ആര്‍.ബി.ഐയെക്കൊണ്ട് സഹകരണബാങ്കുകള്‍ക്ക് കുരുക്കിട്ട് കേന്ദ്രസര്‍ക്കാര്‍; കേരളത്തിലെ സഹകരണമേഖലയെ ലക്ഷ്യമിട്ട് ബാങ്കിംഗ് ഭേദഗതി ബില്ല്
Economics
ആര്‍.ബി.ഐയെക്കൊണ്ട് സഹകരണബാങ്കുകള്‍ക്ക് കുരുക്കിട്ട് കേന്ദ്രസര്‍ക്കാര്‍; കേരളത്തിലെ സഹകരണമേഖലയെ ലക്ഷ്യമിട്ട് ബാങ്കിംഗ് ഭേദഗതി ബില്ല്
അളക എസ്. യമുന
Tuesday, 31st March 2020, 8:41 pm

ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ മാര്‍ച്ച് മൂന്നാം തീയതി ലോക്‌സഭയില്‍ അവതരിപ്പിച്ച ബാങ്കിംഗ് ഭേദഗതി ബില്ല് സഹകരണബാങ്കിംഗ് മേഖലയെ എങ്ങനെ ബാധിക്കും എന്ന ആശങ്കയിലാണ് സഹകരണമേഖല. സഹകരണബാങ്കുകളെ നിയന്ത്രിക്കാന്‍ റിസര്‍വ്വ് ബാങ്കിന് അധികാരം നല്‍കികൊണ്ടുള്ള ബില്ല് കേരളത്തിലെ സഹകരണമേഖലയെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തലുകള്‍. സാധാരക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണബാങ്കുകള്‍ക്ക് മേല്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം വന്നാല്‍ അത് സഹകരണ ബാങ്കുകളുടെ സ്വാഭാവത്തെ തന്നെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് സഹകരണമേഖലയിലെ പ്രമുഖരുടെ അഭിപ്രായം.  സംസ്ഥാന സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണബാങ്കുകളെ കേന്ദ്രസര്‍ക്കാറിന്റെ താല്പര്യത്തിനനുസരിച്ച് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലേക്ക് കൊണ്ടു വരുന്നതിനെതിരെ കടുത്ത വിയോജിപ്പാണ് കേരളത്തിലെ സഹകരണ മേഖലയ്ക്കുള്ളത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

റിസര്‍വ് ബാങ്കിന് വേണ്ടി കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്റ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് നടത്തിയ പഠനത്തില്‍ പറയുന്നത് സാധാരണക്കാരും പാവപ്പെട്ടവരും ബാങ്കിംഗ് ആവശ്യങ്ങള്‍ക്ക് പ്രധാനമായും സമീപിക്കുന്നത് സഹകരണ ബാങ്കുകളെത്തന്നെയാണെന്നാണ്. ഗ്രാമീണ ദരിദ്രര്‍ക്കിടയിലാണ് സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്റ് എന്‍വയോണ്‍മെന്റല്‍ പഠനം നടത്തിയത്.

സഹകരണ സംഘത്തില്‍ അംഗത്തമുള്ളവരാണ് പഠനത്തിന് വിധേയരായവരില്‍ ഭൂരിഭാഗവും. സഹകരണബാങ്കുകളെയാണ് സമീപിക്കാന്‍ പറ്റുന്ന ധനകാര്യ സ്ഥാപനമായി ദരിദ്രര്‍ കാണുന്നതെന്നാണ് പഠനം പറയുന്നത്. പലിശ കുറവായിരുന്നിട്ടുപോലും വാണിജ്യ ബാങ്കുകള്‍ക്ക് സഹകരണബാങ്കുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ലഭിക്കുന്നില്ല. പഠനത്തിന് വിധേയരായവരില്‍ ഭൂരിഭാഗം പേരും കടമെടുത്തിരിക്കുന്നത് സഹകരണബാങ്കുകളില്‍ നിന്നാണ്. ദരിദ്രരുടെ സാമ്പത്തിക ആവശ്യങ്ങളോട് മികച്ച രീതിയില്‍ പ്രതികരിക്കുന്നതും സഹകരണസ്ഥാപനങ്ങളാണെന്ന് പഠനം പറയുന്നു.

വാണിജ്യബാങ്കുകളിലെ സങ്കീര്‍ണമായ നടപടിക്രമങ്ങളും വായ്പ ലഭിക്കാനുള്ള സമയവും ആളുകളെ വാണിജ്യ ബാങ്കുകളില്‍ നിന്ന് അകറ്റുന്നുണ്ടാകാമെന്നും പഠനത്തില്‍ പറയുന്നുണ്ട്. സ്വന്തം ഗ്രാമത്തിലുള്ളവരായിരിക്കും സഹകരണബാങ്കുകളെ നിയന്ത്രക്കുന്നതെന്നും ഇത് ദരിദ്രര്‍ക്കിടയില്‍ കൂടതല്‍ സ്വീകാര്യതയുണ്ടാക്കുന്നുണ്ടാകാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു

കേന്ദ്ര ബാങ്കിംഗ് നിയമ ഭേദഗതി ബില്‍ 2020 നെക്കുറിച്ച് അഡ്വക്കേറ്റ് ജനറല്‍ വിശദമായി റിപ്പോര്‍ട്ട് നല്‍കിയതായി സഹകരണമന്ത്രി  കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ സഹകരണ മേഖലയില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ സംബിന്ധിച്ചാണ് റിപ്പോര്‍ട്ടെന്നും സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും കടകംപള്ളി പറഞ്ഞിരുന്നു.

