മലയാളികളുടെ പ്രിയ താരമാണ് ബേസിൽ ജോസഫ്. അതുപോലെ തന്നെ മലയാളികളുടെ അഭിമാനമായ, ഇന്ത്യയുടെ അഭിമാനമായി മാറിയ ഒരു താരമാണ് സഞ്ജു സാംസണും. പ്രൊഫഷണലി രണ്ടുദിശകളിലാണെങ്കിലും ഇരുവരുടെയും സൗഹൃദവും മലയാളി പ്രേക്ഷകർ ഏറ്റെടുത്ത ഒന്നാണ്. ആ ബന്ധം എന്നും നില നിർത്തുന്ന വ്യക്തികൾ കൂടിയാണ് സഞ്ജുവും ബേസിലും.
കഴിഞ്ഞ ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ പ്രധാന താരമായിരുന്നു സഞ്ജു. ഭാഷയുടേയും ദേശത്തിന്റേയും അതിരുകൾ മായ്ച്ച് സോഷ്യൽ മീഡിയയിലെങ്ങും സഞ്ജുവിനെ വാഴ്ത്തുകയായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായാണ് ടി-20 ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് ഇന്ത്യയെ നയിച്ച സഞ്ജുവിന്റെ ഇന്നിങ്‌സ് വിലയിരുത്തപ്പെടുന്നത്.
സഞ്ജുവിന്റെ ഈ തിരിച്ചുവരവ് ബേസിൽ ജോസഫും ആഘോഷമാക്കിയിരുന്നു. സഞ്ജുവിന്റെ വിജയം കാണുമ്പോൾ മലയാളിക്കുണ്ടാകുന്നതിന്റെ പത്തിരട്ടി സന്തോഷമുണ്ട് തനിക്കെന്നും ബേസിൽ പറഞ്ഞിരുന്നു. ഇത് സഞ്ജുവിന്റെ സമയമാണ്. ഇനിയങ്ങോട്ട് ഈ വിജയത്തിൽ നിന്ന് ലഭിക്കുന്ന ആത്മവിശ്വാസം അദ്ദേഹത്തിന്റെ കരിയറിനെ തന്നെ മറ്റൊരു തലത്തിലേക്ക് മാറ്റുമെന്നും ബേസിൽ പറഞ്ഞിരുന്നു.
ഇപ്പോളിതാ, സഞ്ജുവുമായുള്ള സൗഹൃദം എങ്ങനെയാണ് തുടങ്ങിയതെന്ന് പറഞ്ഞ ഒരു ഇന്റർവ്യൂയാണ് ആരാധകർ ഉറ്റുനോക്കുന്നത്. റെഡ്.എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് താരം അവരുടെ സൗഹൃദ കഥകൾ പങ്കുവെച്ചത്.
‘ഗോദ കഴിഞ്ഞപ്പോൾ തന്നെ സഞ്ജുവുമായി കണക്ഷൻ ഉണ്ടായിരുന്നു. ആ സമയത്ത് ഒരു ദിവസം എയർപോർട്ടിൽ വെച്ചാണ് പുള്ളിയെ മീറ്റ് ചെയ്യുന്നത്. അങ്ങനെ അവിടെ വെച്ച് കണ്ട് സംസാരിച്ച് നമ്പർ കിട്ടി, പിന്നെ ഇടക്കിടക്ക് മെസേജ് ഒക്കെ അയക്കും കളി തുടങ്ങുമ്പോഴും കളി കഴിയുമ്പോഴും എല്ലാം.
എനിക്കെപ്പോഴും പുള്ളിയുടെ സ്റ്റൈൽ ഇഷ്ടമാണ്, പിന്നെ മലയാളി എന്നൊരു സ്നേഹവുമുണ്ട്. എപ്പോൾ പുള്ളി ബാറ്റ് ചെയ്യാൻ വരുമ്പോഴും ടെൻഷൻ ആണ് എന്താവും എന്നോർത്ത്… ഔട്ട് ആവല്ലേ എന്ന് പ്രാർത്ഥിച്ച് ടെൻഷൻ അടിച്ച് കാണും സഞ്ജുവിന്റെ കളികളൊക്കെ.
പിന്നെ പുള്ളിക്കും സിനിമകളൊക്കെ ഇഷ്ടമാണ്, എന്റെ സിനിമകളും ഇഷ്ടമാണ്. ഗോദ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞിരുന്നു. പടയോട്ടത്തിലെ എന്റെ കഥാപാത്രവും സഞ്ജുവിന് ഭയങ്കര ഇഷ്ടമാണ്. വെറുതെ ഫോൺ ഒക്കെ വിളിക്കുമ്പോൾ പടയോട്ടത്തിലെ എന്റെ കഥാപാത്രം സംസാരിക്കുന്നതുപോലെ ‘എവിടെത്തി… എന്തായി’ എന്നൊക്കെ ചോദിക്കും.
പിന്നെ ഞങ്ങൾ രണ്ടുപേരും കൂടിയുള്ള ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നല്ലോ, അപ്പോൾ കുറേ കൂടി ഡീറ്റൈൽ ആയി സംസാരിച്ചു. അപ്പോഴാണ് രണ്ടുപേരും രണ്ട് ഇൻഡസ്ട്രിയാണെങ്കിലും രണ്ടുപേർക്കും കോമൺ ആയിട്ടുള്ള കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞത്,’ ബേസിൽ പറഞ്ഞു.
രണ്ടുപേരും മലയാളത്തിന്റെ അഭിമാനങ്ങൾ. ഒരാൾ സംവിധായകനും നടനുമായി ദേശീയ തലത്തിലും ഇന്ത്യക്ക് പുറത്തുമെല്ലാം കേരളത്തിന്റെ പേര് എത്തിക്കുന്ന വ്യക്തി. മറ്റൊരാൾ ലോകകപ്പിൽ ഇന്ത്യൻ കുപ്പായം അണിഞ്ഞ് മലയാളിയുടെ ‘ഇന്ത്യ’ എന്ന വികാരത്തെ ലോകം മുഴുവൻ അറിയിച്ചുകൊണ്ടിരിക്കുന്ന താരം. ഇരുവരുടെയും സൗഹൃദം അധികം ചർച്ചയായിട്ടില്ലെങ്കിലും വളരെ അടുത്ത ബന്ധമാണ് ഇവർ പങ്കിടുന്നതെന്നാണ് ആരാധകർ പറയുന്നത്.
സഞ്ജു ബാറ്റ് ചെയ്യാൻ എത്തുമ്പോഴൊക്കെ ബേസിൽ പറഞ്ഞ അതേ പേടിയും ടെൻഷനും തന്നെയാണ് എല്ലാ മലയാളികൾക്കും. അതുകൊണ്ട് തന്നെ ബേസിലിന്റെ വാക്കുകൾ പലർക്കും റിലേറ്റ് ചെയ്യാൻ കഴിഞ്ഞെന്നും ഇന്ത്യയെ പാറപോലെ ഉറച്ച് നിന്ന് വിജയത്തിലേക്ക് നയിച്ച സഞ്ജുവിന് തുടർന്നുള്ള മത്സരങ്ങളിലും ഇത്തരം പ്രകടനങ്ങൾ ആവർത്തിക്കാൻ കഴിയട്ടെയെന്ന പ്രതീക്ഷയിലാണ് കേരളമെന്നും ആരാധകർ പങ്കുവെക്കുന്നു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.