ഇന്ത്യന്‍ സിനിമയില്‍ വലിയ റീച്ചുള്ള റിവ്യൂവര്‍മാരില്‍ ഒരാളാണ് ഭരദ്വാജ് രംഗന്‍. റിവ്യൂവിനൊപ്പം സിനിമയുടെ അണിയറപ്രവര്‍ത്തകരെ അഭിമുഖം ചെയ്യുന്നതിലും ഭരദ്വാജ് രംഗന്‍ പുലിയാണ്. ബി.ആറിന്റെ സിനിമാസംബന്ധിയായ വീഡിയോകള്‍ക്ക് പ്രത്യേക ഫാന്‍ ബേസുമുണ്ട്. ഓരോ സിനിമയെയും അദ്ദേഹം സമീപിക്കുന്ന രീതിയും വ്യത്യസ്തമാണ്.

വിജയ് നായകനായ ജന നായകന് ബി.ആര്‍ നല്‍കിയ റിവ്യൂവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. വിജയ് എന്ന സൂപ്പര്‍താരത്തിന് ലഭിച്ച നല്ലൊരു ഫെയര്‍വെല്ലാണ് ജന നായകനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോജിക്കില്ലാത്ത ചില സീനുകളുണ്ടെങ്കിലും വിജയ് എന്ന താരത്തിന്റെ സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ടുമാത്രം ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന സിനിമയാണ് ജന നായകനെന്നും രംഗന്‍ പറഞ്ഞു.

എന്നാല്‍ സിനിമയെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞ ഒരു വാക്കാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ‘A’ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനാല്‍ ജന നായകനില്‍ ധാരാളം രക്തച്ചൊരിച്ചിലുകള്‍ കാണിച്ചിട്ടുണ്ടെന്നും രംഗന്‍ പറഞ്ഞു. അതിന് ഉദാഹരണമാക്കിയതാകട്ടെ തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ ഇന്നും അന്യം നില്‍ക്കാത്ത ഒരു കലാരൂപത്തെയും.

‘ഈ സിനിമയില്‍ ഒരുപാട് വയലന്‍സ് രംഗങ്ങളുണ്ട്. കൈ വെട്ടുന്നത്, കാല്‍ വെട്ടുന്നത്, തല വെട്ടുന്നത് എല്ലാം ബ്ലര്‍ ചെയ്യാതെ കാണിച്ചിട്ടുണ്ട്. അതിനനുസരിച്ച് രക്തച്ചൊരിച്ചിലും കാണിക്കുന്നുണ്ട്. എങ്ങനെയാണെന്ന് വെച്ചാല്‍ തെലുങ്ക് സിനിമയില്‍ നായികമാരുടെ നേവല്‍ കാണിക്കുന്നതുപോലെയാണ് ജന നായകനില്‍ ബ്ലഡ്‌ഷെഡ് സീനുകള്‍ കാണിക്കുന്നത്,’ ഭരദ്വാജ് രംഗന്‍ പറയുന്നു.

ഈ വാക്കുകള്‍ മാത്രം കട്ട് ചെയ്തുകൊണ്ടുള്ള വീഡിയോ ഇതിനോടകം വൈറലായി. ഒരൊറ്റ ഡയലോഗ് കൊണ്ട് 100 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള തെലുങ്ക് ഇന്‍ഡസ്ട്രിയെ കൊന്ന് കൊലവിളിച്ചെന്നാണ് കമന്റുകള്‍. ഇതിലും വലിയ ട്രോള്‍ ടോളിവുഡിന് കൊടുക്കാനില്ലെന്നും കുടിച്ച വെള്ളം മണ്ടക്ക് കയറിയെന്നും കമന്റുകളുണ്ട്.

‘മഹേഷ് ബാബുവിന്റെ മുഖഭാവം വെച്ചുകൊണ്ട് അണ്ണന്‍ തെലുങ്ക് ഇന്‍ഡസ്ട്രിയെ തന്നെ തീര്‍ത്തുവിട്ടിട്ടുണ്ട്’, ‘സുകുമാറടക്കം തെലുങ്കിലെ വമ്പന്മാരെല്ലാം ഒറ്റയടിക്ക് തീര്‍ന്നു,’ ‘രംഗന്‍ ചേട്ടന്‍ ട്രോളുമെന്ന് പറഞ്ഞാല്‍ ട്രോളും’, ‘ഇത് പെദ്ദി ഇംപാക്ടാണെന്ന് തോന്നുന്നു’ എന്നിങ്ങനെയാണ് രംഗന്റെ വീഡിയോക്ക് താഴെ പലരും പങ്കുവെച്ച കമന്റുകള്‍.

Content Highlight: Baradwaj Rangan’s dialogue in Jana Nayagan review viral