ബാങ്കിംഗ് നിയമ ഭേദഗതി ബില്‍ സംബന്ധിച്ച് സഹകരണസംഘങ്ങളുടെ ഭാഗത്തു നിന്നുള്ള അഭിപ്രായം ക്രോഡീകരിച്ച് കേന്ദ്രസര്‍ക്കാറിനെ സമീപിക്കുമെന്നും ബാങ്കിംഗ് നിയമഭേദഗതി വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സംബന്ധിച്ചും ഏതുരീതിയിലാണ് അപേക്ഷ കേന്ദ്രസര്‍ക്കാറിന് നല്‍കേണ്ടതെന്ന് സംബന്ധിച്ചും വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാക്കുന്നതിന് വേണ്ടി മൂന്ന് സബ്കമ്മിറ്റി രൂപീകരിച്ചതായും നേരത്തെ കടംകംപള്ളി പറഞ്ഞിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ബാങ്കിംഗ് ഭേദഗതി ബില്‍ സംസ്ഥാനത്തിന്റെ അധികാരത്തിലേക്കുള്ള കടന്നു കയറ്റവും ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാനുള്ള ശ്രമവുമാണെന്ന് ബാങ്കിംഗ് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ(ബെഫി) അഖിലേന്ത്യാ ജനറല്‍ കൗണ്‍സില്‍ അംഗവും ബെഫിയുടെ അഖിലേന്ത്യാ സഹകരണ ഫെഡിന്റെ കണ്‍വീനറുമായ അനില്‍ കുമാര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

” ബാങ്ക്, ബാങ്കിംഗ്, ബാങ്കര്‍ എന്ന പദ ഉപയോഗിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ ആര്‍.ബി.ഐ നിയന്ത്രണത്തില്‍ ആയിരിക്കുമെന്നാണ് ബില്ലില്‍ പറയുന്നത്. ബാങ്കിംഗ് റെഗുലേറ്ററി ആക്ട് പ്രകാരം ബാങ്ക്, ബാങ്കിംഗ്, ബാങ്കര്‍ എന്ന പദം ഉപയോഗിച്ച് ബാങ്കിംഗ് നടത്തുന്ന സ്ഥാപനങ്ങള്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്. അതില്‍പ്പെടാത്ത സംസ്ഥാനമായിരുന്നു കേരളം. കേരളത്തിലെ പ്രൈമറി അഗ്രിക്കള്‍ച്ചുറല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍ അതില്‍പ്പെടുന്നുണ്ടായിരുന്നില്ല. സഹകരണ ബാങ്കുകള്‍ ഇപ്പോഴും അതില്‍തന്നെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പഞ്ചാബ് -മഹാരാഷ്ട്ര ബാങ്കിന്റെ തകര്‍ച്ചയോടെയാണ് ഈ നിയമം പാസാക്കുന്നതെന്ന് പറയുന്നു. എന്നാല്‍ കാലകാലങ്ങളായി ഈ ബാങ്ക് ആര്‍.ബി.ഐയുടെ നേതൃത്വത്തില്‍ ഉള്ളതാണ്. അവരുടെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിന് വന്ന തകര്‍ച്ച അവിടെ സംഭവിച്ച തട്ടിപ്പിന്റെ അടിസ്ഥാനത്തില്‍ മുഴവന്‍ സഹകരണസ്ഥാപനങ്ങളേയും അവരുടെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാനാണ്. ഇത് ബാധിക്കുക സ്വാഭാവികമായും നിലവില്‍ ബാങ്കിംഗ് സ്ഥാപനം നത്തുന്ന ബാങ്കിംഗ് സ്ഥാപനങ്ങള്‍ ഉണ്ട്‌ നേരത്തെപ്പറഞ്ഞ പ്രൈമറി അഗ്രിക്കള്‍ച്ചുറല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റികളെക്കൂടാതെ. അവരെയൊക്കെ നിയന്ത്രിക്കുന്നത് സംസ്ഥാനസര്‍ക്കാറാണ്.

” കേരളത്തിലെ കോ ഓപ്പറേറ്റീവ് സൊസൈറ്റി ആക്ട് പ്രകാരം ഭരണനിയന്ത്രണം സംസ്ഥാനത്തിനാണ്. ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഉള്ള അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ് ബില്ലിന്റെ പൊളിറ്റിക്കല്‍ ഇംപാക്ട്. ഒരു സഹകരണസ്ഥാപനത്തിന്റെ ഭരണസമിതിയെ അഞ്ച് വര്‍ഷത്തേക്ക് പിരിച്ചുവിടാന്‍ അധികാരം നല്‍കുന്നുണ്ട്. അവരുടെ പ്രമേയങ്ങള്‍ ആര്‍.ബി.ഐക്ക് നേരിട്ട് കൈകടത്താനുള്ള അധികാരം കൊടുക്കുന്നുണ്ട്. സ്വാഭാവികമായും ഭരണനിയന്ത്രണം സംസ്ഥാനങ്ങളുടെ അധികാരമായിരുന്നെങ്കില്‍ ആ ഭരണനിയന്ത്രണത്തിലേക്കുള്ള വളഞ്ഞവഴിയിലുള്ള കാല്‍വെപ്പാണ് ബി.ആര്‍ ആക്ട്.” അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഇന്ത്യപോലുള്ള വലിയൊരു രാജ്യത്ത് സഹകരണം എന്നു പറയുന്നത് ഏറ്റവും താഴെത്തട്ടിലുള്ള ജനങ്ങള്‍ക്ക് സേവനങ്ങള്‍ എത്തിക്കുന്ന ലോക്കലൈസിഡ് ബിസനസിലേക്കുള്ള കടന്നുകയറ്റമാണ് നടക്കുന്നതെന്നും ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബാങ്കിംഗ്, ബാങ്കര്‍, എന്നീ പദം ഉപയോഗിച്ച് ബാങ്കിംഗ് നടത്തന്നുണ്ടെങ്കില്‍ അത് ആര്‍.ബി.ഐയുടെ കീഴിലാണെന്ന് നേരത്തെ പറഞ്ഞതാണ്. പക്ഷേ, കേരളത്തില്‍ പ്രൈമറി അഗ്രിക്കള്‍ച്ചുറല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്ന പദവിയില്‍ത്തന്നെയാണ് തുടരുന്നത്.

