കൈയടിച്ചു... കണ്ണ് നിറച്ചു... ഈ വര്‍ഷത്തെ ഏറ്റവും ബെസ്റ്റ്, അത്ഭുത'ബാലന്‍'
D-Review
കൈയടിച്ചു... കണ്ണ് നിറച്ചു... ഈ വര്‍ഷത്തെ ഏറ്റവും ബെസ്റ്റ്, അത്ഭുത'ബാലന്‍'
അമര്‍നാഥ് എം.
Friday, 19th June 2026, 4:30 pm

ബാലന്‍ എന്ന പേരിന് മലയാളസിനിമയില്‍ ഒഴിവാക്കാനാകാത്ത സ്ഥാനമുണ്ട്. മലയാളത്തിലെ ആദ്യ ശബ്ദചിത്രത്തിന്റെ പേര് ബാലന്‍ എന്നായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം അതേ പേരില്‍ മറ്റൊരു സിനിമ എത്തുമ്പോള്‍ മികച്ച സിനിമയില്‍ കുറഞ്ഞതൊന്നും പ്രേക്ഷകന് സമ്മാനിക്കുന്നില്ല. മറ്റ് ഭാഷയിലെ സിനിമാപ്രേമികള്‍ക്ക് മുന്നില്‍ അഭിമാനത്തോടെ ‘ഇത് താന്‍ടാ മലയാള സിനിമ’ എന്ന് പറയാന്‍ കഴിയുന്ന തരത്തിലാണ് ബാലന്‍.

ബാലന്‍ Photo: Theatrical poster

അനൗണ്‍സ്‌മെന്റ് സമയത്ത് ഫീല്‍ ഗുഡ് സിനിമയാകുമെന്ന് കരുതിയവര്‍ക്ക് മുന്നില്‍ ത്രില്ലര്‍ എക്‌സ്പീരിയന്‍സ് നല്‍കിക്കൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയ്‌ലര്‍ പുറത്തുവിട്ടത്. പല നാടുകളില്‍, പല പേരുകളില്‍ കഴിയുന്ന ഒരു അമ്മയുടെയും മകന്റെയും കഥ. അതാണ് ജിത്തു മാധവന്‍ എഴുതിവെച്ച ബാലന്‍. ആദ്യ സീനില്‍ തന്നെ പ്രേക്ഷകരെ ഹുക്ക് ചെയ്യിക്കാന്‍ ചിത്രത്തിന് സാധിച്ചു.

ബാലന്‍ Photo: Theatrical poster

ആരാണ് ആ അമ്മയും മകനും, എന്തിനാണ് അവര്‍ ഇങ്ങനെ പല നാടുകളില്‍ ജീവിക്കുന്നത് എന്നതിന് ആദ്യമൊന്നും ഒരു വ്യക്തതയും ലഭിക്കുന്നില്ല. എന്നിരുന്നാലും ഈ രണ്ട് കഥാപാത്രങ്ങളുടെ കൂടെ നമ്മളും സഞ്ചരിക്കും. അവരുടെ സന്തോഷത്തില്‍ നമ്മളും സന്തോഷിക്കും. വളരെ ചെറിയ സമയം കൊണ്ട് പ്രധാന കഥാപാത്രങ്ങളുമായി ഇമോഷണല്‍ കണക്ഷന്‍ ക്രിയേറ്റ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ഗ്രേ ഷെയ്ഡുള്ളവരാണ്. എന്നിരുന്നാലും അവരില്‍ ആരോടും നമുക്ക് വെറുപ്പ് തോന്നില്ല. ആ കഥാപാത്രങ്ങള്‍ എന്തുകൊണ്ട് അങ്ങനെ മാറിയെന്ന് ചെറിയ സമയം കൊണ്ട് പറഞ്ഞുവെക്കുന്നുണ്ട്. ആവേശം പോലെ ഒരു കളര്‍ഫുള്‍ എന്റര്‍ടൈനറൊരുക്കിയ ജിത്തു മാധവന്റെ ഏറ്റവും മികച്ച സ്‌ക്രിപ്‌റ്റെന്ന് ബാലനെ വിശേഷിപ്പിക്കാം. കോമഡിക്ക് കോമഡിയും ത്രില്ലിന് ത്രില്ലും ഇമോഷന് ഇമോഷനും ചേര്‍ന്ന പെര്‍ഫക്ട് പാക്കേജാണ് ബാലന്‍. ഈയടുത്ത് വന്നതില്‍ ഏറ്റവും മികച്ച സ്‌ക്രിപ്റ്റാണ് ബാലന്റേത്.

