| Sunday, 13th April 2025, 8:01 am

എനിക്കും ലാലേട്ടനും ഡേറ്റില്ല, സംവിധാനം ചെയ്യുന്ന അടുത്ത സിനിമ അതിന്റെ സമയമാകുമ്പോള്‍ അറിയിക്കും: ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട ചോയ്സായി മാറിയ നടനാണ് ബേസില്‍ ജോസഫ്. വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റായി സിനിമാലോകത്തേക്കെത്തിയ ബേസില്‍ കുഞ്ഞിരാമായണത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായത്. ഗോദ, മിന്നല്‍ മുരളി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബേസില്‍ ഇന്ന് കേരളത്തിന് പുറത്തും നടന്‍ എന്ന നിലയില്‍ അറിയപ്പെടുന്നു.

മിന്നല്‍ മുരളിക്ക് ശേഷം ബേസില്‍ ജോസഫ് എന്ന സംവിധായകനെ പിന്നീട് സിനിമാപ്രേമികള്‍ക്ക് കാണാന്‍ സാധിച്ചിട്ടില്ല. അഭിനയത്തില്‍ ശ്രദ്ധ നല്‍കിയ ബേസിലിന്റെ അടുത്ത സംവിധാന സംരംഭം ഏതായിരിക്കുമെന്ന് പല തരത്തിലുള്ള റൂമറുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മോഹന്‍ലാല്‍, മമ്മൂട്ടി എന്ന് തുടങ്ങി തമിഴ് താരം സൂര്യയുടെ പേര് വരെ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

അടുത്ത സിനിമ മോഹന്‍ലാല്‍ നായകനാകുമോ എന്നുള്ള റൂമറുകളോട് പ്രതികരിക്കുകയാണ് ബേസില്‍ ജോസഫ്. മോഹന്‍ലാലിനെ നായകനാക്കിയുള്ള പ്രൊജക്ടിന് തനിക്കും മോഹന്‍ലാലിനും ഡേറ്റില്ലെന്ന് തമാശരൂപേണ ബേസില്‍ മറുപടി നല്‍കി. തന്റെ അടുത്ത സംവിധാന സംരംഭം ഏതായിരിക്കുമെന്നുള്ളത് അതിന്റെ സമയമാകുമ്പോള്‍ അറിയിക്കുന്നതാണ് ഭംഗിയെന്ന് ബേസില്‍ ജോസഫ് പറഞ്ഞു.

മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യണമെന്ന ചിന്തയില്‍ ഏതെങ്കിലും ഒരു കഥ സിനിമയാക്കുന്നത് അത്ര നല്ലതായി തനിക്ക് തോന്നിയിട്ടില്ലെന്നും നല്ലൊരു കഥ കിട്ടിയാല്‍ മാത്രമേ അതിന് ശ്രമിക്കുള്ളൂവെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു. ആ രീതിയില്‍ ഒരു എലവേഷനൊക്കെയുള്ള സിനിമ ചെയ്തിട്ടേ കാര്യമുള്ളൂവെന്നും പേരിന് വേണ്ടി അങ്ങനെയൊരു സിനിമ ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നും ബേസില്‍ ജോസഫ് പറഞ്ഞു.

അത്രയും റെഡിയായാല്‍ മാത്രമേ ആ സിനിമ താന്‍ അനൗണ്‍സ് ചെയ്യുള്ളൂവെന്നും അങ്ങനെ ചെയ്യുമ്പോഴാണ് അത് ജസ്റ്റിഫൈഡാവുകയെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു. ഇതവുരെ ചെയ്യാത്ത ഒരു നടനായിരിക്കും നായകനെന്നും ബേസില്‍ പറഞ്ഞു. മരണമാസിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബേസില്‍ ജോസഫ്.

‘ലാലേട്ടനെ വെച്ച് സിനിമ ചെയ്യാന്‍ എനിക്കും ലാലേട്ടനും ഡേറ്റില്ല. ഞങ്ങള്‍ രണ്ടുപേരും ബിസിയാണ്. സംവിധാനം ചെയ്യുന്ന അടുത്ത പടം അതിന്റെ സമയമാകുമ്പോള്‍ അറിയിക്കുന്നതാണ് അതിന്റെ ഭംഗി. ലാലേട്ടനെ വെച്ച് പടം ചെയ്യണമെന്ന ചിന്തയില്‍ ഏതെങ്കിലും ഒരു പടം സിനിമയാക്കിയിട്ട് കാര്യമില്ലല്ലോ. അത് അത്ര നല്ലതായി എനിക്ക് തോന്നിയിട്ടില്ല. നല്ലൊരു കഥ കിട്ടിയാല്‍ മാത്രമേ ഞാന്‍ അതിന് ശ്രമിക്കുള്ളൂ.

ആ രീതിയില്‍ എലിവേഷനൊക്കെയുള്ള സിനിമ ചെയ്തിട്ടേ കാര്യമുള്ളൂ. വെറുതേ നെയിം സേക്കിന് വേണ്ടി ഒരു പടം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. അത്രയും റെഡിയാകുമ്പോള്‍ എന്റെ അടുത്ത പടം അനൗണ്‍സ് ചെയ്യും. ഇതുവരെ ചെയ്യാത്ത ഒരു നടനായിരിക്കും ആ സിനിമയിലെ നായകന്‍,’ ബേസില്‍ ജോസഫ് പറയുന്നു.

Content Highlight: Basil Joseph reacts to the rumor that his next directorial with Mohanlal

We use cookies to give you the best possible experience. Learn more