പേരില്‍ ബാങ്കില്‍ ഉണ്ടെങ്കിലും പ്രൈമറി അഗ്രിക്കള്‍ച്ചുറല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി ആയിത്തന്നെയാണ് പരിഗണിക്കപ്പെടുന്നത്. ഇനി എങ്ങനെയാണ് ബാധിക്കുക എന്നത് കണ്ടറിയുക തന്നെ വേണം. കേരളത്തിലെ സര്‍വ്വീസ് സഹകരണബാങ്കുകള്‍ എന്നുപറയമ്പോള്‍പോലും സ്റ്റാറ്റിയൂറ്ററി ഐഡന്റിറ്റി എന്ന് പറയുന്നത് പ്രൈമറി അഗ്രിക്കള്‍ച്ചുറല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ്. പുതിയ ബാങ്കിംഗ് ഭേദഗതിയില്‍ കൃത്യമായി പറയുന്നുണ്ട് ഇവ ഈ ഭേദതിയില്‍ ഉള്‍പ്പെടില്ലാ എന്ന്. കേരളത്തിലെ സര്‍വ്വീസ് സഹകരണബാങ്കുകള്‍ പ്രൈമറി അഗ്രിക്കള്‍ച്ചുറല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ത്തന്നെയാണ് തുടരുന്നത്.

മറിച്ചൊരു തീരുമാനം വന്നിട്ടില്ല. സര്‍വ്വീസ് സഹകരണബാങ്കുകള്‍ പ്രൈമറി അഗ്രിക്കള്‍ച്ചുറല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ്. അതിന്റെ കൂടെ ബാങ്ക് എന്നൊരു പേരുണ്ട്. സഹകരണം എന്ന് പറയുന്നത് സംസ്ഥാന വിഷയമായാണ് നിലനിന്ന് പോകുന്നത്. സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് മേഖലയിലേക്ക് കൈകടത്താനുള്ള അധികാരം കൊടുക്കലാണ് ഇത്. ബാങ്കിംഗ് ബിസിനസ് നടത്തുമ്പോള്‍ നിയന്ത്രിക്കാനുള്ള റെഗുലേറ്ററി ബോഡിതന്നെയാണ് ആര്‍.ബി.ഐ എന്നതില്‍ വെല്ലുവിളികളൊന്നും വരുന്നില്ല,”
അനില്‍ കുമാര്‍ പറഞ്ഞു.

രാജ്യത്തെ സഹകരണ പ്രസ്ഥാനത്തേയും കോടികളുടെ സമ്പാദ്യത്തെയും കുത്തകകള്‍ക്ക് കൈമാറാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് എന്നും അത്താണിയായി പ്രവര്‍ത്തിച്ചിരുന്ന സഹകരണ മേഖലയെയും സ്വകാര്യ കുത്തകകള്‍ക്ക് കൈമാറുന്നതിന് തുടക്കം കുറിക്കുന്നതിനുള്ള ഭേദഗതികള്‍ക്കാണ് പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നതെന്നും ബാങ്കിംഗ് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (കേരള) പറഞ്ഞു.

” ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് എന്നും അത്താണിയായി പ്രവര്‍ത്തിച്ചിരുന്ന സഹകരണ മേഖലയെയും സ്വകാര്യ കുത്തകകള്‍ക്ക് കൈമാറുന്നതിന് തുടക്കം കുറിക്കുന്നതിനുള്ള ഭേദഗതികള്‍ക്കാണ് പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്. 1949 ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിലെ സഹകരണ മേഖലയെ സംബന്ധിച്ച വകുപ്പുകളാണ് ഭേദഗതി ചെയ്യുന്നത്. അതോടെ സഹകരണ മേഖലയില്‍, സംസ്ഥാനങ്ങള്‍ക്ക് ഭരണഘടനാപരമായി നിലവിലുള്ള അധികാരങ്ങള്‍ പൂര്‍ണമായി കവര്‍ന്നെടുക്കപ്പെടുകയാണ്.

ഇത് രാജ്യത്തിന്റെ ഫെഡറല്‍ സമ്പ്രദായത്തിന് വിരുദ്ധമായ നടപടിയാണ്. സഹകരണ മേഖലയിലൂടെയുള്ള വായ്പകള്‍ നല്‍കുന്നതിനുള്ള അനുമതി, സഹകരണ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡിനെ അസാധുവാകാനുള്ള അധികാരം, ഒരു സഹകരണ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തന്നെ അവസാനാപ്പിക്കാനുള്ള അധികാരം, ഓഹരി നല്‍കാനുള്ള അധികാരം എന്നിവയെല്ലാം റിസര്‍വ്വ് ബാങ്ക് നിയന്ത്രണത്തിലാക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് ഭേദഗതിയിലുള്ളത്. ഇത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടനല്‍കും” ബാങ്കിംഗ് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ കേരള പ്രസ്താവനയില്‍ പറഞ്ഞു.

