2006ന് ശേഷം ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യം; ഇതാ ഒരു യുഗം ഇവിടെ അവസാനിച്ചിരിക്കുന്നു
Sports News
2006ന് ശേഷം ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യം; ഇതാ ഒരു യുഗം ഇവിടെ അവസാനിച്ചിരിക്കുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 12th January 2025, 3:50 pm

തങ്ങളുടെ ഇതിഹാസ താരം ഷാകിബ് അല്‍ ഹസന്‍ ഇല്ലാതെ ബംഗ്ലാദേശ് ഒരു ഐ.സി.സി ടൂര്‍ണമെന്റ് കളിക്കാന്‍ ഒരുങ്ങുകയാണ്. സൂപ്പര്‍ താരം നജ്മുല്‍ ഹൊസൈന്‍ ഷാന്റോയുടെ നേതൃത്വത്തില്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം തേടിയിറങ്ങുന്ന ബംഗ്ലാദേശ് നിരയില്‍ ഇത്തവണ ആരാധകരുടെ പ്രിയപ്പെട്ട ഓള്‍ റൗണ്ടര്‍ ഉണ്ടാകില്ല.

കളി മികവ് കൊണ്ടും കളിക്കളത്തിലെ മോശം പെരുമാറ്റം കൊണ്ടും പ്രസിദ്ധിയും കുപ്രസിദ്ധിയും ഒരുപോലെ സമ്പാദിച്ച ഷാകിബിന്റെ അഭാവം ബംഗ്ലാദേശ് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

ഷാകിബ് അല്‍ ഹസന്‍ 2019 ലോകകപ്പില്‍

 

ബൗളിങ് ആക്ഷന്റെ പേരില്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡിലും ഷാകിബ് അല്‍ ഹസന് ഇടം നേടാന്‍ സാധിക്കാതെ പോയത്. ഷാകിബ് അല്‍ ഹസന് പുറമെ സൂപ്പര്‍ താരം ലിട്ടണ്‍ ദാസും സ്‌ക്വാഡിന്റെ ഭാഗമല്ല.

ഷാകിബിന്റെ അഭാവം ടീമില്‍ വലിയ വിടവ് തന്നെ സൃഷ്ടിച്ചേക്കും. 2006 മുതല്‍ ബംഗ്ലാദേശ് യോഗ്യത നേടിയ എല്ലാ ഐ.സി.സി ടൂര്‍ണമെന്റുകളിലും ഷാകിബ് അല്‍ ഹസന്‍ കടുവക്കൂട്ടത്തിനൊപ്പമുണ്ടാകാറുണ്ട്. 2006 ചാമ്പ്യന്‍സ് ട്രോഫിയില്‍ ആരംഭിച്ച താരത്തിന്റെ ഐ.സി.സി ബിഗ് ഇവന്റ് യാത്ര മറ്റൊരു ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് മുമ്പ് അവസാനിക്കുകയാണ്.

16 വിവിധ ഐ.സി.സി ഇവന്റുകളിലാണ് ഷാകിബ് ബംഗ്ലാദേശിനെ പ്രതിനിധീകരിച്ചത്.

ബംഗ്ലാദേശിനെ പ്രതിനിധീകരിച്ച് ഷാകിബ് കളിച്ച ഐ.സി.സി ഇവന്റുകള്‍

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി 2006
ഐ.സി.സി ഏകദിന ലോകകപ്പ് 2007
ഐ.സി.സി ടി-20 ലോകകപ്പ് 2007
ഐ.സി.സി ടി-20 ലോകകപ്പ് 2009
ഐ.സി.സി ടി-20 ലോകകപ്പ് 2010
ഐ.സി.സി ഏകദിന ലോകകപ്പ് 2011
ഐ.സി.സി ടി-20 ലോകകപ്പ് 2012
ഐ.സി.സി ടി-20 ലോകകപ്പ് 2014
ഐ.സി.സി ഏകദിന ലോകകപ്പ് 2015
ഐ.സി.സി ടി-20 ലോകകപ്പ് 2016
ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി 2017
ഐ.സി.സി ഏകദിന ലോകകപ്പ് 2019
ഐ.സി.സി ടി-20 ലോകകപ്പ് 2021
ഐ.സി.സി ടി-20 ലോകകപ്പ് 2022
ഐ.സി.സി ഏകദിന ലോകകപ്പ് 2023
ഐ.സി.സി ടി-20 ലോകകപ്പ് 2024

ഇന്ത്യ കിരീടമണിഞ്ഞ 2013 ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിന് യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല.

ഷാകിബിന്റെ പ്രായം പരിഗണിച്ച് മറ്റൊരു ഐ.സി.സി ഇവന്റില്‍ ടീമിന്റെ ഭാഗമാവുക എന്നത് പ്രയാസമായിരിക്കും. 2025 ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം അടുത്ത വര്‍ഷം ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി-20 ലോകകപ്പാണ് അടുത്ത ഐ.സി.സി ബിഗ് ഇവന്റ്.

ഈ ടൂര്‍ണമെന്റില്‍ ഷാകിബ് കളിച്ചാല്‍ ഏറ്റവുമധികം ടി-20 ലോകകപ്പുകള്‍ കളിക്കുന്ന താരം എന്ന ചരിത്ര നേട്ടം രോഹിത് ശര്‍മയെ മറികടന്ന് ഒറ്റയ്ക്ക് സ്വന്തമാക്കാനും താരത്തിനാകും. എന്നാല്‍ പ്രായവും പുതുതലമുറയിലെ യുവതാരങ്ങളും അതിന് അനുവദിക്കുമോ എന്ന് കണ്ടറിയണം.

2007 മുതല്‍ 2022 വരെ വിവിധ ടി-20 ലോകകപ്പുകളില്‍ ഷാകിബ് അല്‍ ഹസന്‍ (ക്രിക്ട്രാക്കർ)

ഷാകിബ് അല്‍ ഹസന്‍ 2024 ടി-20 ലോകകപ്പില്‍

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ബംഗ്ലാദേശ് സ്‌ക്വാഡ്

നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), മഹ്‌മദുള്ള, മുസ്തഫിസുര്‍ റഹ്‌മാന്‍, സൗമ്യ സര്‍ക്കാര്‍, ജാക്കിര്‍ അലി, പര്‍വേസ് ഹൊസൈന്‍ എമോണ്‍, തന്‍സിദ് ഹസന്‍, റിഷാദ് ഹൊസൈന്‍, മെഹ്ദി ഹസന്‍ മിറാസ്, തൗഹിദ് ഹൃദോയ്, താസ്‌കിന്‍ അഹമ്മദ്, തന്‍സിം ഹസന്‍ സാഖിബ്, മുഷ്ഫിഖര്‍ റഹീം, നാസും അഹമ്മദ്, നാഹിദ് റാണ.

ഫെബ്രുവരി 20നാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിന്റെ ആദ്യ മത്സരം. ഇന്ത്യയാണ് എതിരാളികള്‍.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍

ഫെബ്രുവരി 20 vs ഇന്ത്യ – ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയം.

ഫെബ്രുവരി 24 vs ന്യൂസിലാന്‍ഡ് – റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം.

ഫെബ്രുവരി 27 vs പാകിസ്ഥാന്‍ – റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം.

(എല്ലാ മത്സരങ്ങളും ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30ന് ആരംഭിക്കും)

 

Content Highlight:  Bangladesh set to play their first ICC event without Shakib Al Hasan since 2006