| Saturday, 8th March 2025, 7:57 pm

ഇങ്ങനെയൊക്കെ ഒരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകുമോ എന്ന് ലാലേട്ടനെക്കുറിച്ച് ആ അന്യഭാഷാനടന്‍ എന്നോട് ചോദിച്ചു: ബാലാജി ശര്‍മ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ-സീരിയല്‍ രംഗത്ത് വര്‍ഷങ്ങളായി നിറഞ്ഞുനില്‍ക്കുന്ന നടനാണ് ബാലാജി ശര്‍മ. ദൃശ്യം, 2018, ദ ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ബാലാജി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് 2014ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മിസ്റ്റര്‍ ഫ്രോഡ്. ചിത്രത്തിന്റെ ഷൂട്ടിങ് ഓര്‍മകള്‍ പങ്കുവെക്കുകയാണ് ബാലാജി ശര്‍മ.

ചിത്രത്തില്‍ വില്ലനായി എത്തിയത് തെലുങ്ക് താരം ദേവ് ഗില്ലായിരുന്നു. മോഹന്‍ലാല്‍ മറ്റ് ആര്‍ട്ടിസ്റ്റുകളോട് ഇടപഴകുന്നത് കണ്ട് ദേവ് ഗില്‍ അത്ഭുതപ്പെട്ടെന്ന് ബാലാജി ശര്‍മ പറഞ്ഞു. തെലുങ്കില്‍ റാം ചരണിനെപ്പോലെ വലിയ സൂപ്പര്‍സ്റ്റാറുകളുടെ കൂടെ അഭിനയിച്ച നടനാണ് അയാളെന്നും അവരൊക്കെ ഷോട്ട് എടുത്ത ശേഷം മൈന്‍ഡ് ചെയ്യാതെ പോകുന്നതാണ് പതിവെന്ന് അയാള്‍ തന്നോട് പറഞ്ഞെന്നും ബാലാജി ശര്‍മ കൂട്ടിച്ചേര്‍ത്തു.

അത്തരം അനുവങ്ങളിലൂടെ വന്ന നടന് മോഹന്‍ലാലിന്റെ പെരുമാറ്റരീതി കണ്ട് അത്ഭുതം തോന്നിയെന്നും ബാലാജി പറയുന്നു. ഇങ്ങനെയൊക്കെ ഒരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകുമോ എന്നാണ് അയാള്‍ ചോദിച്ചതെന്നും ബാലാജി ശര്‍മ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിന്റെ സ്വഭാവം അങ്ങനെയാണെന്നും അദ്ദേഹത്തിലേക്ക് എല്ലാവരും അട്രാക്ടാകുമെന്നും ബാലാജി ശര്‍മ പറഞ്ഞു.

അഞ്ച് ദിവസം മോഹന്‍ലാലിനൊപ്പം അഭിനയിച്ചാല്‍ അദ്ദേഹത്തിലെ ശാന്തതയും മാനറിസവും നമുക്ക് കിട്ടുമെന്നും ബാലാജി കൂട്ടിച്ചേര്‍ത്തു. അത്രമാത്രം കാപ്റ്റിവേറ്റിങ് പവറാണ് മോഹന്‍ലാലെന്നും വളരെ ഡൗണ്‍ ടു എര്‍ത്താണ് അദ്ദേഹമെന്നും ബാലാജി ശര്‍മ പറഞ്ഞു. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാലാജി ശര്‍മ ഇക്കാര്യം പറഞ്ഞത്.

‘ലാലേട്ടനുമായി ചെയ്ത പടങ്ങളിലൊന്നാണ് മിസ്റ്റര്‍ ഫ്രോഡ്. അതിലെ വില്ലന്‍ ഒരു ഹിന്ദിക്കാരനായിരുന്നു. ദേവ് ഗില്ലെന്നായിരുന്നു പുള്ളിയുടെ പേര്. ലാലേട്ടനുമായിട്ടുള്ള ഷൂട്ട് കഴിഞ്ഞിട്ട് പുള്ളി എന്റെയടുത്തേക്ക് വന്നു. ‘ബാലാജി, ഇങ്ങനെയൊക്കെ ഒരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകുമോ?, എന്തൊരു മനുഷ്യനാണ്’ എന്നാണ് പുള്ളി ലാലേട്ടനെപ്പറ്റി പറഞ്ഞത്.

തെലുങ്കില്‍ റാം ചരണിന്റെ കൂടെയൊക്കെ അഭിനയിച്ച ആളാണ് പുള്ളി. അവിടെയൊക്കെ സൂപ്പര്‍സ്റ്റാര്‍സില്‍ ആരും മറ്റ് ആര്‍ട്ടിസ്റ്റുമായി അധികം കമ്പനിയാകില്ല. അവര് വരും, ഷോട്ടെടുത്തിട്ട് പോകും. അവിടന്ന് ഇങ്ങോട്ട് വന്നപ്പോഴാണ് ലാലേട്ടനെ കാണുന്നത്. ലാലേട്ടന്റെ കൂടെ അഞ്ച് ദിവസം നമ്മള്‍ ഷൂട്ടിന് നിന്നാല്‍ പുള്ളിയുടെ ഒരു ഇന്‍ഫ്‌ളുവന്‍സ് നമുക്കും കിട്ടും. അത്രമാത്രം കാപ്റ്റിവേറ്റിങ് പവറാണ് അദ്ദേഹത്തിന്. വളരെ ഡൗണ്‍ ടു എര്‍ത്താണ് ലാലേട്ടന്‍,’ ബാലാജി ശര്‍മ പറഞ്ഞു.

Content Highlight: Balaji Sharma about Mohanlal’s influence in other actors

We use cookies to give you the best possible experience. Learn more