പി.എം.സി ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെടുത്തി സുരക്ഷിതത്വത്തിന്റെ പേരിലാണ് ഭേദഗതികള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ റിസര്‍വ്വ് ബാങ്കിന്റെ ഓഡിറ്റിങ്ങിന് വിധേയമായിരുന്ന മള്‍ട്ടി സ്റ്റേറ്റ് അര്‍ബന്‍ സഹകരണ ബാങ്കായിരുന്നു പി.എം.സി.ബാങ്ക് എന്നത് ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണെന്നും പ്രസ്താവനയില്‍ പറയുന്നു.

”ലോകമാകെ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് വലിയ തിരിച്ചടി നേരിടുകയും മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് ലോകം നീങ്ങിക്കൊണ്ടിരിക്കുകയുമാണ്. ഇന്ത്യയിലും സ്ഥിതി വിഭിന്നമല്ല.എന്നാല്‍ സാമ്രാജ്യത്വ ഉദാരവല്‍ക്കരണ നയങ്ങള്‍ ആവിഷ്‌കരിക്കുന്ന രാജ്യങ്ങളില്‍ പുതുതായി അധികാരത്തില്‍ വരുന്ന സര്‍ക്കാരുകളോട് ഇത്തരം നയങ്ങള്‍ ഉടന്‍ നടപ്പിലാക്കാന്‍ അന്തര്‍ദേശീയ ധനമൂലധനശക്തികള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഇന്ത്യയിലും ഇപ്പോള്‍ അധികാരത്തില്‍ എത്തിയ രണ്ടാം മോദി സര്‍ക്കാര്‍ അതിവേഗതയില്‍ ഈ നയങ്ങള്‍ നടപ്പിലാക്കുന്നത്. ബാങ്കിംഗ് മേഖലയിലെ മെഗാ ലയന പദ്ധതിയും തൊഴില്‍ നിയമ ഭേദഗതിയും ഇപ്പോള്‍ ബാങ്കിംഗ് നിയമ ഭേദഗതിയിലൂടെ സഹകരണ മേഖലയിലെ മാറ്റങ്ങളുമെല്ലാം ഇതിന്റെ ഭാഗമാണ്” അവര്‍ പറഞ്ഞു.

”കഴിഞ്ഞ ബജറ്റിലൂടെ കേന്ദ്ര സര്‍ക്കാര്‍ സഹകരണ സ്ഥാപനങ്ങളെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളായി കണക്കാക്കുകയും നല്‍കിവന്നിരുന്ന എല്ലാ ആനുകൂല്യങ്ങളും ഇല്ലാതാക്കുകയും ചെയ്തു.അതിന് മുന്‍പ് ആദായ നികുതിയില്‍ 80 (പി) യുടെ ആനുകുല്യം സഹകരണ മേഖലക്ക് ഇല്ലാതാക്കി. ഒരു കോടിക്ക് മുകളില്‍ പണം പിന്‍വലിച്ചാല്‍ 2 ശതമാനം നികുതി എന്നത് സഹകരണ മേഖലക്കും നടപ്പിലാക്കി. ഇത് ഏറ്റവും അധികം ബാധിക്കുക കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെയാണ്. സാമൂഹ്യക്ഷേമ പെന്‍ഷന്‍ കെ.എസ്.ആര്‍ ടി.സി.പോലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെന്‍ഷന്‍ എന്നിവക്ക് വേണ്ടി പിന്‍വലിക്കുന്ന തുകക്ക് നികുതി ഈടാക്കിയാല്‍ അത് വലിയ പ്രതിസന്ധിക്ക് കാരണമാകും. കാര്‍ഷിക സഹകരണ സംഘങ്ങള്‍ നല്‍കുന്ന വായ്പകള്‍ക്ക് നബാര്‍ഡ് നല്‍കി വരുന്ന പുന:വായ്പ കുറച്ചു കൊണ്ടുവരികയാണ്. എന്നാല്‍ മുത്തൂറ്റ് പോലുള്ള ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും നബാര്‍ഡ് നല്‍കുകയും ചെയ്യുന്നു. ഇതെല്ലാം സഹകരണ മേഖലയോടുള്ള കേന്ദ്ര നയം കൃത്യമായി വ്യക്തമാക്കപ്പെടുകയാണ്” പ്രസ്താവനയില്‍ പറയുന്നു.

ബാങ്കിംഗ് ഇതര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സഹകരണ സ്ഥാപനങ്ങളെ വിലക്കുന്ന നിര്‍ദ്ദേശവും കേരളത്തിനെ പ്രതികൂലമായി ബാധിക്കുമെന്നും അവര്‍ പറയുന്നു.