ബാലന്‍ Photo: Screen grab/ Zee Music

 

അങ്ങേയറ്റം ടെന്‍ഷനടിപ്പിച്ച ഇന്റര്‍വല്‍ പോര്‍ഷനും കണ്ണ് നിറയിച്ച്, കൈയടിപ്പിച്ച ക്ലൈമാക്‌സും ബാലനെ കൂടുതല്‍ മികച്ചതാക്കി. പല നാടുകളില്‍ പല പേരുകളില്‍ ജീവിക്കുന്നതിന്റെ കാരണം വ്യക്തമാക്കുന്ന സീനുകളെല്ലാം ഗംഭീരമായിരുന്നു. അടുത്ത സ്റ്റേറ്റ് അവാര്‍ഡില്‍ മിനിമം അഞ്ച് അവാര്‍ഡെങ്കിലും ബാലന്‍ കീശയിലാക്കുമെന്ന് ഉറപ്പാണ്.

ഫര്‍സാന പാലത്തിങ്കല്‍ Photo: Screen grab/ Zee Music

പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആദിശേഷന്‍, ഫര്‍സാന പാലത്തിങ്കല്‍, മുഹമ്മദ് സിയാന്‍… മലയാളസിനിമക്ക് ഒരു മുതല്‍ക്കൂട്ടായി ഇവര്‍ മാറുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. സിനിമയെ ഇത്ര ഗംഭീരമായി ഷോള്‍ഡര്‍ ചെയ്യാന്‍ ഈ മൂന്ന് പേര്‍ക്കും സാധിച്ചിട്ടുണ്ട്. പല ഗെറ്റപ്പില്‍, പല ഇമോഷനുകള്‍ കണ്‍വേ ചെയ്യുന്ന കഥാപാത്രമാണ് ഫര്‍സാനയുടേത്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ സംസ്ഥാന അവാര്‍ഡ് തന്റെ ഷെല്‍ഫിലെത്തിക്കുമെന്ന് ഉറപ്പാണ്.

ഡയലോഗുകള്‍ അധികമില്ലെങ്കിലും സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്ന ആദിശേഷന്റെ പ്രകടനവും മനസില്‍ തങ്ങി നില്‍ക്കുന്ന ഒന്നാണ്. നിഷ്‌കളങ്കമായ നോട്ടവും ചില നേരത്തെ കിടിലന്‍ കൗണ്ടറുകളുമെല്ലാം ഗംഭീരമായിരുന്നു. രണ്ടാം പകുതിയിലെത്തുന്ന മുഹമ്മദ് സിയാനും കണ്ണ് നിറയിക്കുന്ന പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്.

ആദിശേഷന്‍ Photo: Screen grab/ Zee Music

 

സംവിധാനത്തെക്കാള്‍ അഭിനയത്തിലാണ് താന്‍ പുലിയെന്ന് ജീന്‍ പോള്‍ ലാല്‍ ഒരിക്കല്‍ കൂടി തെളിയിച്ചു. പല ലെയറുകളുള്ള പവിത്രന്‍ എന്ന പൊലീസ് കഥാപാത്രം ജീന്‍ പോളില്‍ ഭദ്രമായിരുന്നു. ചില സീനുകളില്‍ സാക്ഷാല്‍ ലാലിനെ ഓര്‍മിപ്പിക്കുന്ന മാനറിസങ്ങളായിരുന്നു ജീന്‍ പോളിന്റേത്. ക്യാമറക്ക് മുന്നില്‍ അരങ്ങേറിയ പുതുമുഖം ഗിരീഷ് എ.ഡിയും ഗംഭീരമാക്കി. ഗിരീഷ്- ജീന്‍ പോള്‍ കോമ്പോ ഒരു ഫ്രഷ്‌നസ് സമ്മാനിച്ചു.

