ഗുജറാത്ത്; നിയമയുദ്ധത്തില്‍ നിന്ന് പിന്‍മാറാത്ത രണ്ട് പെണ്‍പോരാളികളുടെ കൂടിക്കാഴ്ച
Gujarat Riot
ഗുജറാത്ത്; നിയമയുദ്ധത്തില്‍ നിന്ന് പിന്‍മാറാത്ത രണ്ട് പെണ്‍പോരാളികളുടെ കൂടിക്കാഴ്ച
ബഷീര്‍ വള്ളിക്കുന്ന്
Monday, 28th February 2022, 6:03 pm
ഇഹ്സാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രിയുമൊത്തുള്ള ശ്വേത ഭട്ടിന്‍റെ ചിത്രം രണ്ട് വ്യക്തികളുടെ സ്വാഭാവിക കൂടിക്കാഴ്ചയുടെ ചിത്രം മാത്രമല്ല, നമ്മുടെ രാജ്യവും ഈ രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയും കടന്നുപോകുന്ന വെല്ലുവിളികളെ അടയാളപ്പെടുത്തുന്ന ഒരു ചിത്രം കൂടിയാണ്. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള അന്വേഷണ കമ്മീഷന്റെ നിഗമനങ്ങള്‍ക്കെതിരെ അപ്പീല്‍ നല്‍കി നിയമയുദ്ധം തുടരുകയാണ് സാക്കിയ ജാഫ്രി. ഭര്‍ത്താവിന്റെ മോചനത്തിന് വേണ്ടിയുള്ള നിയമ പോരാട്ടത്തിലാണ് ശ്വേത ഭട്ട്. അവര്‍ നടത്തുന്ന നിയമ യുദ്ധങ്ങളുടെ പരിണിതിയെന്താകുമെന്ന് ഇന്നത്തെ അവസ്ഥയില്‍ പ്രതീക്ഷയോടെ ഒരു വാക്ക് പോലും പറയാന്‍ കഴിയില്ല. പക്ഷേ, അവസാന ശ്വാസം വരെയും നീതിക്ക് വേണ്ടി പൊരുതുമെന്ന അവരുടെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കാനോ തളര്‍ത്താനോ എത്ര കൊടിയ ഫാസിസ്റ്റുകള്‍ക്കും സാധിക്കില്ലെന്ന് ഉറപ്പിച്ചു പറയാന്‍ പറ്റും.

ഗുജറാത്ത് വംശഹത്യയുടെ ഇരുപതാം വാര്‍ഷികത്തെ ഓര്‍മപ്പെടുത്താന്‍ ശ്വേത ഭട്ട് ഇന്നെഴുതിയ കുറിപ്പിനോടൊപ്പമുള്ള ചിത്രമാണ് ഇത്.

ഇഹ്സാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രിയുമൊത്തുള്ള ചിത്രം.

രണ്ട് വ്യക്തികളുടെ സ്വാഭാവിക കൂടിക്കാഴ്ചയുടെ ചിത്രം മാത്രമല്ല ഇത്. നമ്മുടെ രാജ്യവും ഈ രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയും കടന്നുപോകുന്ന വെല്ലുവിളികളെ അടയാളപ്പെടുത്തുന്ന ഒരു ചിത്രം കൂടിയാണ്.

കോണ്‍ഗ്രസ് എം.പിയായിരുന്ന ഇഹ്സാന്‍ ജാഫ്രിയുടെ വീട് വളഞ്ഞ് അദ്ദേഹത്തെ മൃഗീയമായി കൊലപ്പെടുത്തി കത്തിച്ചു കളയുകയായിരുന്നു ഹിന്ദുത്വ ഭീകരര്‍. ആ സമയത്ത് വീട്ടില്‍ ഇല്ലാതിരുന്നത് കൊണ്ട് ഭാര്യ രക്ഷപ്പെട്ടു.

