| Wednesday, 29th January 2025, 3:58 pm

സൂക്ഷ്മദര്‍ശിനി കണ്ടിട്ട് ആ അമ്മച്ചി പറഞ്ഞ കമന്റ് കേട്ട് ഞാന്‍ ഞെട്ടിപ്പോയി: ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2024ലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു സൂക്ഷ്മദര്‍ശിനി. ബേസില്‍ ജോസഫ്- നസ്രിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.സി. ജിതിന്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. കോമഡി- മിസ്റ്ററി ത്രില്ലര്‍ ഴോണറില്‍ ഒരുങ്ങിയ ചിത്രം അടുത്തിടെ ഒ.ടി.ടി റിലീസ് ചെയ്തിരുന്നു. കേരളത്തിന് പുറത്ത് നിന്നും ചിത്രത്തിന് മികച്ച പ്രതികരണം ഒ.ടി.ടി റിലീസിന് ശേഷം ലഭിച്ചിരുന്നു.

ചിത്രത്തിന്റെ റിലീസിന് ശേഷം ഒരുപാട് പേര്‍ സിനിമയെക്കുറിച്ചും തന്റെ പ്രകടനത്തെക്കുറിച്ചും മികച്ച അഭിപ്രായങ്ങള്‍ പങ്കുവെച്ചെന്ന് പറയുകയാണ് ബേസില്‍ ജോസഫ്. തന്റെ കഥാപാത്രത്തെക്കുറിച്ച് അധികം ആരും പറയാത്ത ഒരു കമന്റ് പങ്കുവെക്കുകയാണ് ബേസില്‍ ജോസഫ്. സിനിമ കണ്ട ഒരു സ്ത്രീ തന്റെ കഥാപാത്രം എല്ലാം ചെയ്തത് അമ്മക്ക് വേണ്ടിയാണെന്ന് പറഞ്ഞ് നിസാരവത്കരിച്ചെന്ന് ബേസില്‍ പറഞ്ഞു.

വളരെ കാഷ്വലായിട്ടാണ് അവര്‍ അത് പറഞ്ഞതെന്നും താന്‍ അത് കേട്ട് ഞെട്ടിയെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു. ഒരാളെ കൊന്ന് ആസിഡിലിട്ട് ഉരുക്കുകയും മറ്റൊരാളെ കൊല്ലാന്‍ നോക്കുകയും ചെയ്ത കഥാപാത്രമാണ് തന്റേതെന്നും ബേസില്‍ പറഞ്ഞു. എന്നാല്‍ അതെല്ലാം ചെയ്തത് അമ്മ പറഞ്ഞിട്ടല്ലേയെന്നും വേറെ കുഴപ്പമില്ലെന്ന് പറഞ്ഞെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു.

അല്ലാതെ തന്നെക്കൊണ്ട് അതിനൊന്നും പറ്റില്ലെന്നും പാവത്താന്‍ ഇമേജില്‍ കുടുങ്ങിക്കിടക്കുകയാണ് താനെന്നും ബേസില്‍ പറഞ്ഞു. അത്തരം ഇമേജില്‍ മാത്രം നില്‍ക്കുന്നത് ഒരുതരത്തില്‍ നല്ല കാര്യമാണെന്നും എന്നാല്‍ അത് തകര്‍ക്കാന്‍ താന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു. പ്രാവിന്‍കൂട് ഷാപ്പ്, സൂക്ഷ്മദര്‍ശിനി, പൊന്മാന്‍ എന്നീ സിനിമകള്‍ അതിനുള്ള ശ്രമമാണെന്നും ബേസില്‍ ജോസഫ് പറഞ്ഞു. മീഡിയവണ്ണിനോട് സംസാരിക്കുകയായിരുന്നു ബേസില്‍ ജോസഫ്.

‘സൂക്ഷ്മദര്‍ശിനി കണ്ടിട്ട് ഒരു അമ്മച്ചി പറഞ്ഞത് ‘ഒന്നുമല്ലെങ്കിലും അവന്റെ അമ്മക്ക് വേണ്ടിയിട്ടല്ലേടാ’ എന്നായിരുന്നു. ഞാന്‍ അത് കേട്ട് ഞെട്ടിപ്പോയി. ഒരാളെ കൊന്നിട്ട് ആസിഡിലിട്ട് ഉരുക്കിയ ആളാണ് ആ ക്യാരക്ടര്‍. അമ്മ പറഞ്ഞിട്ടാണ് അത് ചെയ്തതെന്ന് പറഞ്ഞ് നിസാരവത്കരിച്ചിരിക്കുകയാണ്. ‘അമ്മക്ക് വേണ്ടിയിട്ടല്ലേ, സാരമില്ല’ എന്ന് പറഞ്ഞ് അതിനെ കാഷ്വലായി കണ്ടു.

‘അവനെക്കൊണ്ട് അതിനൊന്നും പറ്റില്ല, അവന്‍ അങ്ങനെയുള്ള ആളൊന്നും അല്ല’ എന്നും അവര്‍ പറഞ്ഞു. അത്തരം ഇമേജാണ് പലരുടെയും മുന്നില്‍ എനിക്കുള്ളത്. അത്തരം ഇമേജ് കിട്ടുന്നത് നല്ല കാര്യമാണ്. പക്ഷേ, അതില്‍ തന്നെ കുടുങ്ങികിടക്കാന്‍ എനിക്ക് ആഗ്രഹമില്ല. അതില്‍ നിന്ന് പുറത്തുവരാനുള്ള ശ്രമമാണ് പ്രാവിന്‍കൂടും സൂക്ഷ്മദര്‍ശിനിയും പൊന്മാനും ഒക്കെ ചെയ്യുന്നത്. എന്നെക്കൊണ്ട് പറ്റുന്ന രീതിയില്‍ ഈ സിനിമയിലൊക്കെ ഞാന്‍ ശ്രമിക്കുന്നുമുണ്ട്,’ ബേസില്‍ ജോസഫ് പറയുന്നു.

Content Highlight: Basil Joseph shares a comment he heard after Sookshmadarshini movie

We use cookies to give you the best possible experience. Learn more