതിനെക്കുറിച്ച് വ്യക്തത വരുത്തിയിരിക്കുകയാണ് ബേസിൽ ജോസഫ്.
തെലുങ്ക് താരം അല്ലു അർജുന്റെ സഹോദരനായ അല്ലു സിരീഷിന്റെ വിവാഹചടങ്ങിൽ ബേസിൽ ജോസഫ് അതിഥിയായി പങ്കെടുത്തതോടെയാണ് പുതിയ ചർച്ചകൾക്ക് തുടക്കമായത്.
ചടങ്ങിൽ ബേസിലിന്റെ സാന്നിധ്യം ശ്രദ്ധ നേടിയതോടെ ഇരുവരും ഒരുമിച്ച് ഒരു വലിയ സിനിമയ്ക്ക് തയ്യാറെടുക്കുകയാണെന്ന തരത്തിൽ വിവിധ റിപ്പോർട്ടുകൾ പുറത്തുവന്നു.
മലയാളത്തിലും തെലുങ്കിലും ഉൾപ്പെടെ സിനിമാ ഗ്രൂപ്പുകളിലും ഫാൻ പേജുകളിലും വാർത്ത വലിയ രീതിയിൽ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ‘അതിരടി’യുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന ‘ചാറ്റ് വിത്ത് ഭക്തൻ’ എന്ന പരിപാടിയിലാണ് ബേസിൽ ഈ വിഷയത്തിൽ പ്രതികരിച്ചത്.
‘അല്ലു അർജുനെ വച്ച് സിനിമയെടുക്കാൻ പോകുന്നുണ്ടോ?’ എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു ബേസിലിന്റെ മറുപടി.
‘അല്ലു അർജുനുമായി ബന്ധപ്പെട്ടൊരു സിനിമയും ഇപ്പോൾ ഉറപ്പായിട്ടില്ല. എന്തെങ്കിലും നടക്കുമ്പോൾ അപ്പോൾ പറയാം. നടന്നിട്ടേ ഞാൻ പറയുകയുള്ളൂ. മുമ്പും ഹിന്ദിയിലൊക്കെ ചില പദ്ധതികൾ വന്നിരുന്നു, പക്ഷേ ഒന്നും നടന്നില്ല. അതുകൊണ്ട് ഇനി എന്തെങ്കിലും ഉറപ്പായാൽ മാത്രമേ പറയാൻ കഴിയൂ.
അല്ലു അർജുനോ, രൺവീർ സിങ്ങോ, രജനികാന്തോ, കമൽ ഹാസനോ ആരായാലും അങ്ങനെ തന്നെയാണ്,’ എന്നാണ് ബേസിൽ ജോസഫ് പ്രതികരിച്ചത്.
ബേസിൽ ജോസഫ്, Photo: IMDb
അതേസമയം, ഈ ചിത്രം നിർമിക്കുന്നത് അല്ലു അർജുന്റെ കുടുംബ ബാനറായ ഗീത ആർട്സ് ആയിരിക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.
കൂടാതെ, ചിത്രം ഒരു വലിയ പാൻ-ഇന്ത്യൻ സൂപ്പർഹീറോ സിനിമയായിരിക്കുമെന്നും, ഇന്ത്യൻ മിത്തുകളുമായി ബന്ധിപ്പിച്ചുള്ള കഥാപശ്ചാത്തലമായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മലയാള സിനിമയിൽ വ്യത്യസ്ത കഥാപറച്ചിലിലൂടെ ശ്രദ്ധ നേടിയ ബേസിൽ ജോസഫും, പാൻ-ഇന്ത്യൻ സ്റ്റാർ അല്ലു അർജുനും ഒന്നിച്ചാൽ അത് ഇന്ത്യൻ സിനിമയിൽ വലിയ തരംഗം സൃഷ്ട്ടിക്കുമെന്നതിൽ സംശയമില്ല.
Content Highlight: Basil Joseph talks about the film starring Allu Arjun
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.