ക്യാച്ച് എടുക്കാൻ അറിയാത്ത ബംഗ്ലാദേശ് ടീം
Cricket
ക്യാച്ച് എടുക്കാൻ അറിയാത്ത ബംഗ്ലാദേശ് ടീം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 11th December 2022, 8:13 pm

ഇന്ത്യക്കെതിരെ ഏകദിന പരമ്പര വിജയിച്ച് തങ്ങളുടെ മോശം അവസ്ഥയിൽ നിന്ന് തിരിച്ചു വരാൻ സാധിച്ചെങ്കിലും ബംഗ്ലാദേശിന് തലവേദന സൃഷ്ടിക്കുകയാണ് അവരുടെ ക്യാച്ച് എടുക്കുന്നതിലെ പാളിച്ചകൾ.

മൂന്നാം ഏകദിനത്തിൽ വിരാടിനെ പുറത്താക്കാനുള്ള ഒരു മികച്ച അവസരം ബംഗ്ലാദേശ് പ്ലെയർ ലിട്ടൻ ദാസ് നഷ്ടപെടു ത്തിയിരുന്നു. കോഹ് ലി വെറും ഒരു റൺസ് മാത്രം എടുത്ത് നിൽക്കെയാണ് ഈ സുവർണാവസരം ലിട്ടൻ കൈവിട്ട് കളഞ്ഞത്. പിന്നീട് കോഹ്‌ലി മത്സരത്തിൽ സെഞ്ച്വറി തികച്ചിരുന്നു.

പക്ഷെ ഇന്ത്യക്കെതിരായ ഈ ഒരു മത്സരത്തിൽ മാത്രമല്ല ബംഗ്ലാദേശ് ക്യാച്ച് നഷ്ടപ്പെടുത്തുന്നത്. 2022 ൽ കളിച്ച 21 ടി-20 മത്സരങ്ങളിലായി 18 തവണയാണ് ബംഗ്ലാ താരങ്ങൾ ക്യാച്ച് കൈ വിട്ടത്. ഇതിൽ ഒമ്പതെണ്ണവും ലോകകപ്പുകളിൽ ആയിരുന്നു എന്നതാണ് ഞെട്ടിക്കുന്ന ഒരു കണക്ക്.

കൂടാതെ 15 ഏകദിനങ്ങളിലായി 24ഉം ഒമ്പത് ടെസ്റ്റുകളിലായി 17 ക്യാച്ചുകളും ബംഗ്ലാദേശ് താരങ്ങൾ കൈവിട്ടു.

ബംഗ്ലാ ടീമിന്റെ ഫീൽഡിങ്‌ കോച്ചായ ഷെയിൻ മാക്ഡർമോട്ടിനും ബംഗ്ലാ താരങ്ങളുടെ തുടർച്ചയായ ഈ കൈപിഴവ് തലവേദന സൃഷ്‌ടിക്കുകയാണ്.
“എന്റെ അഭിപ്രായത്തിൽ ക്യാച്ചുകൾ നഷ്ടപ്പെടുന്നത് സ്വന്തം കഴിവിൽ വിശ്വാസമില്ലാത്തപ്പോഴാണ്. കളിക്കാരെ സമ്മർദം മറികടക്കാൻ കഠിനമായി പരിശീലിപ്പിച്ചാൽ മാത്രമേ അവർക്ക് ക്യാച്ചുകൾ പിഴവില്ലാതെ നേടാൻ സാധിക്കൂ,’ അദ്ദേഹം പറഞ്ഞു.

കൂടാതെ ബംഗ്ലാദേശ് താരങ്ങളുടെ സമ്മർദത്തിന് അടിപ്പെടുന്ന രീതി മാറ്റാൻ നിരവധി പരിശീലനങ്ങളും അദ്ദേഹം രൂപപ്പെടുത്തിയെടുക്കുന്നുണ്ട്.
“ഞങ്ങളുടെ സീനിയർ താരങ്ങൾ കഴിഞ്ഞ 15 വർഷങ്ങളായി മികച്ച ഫീൽഡിങ്‌ പ്രകടനം കാഴ്ച വെയ്ക്കുന്നുണ്ട്. യുവതാരങ്ങൾക്കാണ് മൈതാനത്ത് തെറ്റുകൾ പറ്റുന്നത്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പരമ്പര ജയിക്കാൻ സാധിച്ചെങ്കിലും അവസാന ഏകദിന മത്സരത്തിൽ ഇന്ത്യൻ ടീമിനോട് ബംഗ്ലാദേശിന് വലിയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇഷാൻ കിഷൻ ഡബിൾ സെഞ്ച്വറിയും കൊഹ്‌ലി സെഞ്ച്വറിയും നേടിയ മത്സരത്തിൽ 227 റൺസിനാണ് ഇന്ത്യൻ ടീം വിജയിച്ചത്.

Content Highlights:Bangladesh team who don’t know how to take a catch