നാണംകെട്ട് പാകിസ്ഥാന്‍; ചരിത്രമെഴുതി ബംഗ്ലാദേശ്
Cricket
നാണംകെട്ട് പാകിസ്ഥാന്‍; ചരിത്രമെഴുതി ബംഗ്ലാദേശ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 23rd July 2025, 10:39 am

ബംഗ്ലാദേശ് പര്യടനത്തിലെ രണ്ടാം ടി – 20 മത്സരത്തിലും പരാജയപ്പെട്ട് പാകിസ്ഥാന്‍. മിര്‍പുര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് റണ്‍സിന്റെ തോല്‍വിയാണ് ആതിഥേയരോട് പാകിസ്ഥാന്‍ വഴങ്ങിയത്. ഇതോടെ പരമ്പരയും പാകിസ്ഥാന് നഷ്ടമായി.

മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഒന്നാം മത്സരത്തിലും പാകിസ്ഥാന്‍ ബംഗ്ലാദേശിനോട് ദയനീയമായി തോറ്റിരുന്നു. അന്ന് ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് വഴങ്ങിയത്. ഇതോടെയാണ് ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കിയത്.

പരമ്പര നേടിയതോടെ ഒരു ചരിത്രവും ബംഗ്ലാ കടുവകള്‍ സൃഷ്ടിച്ചു. പാകിസ്ഥാനെതിരെ രണ്ടിലധികം മത്സരങ്ങളുള്ള ഒരു ടി – 20 പരമ്പര ആദ്യമായാണ് ബംഗ്ലാദേശ് സ്വന്തമാക്കുന്നത്.

അതേസമയം, രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ 133 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. കടുവകള്‍ക്കായി ജാക്കിര്‍ അലിയും മെഹ്ദി ഹസനുമാണ് മികച്ച പ്രകടനം നടത്തിയത്. ജാക്കിര്‍ അലി അര്‍ധ സെഞ്ച്വറി നേടിയാണ് ബംഗ്ലാദേശിന്റെ സ്‌കോര്‍ ബോര്‍ഡിനെ ചലിപ്പിച്ചത്. 48 പന്തുകള്‍ നേരിട്ട് അഞ്ച് സിക്സും ഒരു ഫോറും അടക്കം 55 റണ്‍സാണ് താരം നേടിയത്.

ജാക്കിര്‍ അലിയ്ക്ക് ഉറച്ച പിന്തുണ നല്‍കി മെഹ്ദി ഹസനും ക്രീസില്‍ നിന്നു. വിലപ്പെട്ട 33 റണ്‍സാണ് ഹസന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 25 പന്തുകള്‍ നേരിട്ട താരം രണ്ട് വീതം സിക്സറും ഫോറും അടിച്ചാണ് ഇത്രയും സ്‌കോര്‍ സ്വന്തമാക്കിയത്. മറ്റാര്‍ക്കും വലിയ സംഭാവന നല്‍കാനായില്ല.

പാകിസ്ഥാനായി സല്‍മാന്‍ മിര്‍സ, അഹമ്മദ് ഡാനിയല്‍, അബ്ബാസ് അഫ്രീദി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. മുഹമ്മദ് നവാസും ഫഹീം അഷറഫും ശേഷിക്കുന്ന വിക്കറ്റുകള്‍ നേടി.

മറുപടി ബാറ്റിങ്ങില്‍ പാകിസ്താന്റെ തകര്‍ച്ചക്കാണ് ആരാധകര്‍ സാക്ഷിയത്. സ്‌കോര്‍ ബോര്‍ഡില്‍ 15 റണ്‍സ് ചേര്‍ത്തപ്പോഴേക്കും അഞ്ച് പേരാണ് കൂടാരം കയറിയത്. വലിയ നാണക്കേടില്‍ നിന്ന് സന്ദര്‍ശകരെ രക്ഷിച്ചത് ഫഹീം അഷ്റഫിന്റെ ഒറ്റയാള്‍ പോരാട്ടമാണ്.

ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോഴും താരം അര്‍ധ സെഞ്ച്വറിയുമായി പാകിസ്ഥാനെ താങ്ങി നിര്‍ത്തി. 32 പന്തുകള്‍ നേരിട്ട് താരം 51 റണ്‍സ് നേടിയാണ് പാകിസ്ഥാനെ വമ്പന്‍ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. നാല് വീതം സിക്സറും ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.


18ാം ഓവറിന്റെ അവസാനം വരെ പിടിച്ച നിന്നാണ് അഷ്റഫ് മടങ്ങിയത്. അതുവരെ പാകിസ്ഥാന് വിജയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ പിന്നാലെ വന്ന ഡാനിയാലും അവസാന ഓവറില്‍ മടങ്ങിയതോടെ അഷ്റഫിന്റെ പോരാട്ടം വിഫലമായി.

Content Highlight: Ban vs Pak: Bangladesh register first ever T20I series win over Pakistan