” സഹകരണ സ്ഥാപനങ്ങള്‍ ആഘോഷവേളകളില്‍ നടത്തുന്ന ഓണം ബക്രീദ് ക്രിസ്തുമസ് ചന്തകള്‍ വിപണിയില്‍ വിലനിലവാരം ഒരളവുവരെ പിടിച്ചു നിര്‍ത്തി സാധാരണക്കാരന് ന്യായമായ വിലക്ക് സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് സഹായിക്കാറുണ്ട്. സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നീതി മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിങ്ങനെ നിരവധി ബാങ്കിംഗ് ഇതര പ്രവര്‍ത്തനങ്ങള്‍ നിറുത്തലാക്കുന്നത് നീതികരിക്കാനാകുന്നതല്ല. സഹകരണ മേഖലയില്‍ ബാങ്കിംഗ് ഇതര പ്രവര്‍ത്തനങ്ങള്‍ വിലക്കുന്ന റിസര്‍വ്വ് ബാങ്ക് രാജ്യത്തെ വാണിജ്യ ബാങ്കുകളിലൂടെ, പ്രത്യേകിച്ച് പൊതുമേഖലാ ബാങ്കുകളിലൂടെ, കേന്ദ്ര സര്‍ക്കാരിന്റെ അടല്‍ പെന്‍ഷന്‍ പദ്ധതി, മ്യൂച്വല്‍ ഫണ്ടുകള്‍, വിദേശ സ്വകാര്യ ഇന്‍ഷുറന്‍സ് പ്രോഡക്ടുകള്‍ എന്നിവ വിപണനം നടത്തുന്നതിന് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതുമില്ല. ചുരുക്കത്തില്‍ രാജ്യത്തെ സഹകരണ പ്രസ്ഥാനത്തിലെ ലക്ഷം കോടികളുടെ സമ്പാദ്യത്തെയും പതുക്കെ പതുക്കെ കുത്തകകള്‍ക്ക് കൈമാറാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്,” _ബാങ്കിംഗ് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ കേരള പറഞ്ഞു.

പഞ്ചാബ് ആന്റ് മഹാരാഷ്ട്ര സഹകരണ ബാങ്കില്‍ നടന്ന അഴിമതിയുടെ പശ്ചാത്തലത്തിലാണ് സഹകരണമേഖലയില്‍ നിയന്ത്രണം ശക്തപ്പെടുത്താനുള്ള നീക്കം റിസര്‍വ് ബാങ്ക് ശക്തിപ്പെടുത്തുന്നത് എന്നാണ് പറയുന്നത്. ഇതിന് മുന്‍പും സഹകരണബാങ്കുകളെ വരുതിയിലാക്കാനുള്ള ശ്രമം റിസര്‍വ് ബാങ്ക് നടത്തിയിരുന്നു.

സഹകരകരണ മേഖലയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് നിരവധി കമ്മിറ്റികളെ നിയമിക്കുകയും അവര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്. വൈദ്യനാഥന്‍ കമ്മീഷന്‍, വൈ.എച്ച് മാലേഗം കമ്മിറ്റി, ആര്‍. ഗാന്ധി കമ്മിറ്റി തുടങ്ങിയ കമ്മറ്റികളെല്ലാം ഇതേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ കമ്മിറ്റികളൊക്കെ സഹകരണബാങ്കുകളുടെ പരിഷ്‌കരണവും നിയന്ത്രണവുമൊക്കെ ശിപാര്‍ശ ചെയ്തിട്ടുമുണ്ട്.

1966 ല്‍ സഹകരണബാങ്കുകള്‍ നേരിട്ട് ആര്‍.ബി.ഐയുടെ നിയന്ത്രണത്തില്‍ വന്നെങ്കിലും ആര്‍.ബി.ഐക്ക് സഹകരണ ബാങ്കുകളെ നിയന്ത്രിക്കുന്നതില്‍ ഒരുപാട് പരിമിതികള്‍ ഉണ്ടായിരുന്നു. സഹകരണബാങ്കുകള്‍ അതത് സംസ്ഥാനത്തിന്റെ ഭരണനിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് നിലവിലുള്ള സഹകരണ നിയമത്തിന്റേയോ മള്‍ട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആക്ടിന്റെ അടിസ്ഥാനത്തിലോ ആണ് സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്.

” 1966 ല്‍ സഹകരണ ബാങ്കുകള്‍ നേരിട്ട് റിസര്‍വ് ബാങ്കിന്റെ റഡാറിന് കീഴില്‍ വന്നെങ്കിലും ഇരട്ട നിയന്ത്രണത്തിന്റെ പ്രശ്‌നം നേരിട്ടു. മാനേജ്‌മെന്റ് തിരഞ്ഞെടുപ്പുകളുടെയും നിരവധി ഭരണപരമായ പ്രശ്‌നങ്ങളുടെയും ഓഡിറ്റിംഗിന്റെയും നിയന്ത്രണത്തിലാണ് സഹകരണ സൊസൈറ്റികളുടെ രജിസ്ട്രാര്‍. ലൈസന്‍സ് അനുവദിക്കുക, ക്യാഷ് റിസര്‍വ് നിലനിര്‍ത്തുക, നിയമാനുസൃത പണലഭ്യത, മൂലധന പര്യാപ്തത അനുപാതങ്ങള്‍, ഈ ബാങ്കുകളുടെ പരിശോധന എന്നിവ ഉള്‍പ്പെടുന്ന എല്ലാ റെഗുലേറ്ററി വശങ്ങളും ഉള്‍ക്കൊള്ളുന്ന സഹകരണ സംഘങ്ങള്‍ക്ക് ബാധകമാകുന്ന വിധത്തില്‍ റിസര്‍വ് ബാങ്ക് അവരെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിന് കീഴില്‍ കൊണ്ടുവന്നു.

അതിനാല്‍, ഒരര്‍ത്ഥത്തില്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ കീഴിലാണ്, എന്നാല്‍ ഇരട്ട നിയന്ത്രണം കാരണം, ബോര്‍ഡുകളുടെ മേല്‍നോട്ടം അല്ലെങ്കില്‍ ഡയറക്ടര്‍മാരെ നീക്കംചെയ്യല്‍ എന്നിവയില്‍ ഈ ബാങ്കുകളില്‍ അത്രയധികം നിയന്ത്രണം ഇല്ലെന്ന തോന്നല്‍ എല്ലായ്‌പ്പോഴും ഉണ്ടായിരുന്നു.” എന്നാണ് ആര്‍.ബി.ഐയുടെ മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഉഷാ തൊറാട്ട് പറഞ്ഞത്.

