സീസണില്‍ ബാഴ്‌സയിലെത്തിയത് നാല് പ്രധാന താരങ്ങള്‍: ഈ സീസണിലെ സാധ്യതാ ലൈനപ്പ്
Football
സീസണില്‍ ബാഴ്‌സയിലെത്തിയത് നാല് പ്രധാന താരങ്ങള്‍: ഈ സീസണിലെ സാധ്യതാ ലൈനപ്പ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 4th August 2018, 10:53 am

ഇത്തവണത്തെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ഏറ്റവും ആക്ടീവായിരുന്നത് സ്പാനിഷ് ക്ലബായ ബാഴ്‌സിലോണയാണ്. 4 പ്രമുഖ താരങ്ങളേയാണ് ബാഴ്‌സ തങ്ങളുടെ ക്യാംപിലെത്തിച്ചത്. കഴിഞ്ഞ തവണ നഷ്ടമായ ചാംപ്യന്‍സ് ലീഗ് കിരീടം എന്ത് വിലകൊടുത്തും തിരിച്ച് പിടിക്കുക എന്നത് തന്നെയാണ് വാല്‍വരദയുടേയും സംഘത്തിന്റേയും നീക്കം.

ഇറ്റാലിയന്‍ ക്ലബ് റോമയെ മറികടന്ന് ക്ലബിലെത്തിച്ച ബ്രസീലിയന്‍ വിങ്ങര്‍ മാല്‍ക്കം, സ്പാനിഷ് ക്ലബ് സെവിയ്യയില്‍ നിന്നും വന്ന പ്രതിരോധ താരം ക്ലെമന്റെ ലെങ്ങ്‌ലെറ്റ്, ബ്രസീലിയന്‍ ക്ലബ് ഗ്രെമീറോയില്‍ നിന്നു വന്ന യുവതാരം ആര്‍തര്‍ മെലോ, അവസാന നിമിഷം ഏവരേയും ഞെട്ടിച്ച് കൊണ്ട് ബയണ്‍ മ്യൂണിക്കില്‍ നിന്നും എത്തിച്ച സൂപ്പര്‍ താരം ആര്‍തുറോ വിദാല്‍ എന്നിവരാണ് ബാഴ്‌സിലോണയുടെ പുതിയ താരങ്ങള്‍.

ഇവര്‍ക്കൊപ്പം മെസ്സി, സുവാരസ്, ജോര്‍ഡി ആല്‍ബ, കുട്ടീഞ്ഞോ, ഡെംബേലേ എന്നിവരും ചേരുന്നതോടെ ആര്‍ക്കും എത്തിപ്പിടിക്കാന്‍ പറ്റാത്ത താരസമ്പന്നതയാണ് ബാഴ്‌സ സ്വന്തമാക്കുക.

ഇത്തവണത്തെ ബാഴ്‌സിലോണയുടെ സാധ്യത ലൈനപ്പ് എങ്ങനെയാവും എന്ന് പരിശോധിക്കാം.

ഗോള്‍കീപ്പര്‍: ആരോക്കെ ക്ലബിലെത്തിയാലും ടീമിന്റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ ജര്‍മ്മന്‍ താരം മാര്‍ക് ആന്ദ്രെ ടെര്‍ സ്റ്റീഗന്‍ തന്നെയാവും. ഉജ്ജ്വല പ്രകടനങ്ങളോട് ഇത്തവണയും താരമാവും ബാഴ്‌സയുടെ ഗോള്‍ വല കാക്കുക.

പ്രതിരോധ നിര: ജോര്‍ഡി ആല്‍ബ, സാമുവല്‍ ഉംറ്റിറ്റി, ജെറാദ് പിക്വെ, സെര്‍ജി റോബര്‍ട്ടോ എന്ന പഴയ പ്രതിരോധനിരയ്ക്ക് തന്നെയാവും ബാഴ്‌സിലോണ പ്രാധാന്യം നല്‍കുന്നത്.

സെവിയ്യയില്‍ നിന്നും എത്തിയ ക്ലെമന്റെ ലെങ്ങ്‌ലറ്റിന് ജോര്‍ഡി ആല്‍ ബയ്ക്ക് പകരവും, സാമുവല്‍ ഉംറ്റിറ്റിക്ക് പകരവും കളിക്കാന്‍ സാധിക്കും. മികച്ച പ്രകടനം പുറത്തെടുത്താല്‍ ഉംറ്റിറ്റിയുടെ ടീമിലെ സ്ഥിരം സ്ഥാനം തെറിക്കാനും സാധ്യതയുണ്ട്.



മധ്യനിര: രണ്ട് പ്രമുഖ താരങ്ങളാണ് ബാഴ്‌സിലോണ മധ്യനിരയില്‍ എത്തിയിരിക്കുന്നത്. ആര്‍തുറോ വിദാലും, ആര്‍തര്‍ മെലോയും. ഇതില്‍ വിദാല്‍ ടീമിന്റെ ഫസ്റ്റ് ഇലവനില്‍ തന്നെ സ്ഥാനം പിടിച്ചേക്കും.

ഐവാന്‍ റാക്കിട്ടിച്ച്, സെര്‍ജിയോ ബുസ്‌കെറ്റസ്, ആര്‍തുറോ വിദാല്‍ എന്നിവരാവും ടീമിന്റെ ആദ്യ ഇലവന്‍. ഇതില്‍ ഒരാള്‍ക്ക് പകരം കളിക്കാന്‍ ആര്‍തര്‍ മെലോക്ക് സാധിക്കും.



ആക്രമണനിര: ബാഴ്‌സിലോണയെ സംബന്ധിച്ച് കാര്യമായ മാറ്റങ്ങള്‍ ഇല്ലാതിരിക്കുക ആക്രമണ നിരയിലാവും. കുട്ടീഞ്ഞോ, സുവാരസ്, മെസ്സി എന്നീ ത്രയങ്ങള്‍ തന്നെയാവും ബാഴ്‌സിലൊണയുടെ ആക്രമണ നിര കൈകാര്യം ചെയ്യുന്നത്. ഡെംബേലക്കും അവസരങ്ങള്‍ കിട്ടിയേക്കും.



ബോര്‍ഡക്‌സില്‍ നിന്നുമെത്തിയ വിങ്ങര്‍ മാല്‍ക്കം ഒന്നം ഇലവനില്‍ സ്ഥാനം കണ്ടെത്താന്‍ ബുദ്ധിമുട്ടിയേക്കും.