ടി20 ലോകകപ്പ് കിരീടം ഇന്ത്യ നിലനിര്‍ത്തിയതിന് പിന്നാലെ ആരാധകര്‍ ആവേശത്തിന്റെ കൊടുമുടിയിലാണ്. മലയാളി താരം സഞ്ജുവിന്റെ ചിറകിലേറിയാണ് ഇന്ത്യ വിശ്വകിരീടത്തില്‍ മുത്തമിട്ടത്. ഫൈനല്‍ കാണാന്‍ സിനിമാ- കായിക മേഖലയിലെ പല വമ്പന്മാരും സ്റ്റേഡിയത്തിലെത്തിയിരുന്നു. നടനും സംവിധായകനുമായ ബേസിലിന്റെ സാന്നിധ്യമായിരുന്നു മലയാളികള്‍ക്കിടയിലെ ചര്‍ച്ച.

സഞ്ജുവിന്റെ ജേഴ്‌സി ധരിച്ചാണ് ബേസില്‍ ഫൈനല്‍ കണ്ടത്. ഫൈനല്‍ ദിവസം ബേസിലിന്റേതായി പുറത്തുവന്ന റീലുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി. സുഹൃത്തും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുമായ നിഹാലിനൊപ്പമാണ് ബേസില്‍ ഫൈനല്‍ കാണാനെത്തിയത്. സ്‌റ്റേഡിയത്തിലേക്ക് കയറുന്നതിന് മുമ്പ് നിഹാല്‍ പങ്കുവെച്ച റീലാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.

റീലിന്റെ കമന്റ് ബോക്‌സില്‍ നിറഞ്ഞുനില്‍ക്കുന്നത് ഹാഷിറാണ്. അതിനൊരു കാരണവുമുണ്ട്. നിഹാലിനൊപ്പം സ്റ്റേഡിയത്തിലേക്ക് കയറുന്നതിന് മുമ്പ് ബേസില്‍ വഴിയരികില്‍ നിന്നായിരുന്നു ജേഴ്‌സി വാങ്ങിയത്. എന്നാല്‍ ജേഴ്‌സി വില്‍ക്കുന്നയാള്‍ക്ക് ഹാഷിറിന്റെ ഛായയായിരുന്നു. റീല്‍ കണ്ട 90 ശതമാനം ആളുകളും അത് ഹാഷിറാണെന്ന് തന്നെയായിരുന്നു കരുതിയത്.

ഹാഷിറിനെ മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് ഭൂരിഭാഗം കമന്റുകളും. റീല്‍ തൂക്കിയത് ബേസിലാണെങ്കിലും കമന്റ് ബോക്‌സ് ഹാഷിര്‍ തൂക്കിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ജേഴ്‌സി വില്‍ക്കുന്നയാള്‍ മാത്രമല്ല, റീലിന്റെ അവസാനത്തില്‍ കൊടി വില്‍ക്കുന്ന വയസായ ആളെയും പലരും കമന്റുകളില്‍ എടുത്തുപറയുന്നുണ്ട്. അപാര സ്വാഗാണ് അദ്ദേഹത്തിനെന്ന് പലരും അഭിപ്രായപ്പെടുന്നു.

ഇതിന് പുറമെ നിഹാല്‍ പങ്കുവെച്ച മറ്റൊരു റീലും വൈറലായി. മാച്ചിനിടെ സഞ്ജുവിന്റെ ബാറ്റിങ്ങില്‍ ബേസില്‍ നടത്തിയ പ്രവചനത്തിന്റെ റീലാണ് വൈറലായത്. സഞ്ജു ബാറ്റ് ചെയ്യുന്നതിനിടയില്‍ അടുത്ത പന്ത് സിക്‌സറടിക്കുമെന്ന് ബേസില്‍ പ്രവചിച്ചു. പറഞ്ഞതുപോലെ സഞ്ജു സിക്‌സറടിക്കുകയും ‘ഇതൊക്കെയെന്ത്’ എന്ന ഭാവത്തില്‍ ബേസില്‍ നില്‍ക്കുകയും ചെയ്യുന്നിടത്താണ് റീല്‍ അവസാനിക്കുന്നത്.

സഞ്ജു സാംസണ്‍ ഫാന്‍സ്, കേരള ഘടകത്തിന്റെ പ്രസിഡന്റാണ് താനെന്ന് ബേസില്‍ റീലില്‍ പറയുന്നുണ്ട്. സഞ്ജുവും ബേസിലും തമ്മിലുള്ള സൗഹൃദം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. തിരിച്ച് നാട്ടിലെത്തിയ ശേഷം ഇരുവരും തമ്മില്‍ ഒരു അഭിമുഖമുണ്ടായേക്കുമെന്നും പലരും കരുതുന്നു. സഞ്ജു, ബേസില്‍ കോമ്പോ ഒരിക്കല്‍ കൂടി കാത്തിരിക്കുകയാണ് ആരാധകര്‍.