‘ഏഷ്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ടീം’ ബംഗ്ലാദേശ് ആരാധകര്‍ തങ്ങളുടെ ടീമിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. എന്നാല്‍ ഏഷ്യയിലെ എന്നല്ല ക്രിക്കറ്റിലെ തന്നെ ഒരു ടീമിനുമില്ലാത്ത മോശം നേട്ടമാണ് ഇപ്പോള്‍ ഒരു അസോസിയേറ്റ് ടീം ബംഗ്ലാദേശിന് സമ്മാനിച്ചിരിക്കുന്നത്.
ബംഗ്ലാ കടുവകള്‍ കിരീടം നേടുന്ന ‘നല്ലകാലം’ സ്വപ്‌നം കണ്ടുകഴിയുന്ന ആരാധകര്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചിരിക്കുയാണ് യു.എ.ഇ. ബംഗ്ലാദേശിനെതിരെ ടി-20 പരമ്പര സ്വന്തമാക്കിയാണ് യു.എ.ഇ ചരിത്രമെഴുതിയിരിക്കുന്നത്.
മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1നാണ് അസോസിയേറ്റ് ടീം സ്വന്തമാക്കിയത്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു കുഞ്ഞന്‍മാരുടെ വിജയം.
ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് 27 റണ്‍സിന് വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ രണ്ട് വിക്കറ്റിന് വിജയം സ്വന്തമാക്കി യു.എ.ഇ തിരിച്ചടിച്ചു. അട്ടിമറിയെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കാത്ത കളിച്ചുനേടിയ വിജയമായിരുന്നു ടീം സ്വന്തമാക്കിയത്.
വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാന്‍ സാധിക്കുന്ന മൂന്നാം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടി. 34 പന്തില്‍ 41 റണ്‍സടിച്ച ജാകിര്‍ അലിയാണ് ടോപ് സ്‌കോറര്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇ അലിഷാന്‍ ഷറഫു (47 പന്തില്‍ പുറത്താകാതെ 68), ആസിഫ് ഖാന്‍ (26 പന്തില്‍ പുറത്താകാതെ 41) എന്നിവരുടെ കരുത്തില്‍ അഞ്ച് പന്ത് ശേഷിക്കെ വിജയലക്ഷ്യം മറികടന്നു.
Alishan Sharafu starred with the bat in UAE’s seven-wicket win in the T20I series decider against Bangladesh.
The stylish right-hander hit five 4s and three 6s in his 47-ball unbeaten 68! 👏👏 pic.twitter.com/NnOXRoiyCO
— UAE Cricket Official (@EmiratesCricket) May 21, 2025
യു.എ.ഇക്കെതിരെ പരമ്പര നഷ്ടപ്പെടുത്തിയതോടെ ഒരു മോശം നേട്ടം ബംഗ്ലാദേശ് തങ്ങളുടെ പേരില്‍ കുറിച്ചു. രണ്ട് വിവിധ അസോസിയേറ്റ് ടീമുകളോട് പരാജയപ്പെടുന്ന ആദ്യ ഐ.സി.സി ഫുള്‍ മെമ്പര്‍ ടീം എന്ന അനാവശ്യ നേട്ടമാണ് ബംഗ്ലാ കടുവകളുടെ പേരില്‍ കുറിക്കപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം യു.എസ്.എക്കെതിരെയാണ് ബംഗ്ലാദേശ് പരമ്പര തോറ്റത്. കഴിഞ്ഞ വര്‍ഷം മെയില്‍ നടന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 2-1നായിരുന്നു ബംഗ്ലാദേശിന്റെ തോല്‍വി.
യു.എ.ഇക്കെതിരായ പരമ്പര തോല്‍വിക്ക് ശേഷം അടുത്ത ടി-20 സീരീസിനാണ് ബംഗ്ലാദേശ് ഒരുങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കായി കടുവകള്‍ പാകിസ്ഥാനില്‍ പര്യടനം നടത്തും. മെയ് 28നാണ് പരമ്പരയിലെ ആദ്യ മത്സരം. ഗദ്ദാഫി സ്റ്റേഡിയമാണ് വേദി.
Content Highlight: Bangladesh became the first full member team to lose a T20 series against two associate teams.