പഞ്ചാബ്-മഹാരാഷ്ട്ര ബാങ്കിലെ തട്ടിപ്പാണ്. ഇതിന് പിന്നാലെ ആര്‍.ബി.ഐ പുതിയ നിര്‍ദ്ദേശങ്ങള്‍ ഇറക്കിയിരുന്നു. 100 കോടിക്ക് മുകളില്‍ നിക്ഷേപമുള്ള അര്‍ബന്‍സഹകരണബാങ്കുകള്‍ക്ക് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിനു പുറമേ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് കൂടി നിര്‍ബന്ധമാക്കി ജനുവരിയില്‍ റിസര്‍വ് ബാങ്ക് അര്‍ബന്‍സഹകരണബാങ്കുകള്‍കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

സാമ്പത്തികക്രമക്കേടും വെളിപ്പെടുത്താത്ത കണക്കുകളും ആഭ്യന്തര നിയന്ത്രണത്തിലെ അപാകതകളുമൊക്കെയാണ് സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രധാനപ്പെട്ട പ്രശ്‌നങ്ങളായി ആര്‍.ബി.ഐ മുന്നോട്ട് വയ്ക്കുന്നത്. ഇതിനെ മറികടക്കാനും സഹകരണ ബാങ്കുകളെ നിയന്ത്രണത്തിലാക്കാനുമുള്ള നിര്‍ദ്ദേശങ്ങളാണ് നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബില്ലില്‍ ഉള്ളതും.

 

ബാങ്കിംഗ് ഭേദഗതി ബില്ലിലെ പ്രധാനപ്പെട്ട വ്യവസ്ഥകള്‍

1.സ്വന്തം ഓഹരികളുടെ ഉറപ്പില്‍ ഒരു സഹകരണബാങ്കും വായ്പകളോ മുന്‍കൂര്‍ പണമോ അനുവദിക്കാന്‍ പാടില്ല.

2. സഹകരണ ബാങ്കുകളുടെ ബൈലോകളോ കരാറുകളോ പ്രമേയങ്ങളോ ബില്ലിന്റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെങ്കില്‍ അസാധുവാക്കപ്പെടും.

3. ആര്‍.ബി.ഐയുടെ അനുമതിയില്ലാതെ നിലവിലെ പ്രവര്‍ത്തനപരിധിക്ക് പുറത്തായി പുതിയൊരുസ്ഥലത്ത് സഹകരണബാങ്കിന് ബിസിനസ് ആരംഭിക്കാന്‍ പാടില്ല.

4. ഡയരക്ടര്‍മാര്‍ക്കോ അവര്‍ക്ക് പങ്കാളിത്തമോ മാനേജ്‌മെന്റ് താല്പര്യമോ ഉള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്കോ സഹകരണബാങ്കുകള്‍ വായ്പകള്‍ അനുവദിക്കരുത്.

5. ഇത്തരം വായ്പകള്‍ അനുവദിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് കാട്ടി എല്ലാ മാസാവസാനത്തിന് മുന്‍പായും ആര്‍.ബി.ഐക്ക് സഹകരണബാങ്കുകള്‍ റിപ്പോര്‍ട്ട് നല്‍കണം.

6. ഇത്തരരത്തില്‍ എന്തെങ്കിലും വായ്പകള്‍ അനുവദിച്ചതായി പരിശോധനയില്‍ കണ്ടെത്തിയാല്‍ അത് തുടരുന്നത് വിലക്കിയും നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ചുപിടിക്കാന്‍ നിര്‍ദ്ദേശം നല്‍കിയും ആര്‍.ബി.ഐക്ക് ഉത്തരവിടാം.

7. ഒരു കേന്ദ്ര സഹകരണബാങ്ക് തങ്ങളുടെ പ്രവര്‍ത്തനപരിധിക്ക് ഉള്ളില്‍ പുതിയബ്രാഞ്ച് തുടങ്ങുന്നതും നിലവിലെ ബ്രാഞ്ച് മാറ്റുന്നതുമൊക്കെ ആര്‍.ബി.ഐയുടെ അനുമതിയോട് കൂടി ആവണം.

8. പൊതുജന താല്‍പര്യാര്‍ത്ഥമോ നിക്ഷേപ താല്‍പര്യാര്‍ത്ഥമോ ആര്‍.ബി.ഐക്ക് എപ്പോള്‍ വേണമെങ്കിലും സഹരണബാങ്ക് അക്കൗണ്ടുകളുടെ അഡീഷണന്‍ ഓഡിറ്റിന് ഉത്തരവിടാം.

9. സഹരണബാങ്കുകള്‍ ആര്‍.ബി.ഐ നിയമപ്രകാരം നിലവില്‍ സൂക്ഷിക്കേണ്ട ശരാശരി പ്രതിദിന ബാലന്‍സിനു പുറമേ നിശ്ചിത ശതമാനം സ്വത്തുക്കളും സൂക്ഷിക്കേണ്ടതുണ്ട്.

