രംഗണ്ണന്‍ വക ഇജ്ജാതി ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല, നോളനുമായുള്ള ഇന്റര്‍വ്യൂ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
Trending
രംഗണ്ണന്‍ വക ഇജ്ജാതി ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല, നോളനുമായുള്ള ഇന്റര്‍വ്യൂ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
അമര്‍നാഥ് എം.
Wednesday, 15th July 2026, 6:05 pm

സിനിമാപ്രൊമോഷനുകളുടെ ഭാഗമായുള്ള ഇന്റര്‍വ്യൂകള്‍ പലപ്പോഴും സിനിമാപേജുകളില്‍ ചര്‍ച്ചയാകാറുണ്ട്. സിനിമയുടെ അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും പങ്കെടുക്കുന്ന ഇത്തരം അഭിമുഖങ്ങള്‍ സിനിമക്ക് റീച്ച് നല്‍കുകയാണ് പതിവ്. ഹോളിവുഡ് ചിത്രം ഒഡീസിയുടെ ഇന്ത്യന്‍ പ്രൊമോഷനും അതുമായി ബന്ധപ്പെട്ട അഭിമുഖങ്ങളുമാണ് ഇപ്പോള്‍ സിനിമാപേജുകളില്‍ ചര്‍ച്ച.

മുംബൈയില്‍ ഒഡീസിയുടെ വേള്‍ഡ് പ്രീമിയറിന് ശേഷം ഇന്ത്യയിലെ പല സിനിമാപേജുകളിലും ക്രിസ്റ്റഫര്‍ നോളനും മറ്റ് അണിയറപ്രവര്‍ത്തകരും അഭിമുഖം നല്‍കിയിരുന്നു. സിനിമാനിരൂപകന്‍ ഭരദ്വാജ് രംഗന് ക്രിസ്റ്റഫര്‍ നോളന്‍ നല്‍കിയ അഭിമുഖമാണ് പലരെയും ഞെട്ടിച്ചത്. തങ്ങളുടെ വിദൂര സ്വപ്‌നത്തില്‍ പോലും ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചിട്ടില്ലെന്നായിരുന്നു പലരും അഭിപ്രായപ്പെടുന്നത്.

ഭരദ്വാജ് രംഗന്‍ ക്രിസ്റ്റഫര്‍ നോളന്‍ Photo: Screen grab/ Galatta Plus

മുംബൈയിലെ ചായക്കടയിലിരുന്ന് നോളനും മാറ്റ് ഡേമനും ടോം ഹോളണ്ടും ചായയും ബണ്‍ മസ്‌കയും കഴിക്കുന്നതിന്റെ ഫോട്ടോ പലരെയും ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ഭരദ്വാജ് രംഗനുമായുള്ള അഭിമുഖവും കൂടി കഴിഞ്ഞതോടെ പാരലല്‍ വേള്‍ഡ് തിയറികള്‍ വൈറലായിരിക്കുകയാണ്. നോളനും രംഗനും തമ്മിലുള്ള അഭിമുഖത്തെ ട്രോളിക്കൊണ്ടും ചിലര്‍ രംഗത്തെത്തുന്നുണ്ട്.

‘രംഗണ്ണന്‍ വക ഇജ്ജാതി ട്വിസ്റ്റ്’, ‘നോളന്റെ വളര്‍ച്ച എവിടെയെത്തിയെന്ന് നോക്കൂ, ശരിക്കും ഒരു ഇന്‍സ്പിറേഷനാണ് അദ്ദേഹം’, ‘ഇനി മനീഷ് നാരായണനും നോളനും തമ്മിലുള്ള ഒരു ഇന്റര്‍വ്യൂ വന്നാല്‍ കിടുക്കും’, ‘നീലക്കുയിലില്‍ നിന്ന് നോളനെ രക്ഷിക്കണേ’, ‘കേരളത്തില്‍ വന്നിരുന്നെങ്കില്‍ ഇഷ്ടപ്പെട്ട ഫുഡ് എന്താണെന്ന് ചോദിക്കാമായിരുന്നു’ എന്നിങ്ങനെയാണ് പല കമന്റുകളും.

പൂര്‍ണമായും ഐമാക്‌സ് ക്യാമറയില്‍ ഷൂട്ട് ചെയ്ത ഒഡീസിയുടെ വേള്‍ഡ് പ്രീമിയര്‍ കഴിഞ്ഞദിവസം മുംബൈയില്‍ നടന്നിരുന്നു. ക്രിസ്റ്റഫര്‍ നോളന്‍, മാറ്റ് ഡേമന്‍, ടോം ഹോളണ്ട്, അന ഹാത്‌വേ തുടങ്ങിയവര്‍ പ്രീമിയറില്‍ പങ്കെടുത്തു. എന്നാല്‍ യഥാര്‍ത്ഥ 70MM ഐമാക്‌സ് സ്‌ക്രീനുകള്‍ ഇന്ത്യയിലില്ലാത്തതില്‍ സിനിമാപ്രേമികള്‍ നിരാശ പങ്കുവെച്ചിരുന്നു.

ഹോമറിന്റെ വിഖ്യാത കാവ്യമായ ഒഡീസിക്ക് ക്രിസ്റ്റഫര്‍ നോളന്‍ ചലച്ചിത്രഭാഷ്യമൊരുക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ട്രോയ് യുദ്ധത്തിന് ശേഷം സ്വന്തം രാജ്യമായ ഇത്താക്കയിലേക്ക് ഒഡീസിയസ് രാജാവ് നടത്തുന്ന യാത്രയാണ് ഒഡീസിയുടെ കഥ. 10 വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന യാത്രയും ഇത്താക്കയിലെ ആഭ്യന്തര പ്രശ്‌നങ്ങളും സിനിമയുടെ ഭാഗമാകുന്നുണ്ട്.

View this post on Instagram

A post shared by TMC (@triplesmemecenter)

Content Highlight: Baradwaj Rangan’s interview with Christopher Nolan viral in cinema pages

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം