ബംഗ്ലാദേശ് താരങ്ങളായ റിഷാദ് ഹൊസൈന്‍, ജാക്കിര്‍ അലി എന്നിവര്‍ക്കെതിരെ രൂക്ഷമായ അധിക്ഷേപവുമായി ഒരു കൂട്ടം പ്രൊഫൈലുകള്‍. ഇരുവരുടെയും രൂപത്തെ അധിക്ഷേപിച്ചുകൊണ്ടാണ് ഇക്കൂട്ടര്‍ രംഗത്തെത്തിയിരിക്കുന്നത്. മതപരമായ കാരണങ്ങളാല്‍ താടി നീട്ടിയതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അധിക്ഷേപം.
ബി.ജെ.പി യുവനേതാവ് യുവരാജ് ഗോകുല്‍ അടക്കമുള്ളവരും ബി.ജെ.പി അനുകൂല പേജുകളും ഈ അധിക്ഷേപത്തില്‍ മുന്‍പന്തിയിലുണ്ട്.
ഒരു രാജ്യത്തെ അന്താരാഷ്ട്ര കായിക വേദിയില്‍ പ്രതിനിധീകരിക്കുമ്പോള്‍ പ്രസന്റബിള്‍ ആയ രീതിയില്‍ വേണമെന്നാണ് അധിക്ഷേപിക്കുന്നവരുടെ മറ്റൊരു വാദം. ഇവര്‍ താടി വടിച്ചുകളയുകയോ ഷെയ്പ്പ് ചെയ്യുകയോ ചെയ്താല്‍ മതിയെന്നും ഇവര്‍ വാദിക്കുന്നു.
ബംഗ്ലാദേശ് ടീമില്‍ സമീപകാലത്ത് ബാധിച്ച രോഗമാണ് ഇന്നും ഇക്കൂട്ടര്‍ പറയുന്നുണ്ട്. മുന്‍കാലത്ത് ഗുഡ് ലുക്കിങ് ആയിരുന്ന മഹ്‌മദുള്ളയും മുഷ്ഫിഖര്‍ റഹീമും അവസാനം ഇവരുടെ അതേ രീതിയിലാണെന്നും ഇക്കൂട്ടര്‍ പറഞ്ഞുവെക്കുന്നുണ്ട്.
പോസ്റ്റിന്റെ കമന്റ് സെക്ഷനിലും വ്യക്ത്യാധിക്ഷേപം നിറഞ്ഞുനില്‍ക്കുകയാണ്. കളിക്കളത്തിലെ ഇവരുടെ പ്രകടനത്തെ വിലയിരുത്താതെ രൂപത്തിന്റെ പേരില്‍ കളിയാക്കാനാണ് പലരും ശ്രമിക്കുന്നത്.
കേരളത്തില്‍ കൂലിപ്പണിക്ക് വരുന്ന ബംഗാളികളെ കാണാന്‍ ഇതിലും വ്യത്തിയുണ്ട്, ആറാം നൂറ്റാണ്ടിലെ കാട്ടറബിയുടെ അതേ ലുക്ക്, ബാഹുബലിയിലെ കാലകേയന്റെ ടീമാണെന്ന് തോന്നുന്നു ഇങ്ങനെ പോകുന്നു അധിക്ഷേപ കമന്റുകള്‍.
എന്നാല്‍ ഈ അധിക്ഷേപങ്ങളെ വിമര്‍ശിച്ച്, ബംഗ്ലാദേശ് താരങ്ങള്‍ക്ക് പിന്തുണയുമായും ആളുകളെത്തുന്നുണ്ട്. രവീന്ദ്രനാഥ ടാഗോറിന്റെയും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെയും നരേന്ദ്ര മോദിയുടെും ഹര്‍ഭജന്‍ സിങ്ങിന്റെയും താടി പ്രശ്‌നമില്ലാത്ത ആളുകളാണ് ഇവരെ അധിക്ഷേപിക്കുന്നതൊന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
അറബി നാമത്തിലുള്ള ഒരുവന്‍ താടി വെച്ചാല്‍ പലര്‍ക്കും പ്രാകൃതമായും വൃത്തിഹീനമായും തോന്നുന്നത് മനസ്സില്‍ കുടിയേറിയ ഇസ്‌ലാമോഫോബിയ കൊണ്ടും വര്‍ഗീയമനോഭാവം കൊണ്ടും മാത്രമാണെന്നും ഇവര്‍ പറയുന്നു.
അതേസമയം, കഴിഞ്ഞ ദിവസം പാകിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാകിസ്ഥാനോട് പരാജയപ്പെട്ടതിന് പിന്നാലെ ബംഗ്ലാദേശ് ഫൈനല്‍ കാണാതെ പുറത്തായിരുന്നു. പാകിസ്ഥാന്‍ ഉയര്‍ത്തിയ 136 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ബൗളിങ്ങില്‍ പുലര്‍ത്തിയ ആധിപത്യം ബാറ്റിങ്ങില്‍ തുടരാന്‍ സാധിക്കാതെ പോയതാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്.
ഞായറാഴ്ചയാണ് ഏഷ്യാ കപ്പിന്റെ ഫൈനല്‍ മത്സരം. ബംഗ്ലാദേശിനെ തോല്‍പിച്ചെത്തിയ പാകിസ്ഥാന് കിരീടപ്പോരാട്ടത്തില്‍ ഇന്ത്യയെ നേരിടും.
Content Highlight: Bangladesh players Zakir Ali and Rishad Hossain subjected to abuse