9.സഹകരണ ബാങ്ക് ഡയരക്ടര്‍ബോര്‍ഡ് യോഗങ്ങള്‍ നിരീക്ഷിക്കാന്‍ ആര്‍.ബി.ഐക്ക് ഒന്നിലധികം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താം

10. സഹകരണബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും ഒന്നിലേറെ ഉദ്യോഗസ്ഥരെ നിയമിക്കാം

11. ബാങ്കിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെങ്കില്‍ അഞ്ചുവര്‍ഷത്തേക്കുവരെ ഡയരക്ടര്‍ ബോര്‍ഡിന്റെ അധികാരം ആര്‍.ബി.ഐക്ക് ഏറ്റെടുത്ത് അഡ്മിനിസ്‌ട്രേറ്ററിന് നല്‍കാം

12. അഡ്മിനിസ്‌ട്രേറ്ററെ സഹായിക്കുന്നതിന് നിയമം, ധനകാര്യം, ബാങ്കിങ്, ഭരണനിര്‍വ്വഹണം, ആണ്ടെിങ് എഅക്കൗണ്ടിംഗ് എന്നിവയില്‍ വിദഗ്ദരായ മൂന്നോ അതിലധികമോ പേരുള്‍പ്പെടുന്ന സമിതിക്ക് രൂപം നല്‍കാം. ഇവരുടെ ശമ്പളം നല്‍കേണ്ടി വരിക സഹകരണബാങ്ക് ആണ്.

13 സഹകരണബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെങ്കില്‍ അവസാനിപ്പിക്കാനും ആര്‍.ബി.ഐക്ക് സാധിക്കും.

സഹകരണ മേഖലയുടെ നേരെ വളരെ മുന്നേ തന്നെ ഓങ്ങിവെച്ച കാര്യം ബാങ്കിംഗ് ഭേദഗതി ബില്ലിലൂടെ ഇപ്പോള്‍ നടപ്പാക്കിയിരിക്കുയാണെന്ന് പ്രമുഖ സഹകാരിയും സി.എം.പി നേതാവുമായ സി.പി ജോണ്‍ പറഞ്ഞു. ഈ ഭേദഗതി കേരളത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡൂള്‍ ന്യൂസിനോടാണ് അദ്ദേഹം പ്രതികരിച്ചത്.

” കേരളത്തിലെ സഹകരണ മേഖല ഇന്ത്യയുടെ ക്രെഡിറ്റ് കോര്‍പ്പറേറ്റ് സെക്ടറിന്റെ 50 ശതമാനത്തിന് മുകളിലാണ്. കോ-ഓപ്പറേറ്റീവ് ബാങ്കിംഗുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ മുഖ്യമായി ബാധിക്കുന്നത് കേരളത്തെയാണ്. ഫലത്തില്‍ ഇത് കേരളത്തിനെ ഉദ്ദേശിച്ചുകൊണ്ടുള്ള ബില്ലാണ്. അതാണ് ഇതിലെ പ്രധാനമായ കാര്യം. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം കൂടുതല്‍ കൂടുതല്‍ ക്രെഡിന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുകളില്‍ വരും. നിലവില്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് റിസര്‍വ് ബാങ്കിന്റെ കീഴിലാണ്.പിന്നീടുള്ളത് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളാണ്. ആ സൊസൈറ്റികള്‍ക്ക് നമ്മള്‍വെച്ചിരിക്കുന്ന പേര് പ്രൈമറി കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നാണ്. ബാങ്കിംഗ് എന്ന് ഉപയോഗിക്കുന്നു എന്നുമാത്രമല്ല നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് വര്‍ക്ക് ചെയ്യുന്നുണ്ട്. ഡ്രാഫ്റ്റ്, ചെക്ക് തുടങ്ങിയ കാര്യങ്ങള്‍ കൊടുക്കുന്നുണ്ട്. ഒരുബാങ്ക് ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളും സൊസൈറ്റി ചെയ്യുന്നുണ്ട്” അദ്ദേഹം പറഞ്ഞു.

‘കേരള ബാങ്കിന്റെ പ്രവര്‍ത്തനം കൊണ്ട് ജില്ലാബാങ്കുകള്‍ പിരിച്ചുവിട്ടു. അതിന്റെ ലൈസന്‍സ് റിസര്‍വ് ബാങ്കിന് തിരിച്ചുകൊടുത്തെന്നും കേരളബാങ്കെന്ന ഓമനപ്പേരിട്ട് വിളിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി സംസ്ഥാന ബാങ്കിന്റെ ശാഖകളായി ജില്ലാബാങ്കുകള്‍ മാറി ഇത് വരുന്നതോട് കൂടി തൊട്ടുതാഴെ നില്‍ക്കുന്നത് പണ്ട് ജില്ലാബാങ്കാണെങ്കില്‍ ഇപ്പോള്‍ പ്രൈമറി ബാങ്കുകളാണ്.

