ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാം മത്സരത്തില്‍ പരാജയപ്പെട്ട സന്ദര്‍ശകര്‍ പരമ്പരയില്‍ 2-1ന് പിന്നിലാണ്. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 22 റണ്‍സിന്റെ പരാജയമാണ് സന്ദര്‍ശകര്‍ക്ക് നേരിടേണ്ടി വന്നത്.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 193 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 170 റണ്‍സിന്പുറത്താവുകയായിരുന്നു. അനായാസം വിജയിക്കാന്‍ സാധിക്കുമെന്ന ഇന്ത്യയുടെ സകല കണക്കുകൂട്ടലുകളും തെറ്റിച്ചാണ് സന്ദര്‍ശകര്‍ ജയിച്ചുകയറിയത്.
അവസാന നിമിഷം വരെ പോരാടിയ രവീന്ദ്ര ജഡേജയുടെ അപരാജിത അര്‍ധ സെഞ്ച്വറിക്കും ഇന്ത്യയുടെ തോല്‍വി ഒഴിവാക്കാന്‍ സാധിച്ചില്ല.
ഇപ്പോള്‍ ഈ മത്സരത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും 1983 ലോകകപ്പ് വിന്നിങ് ടീമിലെ പ്രധാന താരവുമായിരുന്ന ബല്‍വീന്ദര്‍ സിങ് സന്ധു. ജഡേജയ്ക്ക് സമ്മര്‍ദം താങ്ങാന്‍ സാധിച്ചില്ലെന്നും തന്റെ ബാറ്റിങ് പാര്‍ട്ണറില്‍ താരം വിശ്വാസമര്‍പ്പിച്ചില്ലെന്നും സന്ധു പറഞ്ഞു.
‘അണ്ടര്‍ 19 കാലഘട്ടം മുതല്‍ തന്നെ എനിക്ക് അവനെ (രവീന്ദ്ര ജഡജേ) അറിയാം. പ്രായത്തില്‍ കവിഞ്ഞ പക്വത അവന്‍ പ്രകടിപ്പിച്ചിരുന്നു. സമ്മര്‍ദ ഘട്ടത്തില്‍ ബുദ്ധിപൂര്‍വമുള്ള കളിയും അവന്‍ പുറത്തെടുത്തിരുന്നു.
എന്നാല്‍, ഇത്തവണ അവന്‍ തന്റെ ബാറ്റിങ് പാര്‍ട്ണറെ വിശ്വസിച്ചില്ല. ഒരുപക്ഷേ പരാജയപ്പെടുമെന്ന ഭയമോ സമ്മര്‍ദമോ ആയിരിക്കാം അതിന് കാരണം,’ മിഡ് ഡേയിലെ തന്റെ കോളത്തില്‍ സന്ധു കുറിച്ചു.
ജഡേജ ബുംറയില്‍ വിശ്വാസം പ്രകടിപ്പിക്കണമായിരുന്നു എന്നും സന്ധു പറഞ്ഞു.
‘ബുംറ മികച്ച രീതിയില്‍ പന്ത് ഡിഫന്‍ഡ് ചെയ്യുന്നുണ്ടായിരുന്നു, ജഡേജ അവനെ വിശ്വസിക്കണമായിരുന്നു. സ്‌ട്രൈക്ക് നിലനിര്‍ത്തുന്നതിനെ കുറിച്ച് ചിന്തിക്കാതെ അവന്‍ നാലാം പന്തില്‍ ഷോട്ട് കളിക്കേണ്ടിയിരുന്നു. അവസാന രണ്ട് പന്തില്‍ അവന്‍ സ്വയം പിന്തുണച്ചിരുന്നെങ്കില്‍ ഒരു ബൗണ്ടറി നേടാനുള്ള സാധ്യതയുണ്ടായിരുന്നു,’ സന്ധു കൂട്ടിച്ചേര്‍ത്തു.
ലോര്‍ഡ്സില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 193 റണ്‍സിന്റെ താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റിരുന്നു. നാലാം ദിവസത്തെ മത്സരം പൂര്‍ത്തിയാകും മുമ്പേ ഇന്ത്യയ്ക്ക് നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു.
ഓപ്പണര്‍ യശസ്വി ജെയ്സ്വാളും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ആകാശ് ദീപുമടക്കമുള്ള നാല് വിക്കറ്റുകളാണ് നാലാം ദിവസം അവസാനിക്കും മുമ്പ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്.
അഞ്ചാം ദിവസം തുടക്കത്തിലേ റിഷബ് പന്തിനെയും കെ.എല്‍. രാഹുലിനെയും നഷ്ടപ്പെട്ട ഇന്ത്യ പരാജയം മുമ്പില്‍ കണ്ടു. 41/1 എന്ന നിലയില്‍ നിന്നും 82/7 എന്ന നിലയിലേക്ക് ഇന്ത്യ വീണു. എന്നാല്‍ ഒരു വശത്ത് നിന്ന് രവീന്ദ്ര ജഡേജ പൊരുതിയതോടെ ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രതീക്ഷയും കൈവന്നു.
അവസാന വിക്കറ്റില്‍ മുഹമ്മദ് സിറാജിനൊപ്പം ചേര്‍ന്ന് ചെറുത്തുനിന്നെങ്കിലും വിജയലക്ഷ്യത്തിന് 22 റണ്‍സകലെ ഇന്ത്യയ്ക്ക് പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു.
ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്സും ജോഫ്രാ ആര്‍ച്ചറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ബ്രൈഡന്‍ കാര്‍സ് രണ്ട് ഇന്ത്യന്‍ താരങ്ങളെ മടക്കിയപ്പോള്‍ ഷോയ്ബ് ബഷീറും ക്രിസ് വോക്സും ഓരോ വിക്കറ്റ് വീതവും നേടി ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചു.
ജൂലൈ 23നാണ് പരമ്പരയിലെ നാലാം മത്സരം. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡാണ് വേദി.
Content Highlight: Balwinder Singh Sandhu about Lords Test and Ravindra Jadeja