| Saturday, 17th May 2025, 9:48 pm

ജഗതി ചേട്ടനുണ്ട് എന്ന ഒറ്റക്കാരണം കൊണ്ടാണ് ഞാന്‍ ഈ സിനിമ ചെയ്തത്, സംവിധായകന്‍ കഥ പറഞ്ഞപ്പോള്‍ ഒന്നും മനസിലായില്ല: ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട ചോയ്‌സായി മാറിയ നടനാണ് ബേസില്‍ ജോസഫ്. വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റായി സിനിമാലോകത്തേക്കെത്തിയ ബേസില്‍ കുഞ്ഞിരാമായണത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായത്. ഗോദ, മിന്നല്‍ മുരളി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബേസില്‍ ഇന്ന് കേരളത്തിന് പുറത്തും നടന്‍ എന്ന നിലയില്‍ അറിയപ്പെടുന്നു.

കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നായ ഗഗനചാരിയുടെ സംവിധായകന്‍ അരുണ്‍ ചന്തു അണിയിച്ചൊരുക്കുന്ന വലയാണ് ബേസിലിന്റെ പുതിയ ചിത്രം. മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ ഏറെക്കാലത്തിന് ശേഷം പ്രധാനവേഷത്തിലെത്തുന്ന വല മലയാളത്തിലെ ആദ്യത്തെ സോംബി ചിത്രമാണ്. ചിത്രത്തിന്റെ ഗ്ലിംപ്‌സിന് വന്‍ വരവേല്പാണ് ലഭിച്ചത്.

ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ബേസില്‍ ജോസഫ്. തന്നെ സംബന്ധിച്ച് ജഗതി ശ്രീകുമാറിനൊപ്പം അഭിനയിക്കുക എന്നതാണ് ഈ സിനിമയിലെ ഏറ്റവും വലിയ കാര്യമെന്ന് ബേസില്‍ ജോസഫ് പറഞ്ഞു. അരുണ്‍ ചന്തു വലയുടെ കഥ തന്നോട് പറഞ്ഞെങ്കിലും ഒന്നും മനസിലായില്ലെന്നും ഇനി ഒരുതവണ കൂടി കഥ കേള്‍ക്കണമെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു.

ഗ്ലിംപ്‌സിന്റെ ഒടുവില്‍ ജഗതിയുടെ കഥാപാത്രത്തോട് ‘വെല്‍ക്കം ബാക്ക് സാര്‍’ എന്ന് പറയുന്ന ഡയലോഗാണ് ഈ സിനിമയിലെ തന്റെ ഏറ്റവും വലിയ ടേക്ക് എവേയെന്നും ബേസില്‍ ജോസഫ് പറയുന്നു. തിര എന്ന സിനിമയില്‍ താനും അരുണ്‍ ചന്തുവും ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും അയാളുടെ സംവിധാനത്തില്‍ വര്‍ക്ക് ചെയ്യുന്നതിന്റെ എക്‌സൈറ്റ്‌മെന്റ് ഉണ്ടെന്നും ബേസില്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ബേസില്‍ ജോസഫ്.

‘ജഗതി ചേട്ടന്റെ കൂടെ നില്‍ക്കാന്‍ പറ്റുക എന്നതാണ് ഈ സിനിമയിലെ എന്റെ ഏറ്റവും വലിയ എക്‌സൈറ്റ്‌മെന്റ്. ഇതിന്റെ കഥ അരുണ്‍ ചന്തു പറഞ്ഞപ്പോള്‍ എനിക്ക് പല കാര്യങ്ങളും മനസിലായില്ല. ഇനി ഒന്നുകൂടെ കേള്‍ക്കണം. പിന്നെ ഈ ഗ്ലിംപ്‌സില്‍ കണ്ട ഡയലോഗ്. ജഗതി ചേട്ടനോട് ‘വെല്‍ക്കം ബാക്ക് സാര്‍’ എന്ന് പറഞ്ഞതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ ടേക്ക് എവേ.

ഞാനും ചന്തുവും തിരയില്‍ ഒന്നിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. അപ്പോള്‍ ചന്തുവിന്റെ സംവിധാനത്തില്‍ വര്‍ക്ക് ചെയ്യുന്നതും എക്‌സൈറ്റ് ചെയ്യിക്കുന്ന കാര്യമാണ്. ഈ പടത്തിന്റെ സെറ്റിലെത്തിയപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന ഐഡിയ ഉണ്ടായിരുന്നില്ല. ഒരു ഷേഡ് മുഖത്ത് വെച്ച് തന്നിട്ട് പുറകില്‍ പോയി നില്‍ക്കാന്‍ പറഞ്ഞു. എന്തായാലും മലയാളത്തിലെ ആദ്യത്തെ സോംബി സിനിമയുടെ ഭാഗമാകാന്‍ സാധിച്ചത് വലിയ കാര്യമാണ്,’ ബേസില്‍ ജോസഫ് പറഞ്ഞു.

Content Highlight: Basil Joseph about Vala movie and Jagathy Sreekumar

We use cookies to give you the best possible experience. Learn more