മലയാള സിനിമാ പ്രേമികൾക്ക് ഒരുപാട് കുടുംബ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനും നടനുമാണ് ബാലചന്ദ്ര മേനോൻ.
സിനിമ തെരഞ്ഞെടുക്കുന്നതിൽ എപ്പോഴും വളരെ സെലക്ടീവായിരുന്ന താരം ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കകാലത്തെ കുറിച്ചുള്ള രസകരമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ്.
ഒരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെടാനായിരുന്നു താൻ അഭിനയത്തിലേക്ക് എത്തിയതെന്നാണ് ബാലചന്ദ്ര മേനോൻ പറയുന്നത്. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.
ബാലചന്ദ്ര മേനോൻ, Photo: Balachandra menon/ Facebook
‘ഒരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് സത്യത്തിൽ അഭിനയത്തിലേക്ക് കടന്നത്. ഞാനൊരു പടം ചെയ്തു. പടത്തിന്റെ പേര് പറയുന്നില്ല.
ശങ്കറിനെ നായകവേഷത്തിൽ വേണമെന്നായിരുന്നു എന്റെ താത്പര്യം. എന്നാൽ ശങ്കറിന്റെ ഡേറ്റ് വാങ്ങുന്ന കാര്യം പറയുമ്പോൾ നിർമാതാവ് ഉഴപ്പുകയായിരുന്നു. ഷൂട്ടിങ് അടുത്തുവരികയാണ്. ശങ്കറിനെ കിട്ടുന്നില്ല എന്ന മുടക്കുന്യായം,’ എന്നാണ് ബാലചന്ദ്ര മേനോൻ പറഞ്ഞത്.
സിനിമയുടെ ചിത്രീകരണം അടുത്തെത്തിയ സമയത്ത് ഒരു സുഹൃത്ത് പറഞ്ഞ കാര്യമാണ് പിന്നീട് തനിക്ക് സംശയങ്ങൾ ഉണ്ടാക്കിയത് എന്നും താരം പറയുന്നു.
‘ഒരു ദിവസം സെറ്റിലെത്തിയപ്പോൾ ഒരു സുഹൃത്ത് പറഞ്ഞു, ‘പ്രൊഡ്യൂസറിനെക്കൊണ്ട് വലിയ ശല്യമാണ്. രാത്രിയായാൽ മദ്യവുമായി മുറിയിൽ വരും.
രണ്ടെണ്ണം അടിച്ചിട്ട് അഭിനയിച്ചു കാണിച്ചിട്ട് ചോദിക്കും എങ്ങനുണ്ട് ഞാൻ കൊള്ളാമോ എന്ന്. ഈ പടത്തിൽ അഭിനയിക്കുക എന്ന ഉദ്ദേശം പുള്ളിക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.’ അതോടെ അപകടം മണത്തു. നല്ല വേഷമായിരുന്നു,’ എന്നാണ് അദ്ദേഹം പറഞ്ഞത്.
ശങ്കർ, മമ്മൂട്ടി, മോഹൻലാൽ, Photo: X.com
തുടർന്ന് നിർമാതാവിനോട് നേരിട്ട് സംസാരിച്ച അനുഭവവും ബാലചന്ദ്ര മേനോൻ പങ്കുവെച്ചു. ‘ഒരു ദിവസം ഞാൻ അയാളോട് ശങ്കറിന്റെ ഡേറ്റിനെക്കുറിച്ച് ചോദിച്ചു. ‘അയാളോട് പോകാൻ പറ. എനിക്ക് അയാളെയൊന്നും വേണ്ട. നിങ്ങളെ വിശ്വാസമാണ്.’ ഇതായിരുന്നു അയാളുടെ മറുപടി.
ഞാനതിൽ പിടിച്ചു. ഇനി ഒരാളെ കണ്ടെത്തി ആ വേഷം ചെയ്യിക്കുക ബുദ്ധിമുട്ടായതിനാൽ ഞാൻ തന്നെ ആ വേഷം ചെയ്തോളാമെന്ന് ഒറ്റയടിക്ക് പറഞ്ഞു. പുള്ളി അതുകേട്ട് പെട്ടെന്നങ്ങ് നിന്നുപോയി. അങ്ങനെ ആ സിനിമയിൽ മുഴുനീള കഥാപാത്രം ചെയ്തു. അത് ക്ലിക്കായി,’ എന്നാണ് ബാലചന്ദ്ര മേനോൻ പറഞ്ഞത്.
അഭിനയത്തിനും സിനിമയ്ക്കും പുറത്തുള്ള തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും താരം അഭിമുഖത്തിൽ സംസാരിച്ചു. ‘എനിക്കൊരു നല്ല സ്വകാര്യജീവിതമുണ്ട്.
ത്രീപീസ് ഓർക്കസ്ട്ര വെച്ച് ഒരുദിവസം മുഴുവൻ പാടുന്നൊരു ശീലമുണ്ടായിരുന്നു. എന്നെ സംബന്ധിച്ച് അതൊരു മരുന്നായിരുന്നു. കേൾക്കാൻ ആളുകൾ വേണമെന്നൊന്നും ഉണ്ടായിരുന്നില്ല,’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: Balachandra Menon talks about his entry into cinema
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.