ആ ബാങ്കുകള്‍ക്ക് പ്രൈമറി അഗ്രിക്കള്‍ച്ചുറല്‍ കോഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് ബാങ്ക് എന്ന പേര് ഉപയോഗിക്കാന്‍ കഴിയുമോ നെഗോഷ്യബള്‍ ഇന്‍സ്ട്രുമെന്റ്‌സ് ഉപയോഗിക്കാന്‍ പറ്റുമോ? ചെക്ക് ഉപോഗിക്കാന്‍ പറ്റുമോ? പകരം വിത്‌ഡ്രോവല്‍ സ്ലിപ് എന്ന് പറയേണ്ടിവരുമോ? ഡ്രാഫ്റ്റ് സൗകര്യം കിട്ടുമോ തുടങ്ങി ഗൗരവമായ പ്രശ്‌നങ്ങള്‍ കേരളത്തിലെ ക്രെഡിറ്റ് കോഓപ്പറേറ്റീവ് മേഖലയിലേക്ക് വരാന്‍ പോകുകയാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ ചരിത്രം എടുത്തു നോക്കിയാല്‍ ഇത് വളരെ പണ്ട് മുതല്‍ തന്നെ ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഇത് ഉണ്ടായത് 1972-73 കാലഘട്ടത്തിലാണ്. ഇ. ചന്ദ്ര ശേഖരന്‍ നായര്‍ സഹകരണമന്ത്രിയും അച്യുത മോനോന്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ പ്രധാനപ്പെട്ട സംഭവം കൊണ്ടുവന്നു. നിക്ഷേപ സമാഹരണ യജ്ഞം. അന്ന് അഞ്ച് ലക്ഷം രൂപ നിക്ഷേപമുള്ള സൊസൈറ്റികളോടെല്ലാം ബാങ്ക് എന്ന് പറഞ്ഞോളാന്‍ പറഞ്ഞു. അങ്ങനെയാണ് കേരളത്തില്‍ സഹകരണ ബാങ്ക് ഉണ്ടാകുന്നത്. അവയുടെ സര്‍ട്ടിഫിക്കറ്റ് എടുത്തു നോക്കിയാല്‍ സാങ്കേതികമായി അത് സൊസൈറ്റിയാണ്. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് രണ്ട് കാര്യമാണ്. വളരെ നേരത്തെ തന്നെ ഓങ്ങിവെച്ചിരിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കി അന്ന് ഓങ്ങിയെങ്കില്‍ ഇന്ന് അടിച്ചു. പക്ഷേ കേരളാബാങ്കിന്റെ പ്രവര്‍ത്തനത്തിന്റെ ഫലമായിട്ട് ആ അടി താങ്ങാന്‍ കേരളത്തിന് പറ്റുമായിരുന്നത്രപോലും ഇപ്പോള്‍ പറ്റില്ല അദ്ദേഹം പറഞ്ഞു.

റിസര്‍വ്വബാങ്കിന്റെ ഷെഡ്യൂള്‍ഡ് ബാങ്കാണ് കേരളാ കോഓപ്പറേറ്റീവ് ബാങ്കെന്നും ജില്ലാ സഹകരണബാങ്കുകള്‍ ഷഡ്യൂള്‍ഡ് കോഓപ്പറേറ്റീവ് ബാങ്ക് അല്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പ്രൈമറി ബാങ്കുകള്‍ എന്നു പറഞ്ഞാല്‍ ഷെഡ്യൂള്‍ഡ് കോഓപ്പറേറ്റീവ് ബാങ്കിന്റെ പ്രാഥമിക സംഘങ്ങളായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും മോശം അവസ്ഥയാണിതെന്നും സ്‌റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കിന്റെ ടച്ച് പോയന്റുകളായി ഫലത്തില്‍ പ്രൈമറി കോ ഓപ്പറേറ്റീവ് ബാങ്ക് മാറാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളാബാങ്ക് പിരിച്ച് വിട്ട് ജില്ലബാങ്കുകള്‍ തുടങ്ങുക എന്നതാണ് തന്റെ അഭിപ്രായെമെന്നും എന്നാല്‍ വൈകിയ വേളയില്‍ സര്‍ക്കാറത് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു പ്രൈമറി കോപ്പറേറ്റീവ് സൗസൈറ്റികള്‍ റിസര്‍വ് ബാങ്കിന്റെ കീഴില്‍ വന്ന് അര്‍ബന്‍ബാങ്ക് ആയിക്കോളാം എന്നു പറഞ്ഞാല്‍ അവര്‍ക്ക് ബാങ്കിംഗ് ഇതര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

” പ്രൈമറി സംഘങ്ങളോട് നിങ്ങള്‍ അര്‍ബന്‍ ബാങ്ക് ആയിക്കോളൂ എന്നു പറഞ്ഞാല്‍ അവരുടെ നോണ്‍ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ ആര് ചെയ്യും? അവര് വല്ലാത്തൊരു ചെകുത്താനും കടലിനുമിടയിലാണ് നില്‍ക്കുന്നത്. ഒന്നുകില്‍ അവര്‍ സൊസൈറ്റിയായി മാറേണ്ടിവരും. ബാങ്ക് ആക്കിയാല്‍ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ മാത്രമേ ചെയ്യാന്‍ പറ്റുള്ളൂ,” അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും സഹകരണമേഖലയുടെ ശക്തമായ പിന്തുണ സംസ്ഥാനത്തിന് ഉണ്ടായിട്ടുണ്ട്. സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ സമീപിക്കാന്‍ പറ്റുന്ന ഇടങ്ങളാണ് സഹകരണബാങ്കുകള്‍. എത്രയോകാലത്തെ പ്രവര്‍ത്തനത്തിലൂടെയാണ് സഹകരണബാങ്കുകള്‍ ജനങ്ങള്‍ക്കിടയില്‍ ഇത്രയേറെ വിശ്വാസം നേടിയെടുത്തത്ത്. പ്രൈമറി അഗ്രിക്കള്‍ച്ചുറല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റികളെ ബാധിക്കില്ലെന്ന് ഇപ്പോള്‍ പറയുന്നുണ്ടെങ്കിലും കേരളത്തിലെ സഹകരണമേഖലയെ ഉന്നമിട്ടുകൊണ്ടുള്ളതു തന്നെയാണ് നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ഭേദഗതി ബില്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അളക എസ്. യമുന
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഫങ്ഷണല്‍ ഇംഗ്ലീഷില്‍ ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ.