| Thursday, 3rd April 2025, 4:12 pm

മലയാളസിനിമകള്‍ പോലും വിരളമായി ഹിറ്റാകുന്ന എന്റെ നാട്ടില്‍ ആ തമിഴ് സിനിമക്കുണ്ടായ തിരക്ക് അത്ഭുതപ്പെടുത്തി: ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയില്‍ ഇന്ന് മിനിമം ഗ്യാരന്റിയുള്ള നടന്മാരില്‍ ഒരാളാണ് ബേസില്‍ ജോസഫ്. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേക്കെത്തിയ ബേസില്‍ സംവിധായകനായി മൂന്ന് സൂപ്പര്‍ഹിറ്റുകളാണ് പ്രേക്ഷകര്‍ക്ക് നല്‍കിയത്. കോമഡി വേഷങ്ങളില്‍ തിളങ്ങിയ ബേസില്‍ ജാന്‍ ഏ മന്‍ എന്ന ചിത്രത്തിലൂടെ നായകവേഷവും തനിക്കിണങ്ങുമെന്ന് തെളിയിച്ചു.

തന്റെ ചെറുപ്പകാലത്തെക്കുറിച്ച് സംസാരിക്കുകയാണ് ബേസില്‍ ജോസഫ്. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി എന്ന് പറയുന്ന കൊച്ചുപട്ടണത്തില്‍ നിന്നാണ് താന്‍ വരുന്നതെന്ന് ബേസില്‍ പറഞ്ഞു. വളരെ കുറച്ച് തിയേറ്ററുകള്‍ മാത്രമേ തന്റെ നാട്ടില്‍ ഉണ്ടായിരുന്നുള്ളൂവെന്നും പരമാവധി സിനിമകള്‍ കാണാന്‍ ശ്രമിച്ചിരുന്നെന്നും ബേസില്‍ ജോസഫ് കൂട്ടിച്ചേര്‍ത്തു.

വിജയ്‌യുടെയും വിക്രമിന്റെയും ഒരുപാട് സിനിമകളുടെ റിലീസ് തന്റെ നാട്ടിലുണ്ടായിരുന്നെന്നും അതെല്ലാം ആഘോഷമാക്കിയിരുന്നെന്നും ബേസില്‍ പറയുന്നു. അന്യന്‍ എന്ന സിനിമക്ക് തന്റെ നാട്ടിലുണ്ടായിരുന്ന റഷ് അത്ഭുതപ്പെടുത്തിയെന്നും ബേസില്‍ പറഞ്ഞു. അത്തരം സിനിമകളെല്ലാം ചെറുപ്പത്തില്‍ തന്നെ ഇന്‍ഫ്‌ളുവന്‍സ് ചെയ്തിരുന്നെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു. സിനി ഉലകത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബേസില്‍ ഇക്കാര്യം പറഞ്ഞത്.

‘വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഒരു ചെറിയ ടൗണാണ് അത്. വളെര കുറച്ച് തിയേറ്ററുകള്‍ മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. എങ്കിലും ഉള്ള തിയേറ്ററുകളില്‍ വരുന്ന സിനിമകളൊന്നും മിസ്സാക്കാതെ കാണാന്‍ ശ്രമിച്ചിരുന്നു. വിജയ് സാറിന്റെയും വിക്രം സാറിന്റെയും സിനിമകള്‍ക്ക് നല്ല സ്വീകാര്യതയുണ്ടായിരുന്നു.

അന്യന്‍ എന്ന സിനിമക്ക് എന്റെ നാട്ടിലുണ്ടായിരുന്ന റഷ് വളരെ വലുതായിരുന്നു. മലയാളസിനിമകള്‍ക്ക് പോലും അത്തരത്തില്‍ ഒരു തിരക്ക് ഞാന്‍ കണ്ടിട്ടില്ല. ആ സിനിമകളെല്ലാം എന്നെ പണ്ടുതൊട്ടേ ഇന്‍ഫ്‌ളുവന്‍സ് ചെയ്തിട്ടുണ്ട്. അതെല്ലാം കണ്ടിട്ട് അങ്ങനെയൊരു സിനിമയൊക്കെ ചെയ്യണം എന്നുള്ള തോന്നല്‍ ഉണ്ടായിരുന്നു,’ ബേസില്‍ ജോസഫ് പറയുന്നു.

ബേസില്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ മരണമാസ് റിലീസിന് തയാറെടുക്കുകയാണ്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബേസിലിന്റെ ഗെറ്റപ്പ് വലിയ ചര്‍ച്ചയായിരുന്നു. ടൊവിനോ തോമസാണ് ചിത്രത്തിന്റെ നിര്‍മാതാവ്. സോഷ്യല്‍ മീഡിയയിലൂടെ സിനിമയിലേക്ക് വന്ന സിജു സണ്ണിയാണ് മരണമാസിന്റ തിരക്കഥയൊരുക്കിയത്.

Content Highlight: Basil Joseph about the theatre experience of Anniyan movie

We use cookies to give you the best possible experience. Learn more