ധാക്ക: ബംഗ്ലാദേശ് ഇനി ബാഹ്യ ഇടപെടലിന് മുന്നില്‍ കീഴടങ്ങുന്ന വിധേയ രാഷ്ട്രമല്ലെന്ന് രാജ്യത്തെ ഇടക്കാല സര്‍ക്കാരിന്റെ തലവനും നൊബേല്‍ സമ്മാന ജേതാവുമായിരുന്ന മുഹമ്മദ് യൂനുസ്.
18 മാസക്കാലമുള്ള തന്റെ ഭരണം ബംഗ്ലാദേശിന്റെ ബാഹ്യ ഇടപെടലിന്റെ മൂന്ന് പ്രധാന സ്തംഭങ്ങളായ ‘പരമാധികാരം, ദേശീയ താത്പര്യങ്ങള്‍, അന്തസ്സ് എന്നിവ പുനസ്ഥാപിച്ചതായും യൂനുസ് അവകാശപ്പെട്ടു.
ബംഗ്ലാദേശ് തെരഞ്ഞെടുപ്പിലെ ബി.എന്‍.പിയുടെ മിന്നും വിജയത്തിന് പിന്നാലെ താരിഖ് റഹ്‌മാന്‍ പുതിയ പ്രധാനമന്ത്രിയായി ഇന്ന് ചുമതലയേല്‍ക്കുന്ന പശ്ചാത്തലത്തിലാണ് യൂനുസിന്റെ പരാമര്‍ശം.
തന്റെ വിടവാങ്ങള്‍ പ്രസംഗത്തിനിടെയായിരുന്നു യൂനുസിന്റെ അവകാശവാദം.
‘ഇന്നത്തെ ബംഗ്ലാദേശ് ആത്മവിശ്വാസമുള്ളതും, സജീവവും, സ്വതന്ത്ര താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഉത്തരവാദിത്തമുള്ളതുമാണ്. അത് ഇനി കീഴടങ്ങുന്ന വിദേശനയമുള്ളതോ മറ്റ് രാജ്യങ്ങളുടെ നിര്‍ദേശങ്ങളെയും ഉപദേശങ്ങളെയും ആശ്രയിക്കുന്നതോ ആയ ഒരു രാജ്യമല്ല,’യൂനുസ് പറഞ്ഞു.
പാര്‍ട്ടി, മതം, ജാതി, ലിംഗഭേദം എന്നിവ പരിഗണിക്കാതെ നീതിയും മാനുഷികവും ജനാധിപത്യപരവുമായ ഒരു ബംഗ്ലാദേശ് കെട്ടിപ്പടുക്കുന്നതിനുള്ള പോരാട്ടം തുടരാനായി എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും ഈ അഭ്യര്‍ത്ഥനയോടെ, വളരെ ശുഭാപ്തിവിശ്വാസത്തോടെ ഞാന്‍ വിട പറയുന്നുവെന്നും യൂനുസ് പറഞ്ഞു.
പൊതുതെരഞ്ഞെടുപ്പില്‍ സായുധ സേനയുടെ സഹകരണത്തിന് ബംഗ്ലാദേശ് സൈനിക മേധാവിയോട് യൂനുസ് നന്ദി പറയുകയും ചെയ്തു. ബംഗ്ലാദേശ് സൈനിക മേധാവി വക്കര്‍ ഉസ്മാന്‍ തിങ്കളാഴ്ച്ച് അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
ബംഗ്ലാദേശില്‍ തുടര്‍ച്ചയായി 15 വര്‍ഷം കയ്യാളിയിരുന്ന മുന്‍പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു. അവാമി ലീഗ് പങ്കെടുക്കാത്ത ആദ്യത്തെ പൊതു തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്.
തെരഞ്ഞെടുപ്പ് നടന്ന 299 സീറ്റുകളില്‍ 209 സീറ്റുകള്‍ ബി.എന്‍.പി നേടിയെന്ന് ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ആകെ 300 പാര്‍ലമെന്റ് സീറ്റുകളാണ് ബംഗ്ലാദേശിലുള്ളത്. ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് റീപോളിങ് നടക്കും.
Content Highlight: Bangladesh will no longer be a subservient nation: Muhammad Yunus in his farewell speech
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.