| Friday, 24th April 2026, 8:29 am

'കിരീടത്തിനരികില്‍ വീണ് യമാല്‍'; കാറ്റാലന്‍ പടയ്ക്ക് വമ്പന്‍ തിരിച്ചടി!

ശ്രീരാഗ് പാറക്കല്‍

ലാലിഗ ഫുട്‌ബോളില്‍ സെല്‍റ്റാ വിഗോയ്‌ക്കെതിരെ തകര്‍പ്പന്‍ വിജയമായിരുന്നു ബാഴ്‌സലോണ സ്വന്തമാക്കിയത്. കാംപ് നൗവില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സലോണ സെല്‍റ്റ വിഗൊയെ കീഴടക്കിയത്. ഇതോടെ കിരീടത്തിനരികിലെത്താനും കാറ്റാലന്‍ പടയ്ക്ക് സാധിച്ചു.

കൗമാര വിസ്മയം ലാമിന്‍ യമാലാണ് ബാഴ്‌സയ്ക്ക് വേണ്ടി വിജയഗോള്‍ നേടിയത്. മത്സരത്തിലെ ഒന്നാം പകുതിയില്‍ ലഭിച്ച പെനാല്‍ട്ടി കിക്ക് ലക്ഷ്യത്തിലെത്തിച്ചാണ് യമാല്‍ 41ാം മിനിട്ടില്‍ ടീമിന്റെ വിജയഗോള്‍ കുറിച്ചത്. ബോക്‌സിനുള്ളില്‍ യമാലിനെ എതിര്‍താരം യോല്‍ ലാഗൊ വീഴ്ത്തിയതിനായിരുന്നു റഫറി സ്‌പോട്ട് കിക്ക് വിധിച്ചത്.

വിജയത്തിന് പുറമെ ഒരു വമ്പന്‍ തിരിച്ചടി കൂടിയാണ് കാറ്റാലന്‍മാര്‍ക്ക് നേരിടേണ്ടി വന്നത്. മത്സരത്തില്‍ ലാമിന്‍ യമാലിന് പരിക്കേറ്റതാണ് ബാഴ്‌സയെ വെട്ടിലാക്കിയിരിക്കുന്നത്. ഇതോടെ യമാലിന് സീസണില്‍ ശേഷിക്കുന്ന മത്സരം നഷ്ടമാവുമെന്നാണ് മെഡിക്കല്‍ ടീമിന്റെ റിപ്പോര്‍ട്ട്. സീസണില്‍ ഇനി ബാഴ്‌സയ്ക്ക് വേണ്ടി കളിക്കാന്‍ സാധിക്കില്ലെന്ന് താരം സോഷ്യല്‍ മീഡിയയില്‍ പറഞ്ഞിരുന്നു.

‘ഈ പരിക്ക് എന്നെ കളിക്കളത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നു, എനിക്ക് വിശദീകരിക്കാന്‍ കഴിയാത്തതിലും വലിയ വേദനയാണത്. എന്റെ സഹതാരങ്ങളോടൊപ്പം കളിക്കാന്‍ കഴിയാത്തതും, ടീമിന് എന്നെ ആവശ്യമുള്ളപ്പോള്‍ സഹായിക്കാന്‍ കഴിയാത്തതും വേദനാജനകമാണ്. പക്ഷേ ഞാന്‍ അവരില്‍ വിശ്വസിക്കുന്നു, എല്ലാ കളികളിലും അവര്‍ അവരുടെ ആത്മാവ് നല്‍കുമെന്ന് എനിക്കറിയാം.

പുറത്തു നിന്നായാലും, ടീമിനെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യാന്‍ ഞാന്‍ അവിടെ ഉണ്ടാകും. ഇത് അവസാനമല്ല, ഇത് ഒരു ഇടവേള മാത്രമാണ്. ഞാന്‍ കൂടുതല്‍ ശക്തമായി തിരിച്ചുവരും,’ യമാല്‍ പറഞ്ഞതായി ഫുട്‌ബോള്‍ എസ്പാന റിപ്പോര്‍ട്ട് ചെയ്തു.

ലാലിഗയില്‍ 24 ഗോളുകളും 17 അസിസ്റ്റുമാണ് യമാലിന്റെ അക്കൗണ്ടിലുള്ളത്.

അതേസമയം ലാലിഗയില്‍ 32 മത്സരങ്ങളില്‍ നിന്ന് 27 വിജയവും ഒരു സമനിലയും നാല് തോല്‍വിയുമായി ഒന്നാം സ്ഥാനത്താണ് ബാഴ്‌സലോണ. 82 പോയിന്റുകളാണ് കാറ്റാലന്‍പട സ്വന്തമാക്കിയത്. പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡ് 32 മത്സരങ്ങളില്‍ നിന്ന് 23 വിജയവും നാല് സമനിലയും അഞ്ച് തോല്‍വിയുമടക്കം 73 പോയിന്റാണ് നേടിയത്.

Content Highlight: Barcelona, ​​which is close to the La Liga title, suffers a setback; Lamine Yamal injured

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more