ഇഹ്സാന്‍ ജാഫ്രി മാത്രമല്ല, ആ വീടിന് ചുറ്റും അഭയം പ്രാപിച്ച നൂറുകണക്കിന് മനുഷ്യരും അന്ന് കൊല്ലപ്പെട്ടു. കലാപം അടിച്ചമര്‍ത്താന്‍ ഉത്തരവാദിത്തപ്പെട്ട പൊലീസ് സേന ആ വീടിന് തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ ‘സമയം’ കാത്ത് കഴിയുകയായിരുന്നു.

ഇഹ്സാന്‍ ജാഫ്രി കുടുംബത്തോടൊപ്പം

ആ കലാപത്തെക്കുറിച്ചുള്ള കൃത്യമായ വിവരവും, അതില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ മോദിക്കുള്ള പങ്കും വ്യക്തമാക്കി അന്വേഷണ കമ്മീഷന് മുന്നില്‍ മൊഴി കൊടുത്തതിന്റെ പേരിലുള്ള വേട്ടയാടലാണ് സഞ്ജീവ് ഭട്ട് ഇന്നനുഭവിക്കുന്നത്. രണ്ട് പതിറ്റാണ്ട് മുമ്പുള്ള ഒരു കേസ് കെട്ടിച്ചമച്ച് അതില്‍ പ്രതിയാക്കി അഴിക്കുള്ളില്‍ ആക്കിയിരിക്കുകയാണ് സഞ്ജീവ് ഭട്ടിനെ.

ചോദ്യം ചെയ്യാനെന്ന് പറഞ്ഞ് സഞ്ജീവ് ഭട്ടിനെ വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ട് പോയത് 2018 സെപ്റ്റംബര്‍ അഞ്ചിനാണ്. സ്വാഭാവിക ജാമ്യം പോലും നിഷേധിക്കപ്പെട്ട് മൂന്നര വര്‍ഷത്തോളമായി അദ്ദേഹം തടവില്‍ തുടരുന്നു. അദ്ദേഹത്തിന് വേണ്ടി ശബ്ദിക്കാന്‍ ആരുമില്ല. ഒരു രാഷ്ട്രീയ പ്രസ്ഥാനവും കൂടെയില്ല, ഒരു മാധ്യമങ്ങളും ആ വിഷയം ഉയര്‍ത്താറില്ല.

സഞ്ജീവ് ഭട്ട്

എങ്കിലും, ചിത്രത്തിലുള്ള രണ്ട് പേരും അവരുടെ നിയമപോരാട്ടം അവസാനിപ്പിച്ചിട്ടില്ല. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള അന്വേഷണ കമ്മീഷന്റെ നിഗമനങ്ങള്‍ക്കെതിരെ അപ്പീല്‍ നല്‍കി നിയമയുദ്ധം തുടരുകയാണ് സാക്കിയ ജാഫ്രി. ഭര്‍ത്താവിന്റെ മോചനത്തിന് വേണ്ടിയുള്ള നിയമ പോരാട്ടത്തിലാണ് ശ്വേത ഭട്ട്.

അവര്‍ നടത്തുന്ന നിയമ യുദ്ധങ്ങളുടെ പരിണിതിയെന്താകുമെന്ന് ഇന്നത്തെ അവസ്ഥയില്‍ പ്രതീക്ഷയോടെ ഒരു വാക്ക് പോലും പറയാന്‍ കഴിയില്ല. പക്ഷേ, അവസാന ശ്വാസം വരെയും നീതിക്ക് വേണ്ടി പൊരുതുമെന്ന അവരുടെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കാനോ തളര്‍ത്താനോ എത്ര കൊടിയ ഫാസിസ്റ്റുകള്‍ക്കും സാധിക്കില്ലെന്ന് ഉറപ്പിച്ചു പറയാന്‍ പറ്റും.

ആ നിശ്ചയദാര്‍ഢ്യത്തോടാണ് നാം ഐക്യപ്പെടേണ്ടത്. അത്യധികം ആദരവോടെ.


Content Highlight: Basheeer Vallikkunnu remembering Gujarat riots, writes about Ehsan Jafri, Zakia Jafri, Sanjiv Bhatt, Shweta Bhatt