| Monday, 10th February 2025, 4:01 pm

കോളേജ് കലോത്സവത്തിന് കഥാപ്രസംഗത്തിന് പേര് കൊടുത്ത ഞാന്‍ ആ സൂര്യ ചിത്രത്തിന്റെ കഥയാണ് സ്റ്റേജില്‍ പറഞ്ഞത്: ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റായി സിനിമയിലേക്ക് കടന്നുവന്നയാളാണ് ബേസില്‍ ജോസഫ്. 2015ല്‍ റിലീസായ കുഞ്ഞിരാമായണത്തിലൂടെയാണ് ബേസില്‍ സ്വതന്ത്രസംവിധായകനായത്. തുടര്‍ന്ന് ഗോദ എന്ന സ്പോര്‍ട്സ് കോമഡി ചിത്രം ഒരുക്കിയ ബേസില്‍ മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധേയനായി. സംവിധാനത്തിന് പുറമെ അഭിനയത്തിലും ബേസില്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

കോളേജ് കാലഘട്ടത്തിലെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ബേസില്‍ ജോസഫ്. സോണല്‍ കലോത്സവത്തിന് മറ്റുള്ള കോളേജുകളെ എങ്ങനെയെങ്കിലും തോല്‍പ്പിക്കാനും സ്വന്തം കോളേജിനെ മുന്നിലെത്തിക്കാനും പല പരിപാടികളും ചെയ്തിട്ടുണ്ടെന്ന് ബേസില്‍ പറഞ്ഞു. ഒരു തവണ കോളേജിന് ഫസ്റ്റ് കിട്ടാനുള്ള എന്തെങ്കിലും പരിപാടി ഉണ്ടോ എന്ന് നോക്കിയെന്നും കഥാപ്രസംഗത്തിന് രണ്ട് കോളേജുകള്‍ മാത്രമേ പേര് നല്‍കിയിട്ടുള്ളൂവെന്ന് കണ്ടെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു.

മൂന്നാം സ്ഥാനമെങ്കിലും കിട്ടുമല്ലോ എന്ന ചിന്തയില്‍ അതിന് പേര് കൊടുത്തെന്നും താന്‍ അത് ചെയ്യാന്‍ തീരുമാനിച്ചെന്നും ബേസില്‍ ജോസഫ് പറഞ്ഞു. തൊട്ടുമുമ്പ് ചെയ്ത കോളേജ് കാരുടെ തബലക്കാരനെയും മറ്റ് ഇന്‍സ്ട്രുമെന്റ് കാരെയും താന്‍ കൂടെ കൂട്ടിയെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കഥാപ്രസംഗത്തിന് വേണ്ട കഥ തന്റെ കൈയില്‍ ഇല്ലായിരുന്നെന്നും ബേസില്‍ പറഞ്ഞു.

സ്റ്റേജില്‍ കയറി സൂര്യയുടെ വാരണം ആയിരത്തിന്റെ കഥ പറഞ്ഞെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു. നായകന്‍ ട്രെയിനില്‍ പോകുന്ന സമയത്ത് ഒരു പെണ്‍കുട്ടിയെ കണ്ടെന്നും അപ്പോള്‍ അയാളുടെ മനസില്‍ പാട്ട് വന്നെന്ന് പറഞ്ഞ് ആ സിനിമയിലെ പാട്ട് പാടിയെന്നും ബേസില്‍ പറഞ്ഞു. മൂന്നാം സ്ഥാനമെങ്കിലും കിട്ടുമല്ലോ എന്ന ചിന്തയിലാണ് അതൊക്കെ ചെയ്തതെന്നും ഇന്ന് അതെല്ലാം നല്ല ഓര്‍മകളായിരുന്നെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ബേസില്‍ ജോസഫ്.

‘സോണല്‍ കലോത്സവത്തിന് കോളേജിനെ ജയിപ്പിക്കാന്‍ പല പരിപാടിയും നോക്കിയിട്ടുണ്ട്. മറ്റുള്ള കോളേജിനെക്കാള്‍ സ്വന്തം കോളേജിന് കൂടുതല്‍ പോയിന്റ് കിട്ടണമെന്ന് മാത്രമേ ആ സമയത്ത് ചിന്തിക്കുള്ളൂ. അങ്ങനെ ഒരു കലോത്സവത്തിന് കഥാപ്രസംഗമൊക്കെ ഞാന്‍ ചെയ്തിട്ടുണ്ട്. അത നല്ല രസമായിരുന്നു. കോര്‍ഡിനേറ്ററുമായി സംസാരിച്ചപ്പോള്‍ കഥാപ്രസംഗത്തിന് ആകെ രണ്ട് കോളേജ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അപ്പോള്‍ ഞങ്ങളുടെ കോളേജും പേര് കൊടുത്തു. മൂന്നാം സ്ഥാനമെങ്കിലും കിട്ടുമല്ലോ. ആര് അവതരിപ്പിക്കുമെന്ന ചോദ്യം വന്നപ്പോള്‍ അത് ഞാന്‍ ഏറ്റെടുത്തു. ഞങ്ങളുടെ കോളേജിന് തൊട്ടുമുമ്പ് കേറിയ കോളേജിന്റെ തബലയെയും മറ്റ് ഇന്‍സ്ട്രുമെന്റ്‌സിനെയും പിടിച്ച് ഞങ്ങളുടെ പരിപാടിക്കും വരാന്‍ പറഞ്ഞു. അവിടെ വന്ന ചുമ്മാ ഇരുന്നാല്‍ മതിയെന്നും അവരോട് പറഞ്ഞു.

സ്റ്റേജില്‍ കേറിയിട്ട് വാരണം ആയിരത്തിന്റെ കഥയായിരുന്നു പറഞ്ഞത്. ‘നായകന്‍ ട്രെയിനില്‍ പോകുമ്പോള്‍ നായികയെ കണ്ടുമുട്ടുന്നു. അപ്പോള്‍ അവന്റെയുള്ളില്‍ ഒരു പാട്ട് വരുന്നു എന്ന് പറഞ്ഞ് നെഞ്ചുക്കുള്‍ പെയ്തിടും’ എന്ന പാട്ടൊക്കെ പാടി. മൂന്നാം സ്ഥാനമെങ്കിലും കിട്ടാന്‍ വേണ്ടിയായിരുന്നു അതൊക്കെ’ ബേസില്‍ ജോസഫ് പറഞ്ഞു.

Content Highlight: Basil Joseph shares the memories of his College Life

We use cookies to give you the best possible experience. Learn more