ജീന്‍ പോള്‍ ലാല്‍ Photo: Screen grab/ Zee Music

അതിഥിവേഷത്തിലെത്തിയ ടൊവിനോയും ബാലനില്‍ തന്റെ സ്ഥാനം ഗംഭീരമായി അടയാളപ്പെടുത്തി. ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് ടൊവി ബാലനില്‍ പ്രത്യക്ഷപ്പെട്ടത്. അബ്ബാസ് എന്ന കഥാപാത്രം താരത്തിന്റെ കരിയറിലെ മികച്ച ഒന്നാണെന്ന് സംശയമില്ലാതെ പറയാം. ഏറെക്കാലത്തിന് ശേഷം ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തിയ ബീന ആന്റണിയും ഗംഭീര പ്രകടനമായിരുന്നു. ഒന്ന് പൊട്ടിക്കാന്‍ തോന്നുന്ന തരത്തില്‍ ഇറിറ്റേറ്റിങ്ങായിട്ടുള്ള കഥാപാത്രമായിരുന്നു ബീന ആന്റണിയുടെ ഷംനത്താ.

ബീന ആന്റണി, ടൊവിനോ Photo: Screen grab/ Zee Music

വളരെ ചെറിയ സ്‌ക്രീന്‍ ടൈം കൊണ്ട് കണ്ണും മനസും നിറച്ച ഡോളി ജൂണിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. ഒരു പ്രത്യേക കണക്ഷന്‍ ഈ കഥാപാത്രത്തോട് തോന്നിപ്പോയി. ആദ്യ സിനിമയാണെന്ന് തോന്നിക്കാത്ത പ്രകടനമായിരുന്നു ഡോളിയുടേതും.

ക്യാമറക്ക് മുന്നില്‍ നിന്നവര്‍ക്കൊപ്പം പിന്നില്‍ നിന്നവരും കട്ടക്ക് സ്‌കോര്‍ ചെയ്തിട്ടുണ്ട്. സുഷിന്റെ തിരിച്ചുവരവായി ബാലനെ കണക്കാക്കാം. ക്ലാസ് ബി.ജി.എമ്മുകളുമായി സുഷിന്‍ കളംനിറഞ്ഞു. ‘താക്കോല്‍’ എന്ന പാട്ടിന്റെ കമ്പോസിഷനും ഗംഭീരം. ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ അടിച്ചുവിട്ട സ്‌കോറിന് പ്രത്യേക കൈയടി.

ബാലന്‍ Photo: Screen grab/ Zee Music

രണ്ടരമണിക്കൂര്‍ സിനിമയെ ഒരിടത്തും ബോറടിപ്പിക്കാതെ ഒരു സീനില്‍ നിന്ന് അടുത്ത സീനിലേക്ക് ഒഴുകിയ വിവേക് ഹര്‍ഷന്റെ കട്ടുകള്‍, തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെയുള്ള ലൊക്കേഷനുകളെ ഒപ്പിയെടുത്ത ഷൈജു ഖാലിദിന്റെ ക്യാമറാക്കണ്ണുകള്‍, ബാലന്റെയും അമ്മയുടെയും അബ്ബായുടെയും ലോകം സൃഷ്ടിച്ച അജയന്‍ ചാലിശ്ശേരിയുടെ ക്രാഫ്റ്റ് എന്നിങ്ങനെ ഓരോ ഡിപ്പാര്‍ട്ട്‌മെന്റും നൂറ് ശതമാനം ഈ സിനിമക്ക് നല്‍കിയിട്ടുണ്ട്.

ബാലന്‍ Photo: Theatrical poster

മോളിവുഡില്‍ അധികം സംവിധായകര്‍ക്ക് സ്വന്തമാക്കാനാകാത്ത ഹാട്രിക് ഹിറ്റ് എന്ന നേട്ടം ചിദംബരം സ്വന്തം പേരിലാക്കിയിരിക്കുകയാണ്. ചില സിനിമകള്‍ കണ്ട ശേഷം മറക്കും, മറ്റ് ചിലത് കണ്ട് കഴിഞ്ഞശേഷം ചിന്തിപ്പിക്കും, അപൂര്‍വം ചില സിനിമകള്‍ മാത്രമേ കണ്ടുകഴിഞ്ഞാലും നമ്മുടെ കൂടെ സഞ്ചരിക്കുകയുള്ളൂ. ബാലന്‍ അത്തരത്തിലൊന്നാണ്. ടിക്കറ്റെടുക്കുന്ന പ്രേക്ഷകര്‍ക്ക് നല്ല സിനിമ കണ്ടു എന്ന സംതൃപ്തിയില്‍ നെഞ്ചും വിരിച്ച് ഇറങ്ങി വരാമെന്ന കാര്യത്തില്‍ നൂറ് ശതമാനം ഗ്യാരണ്ടി.

Content Highlight: Balan movie review

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം