മലയാള സിനിമയ്ക്ക് നിരവധി പുതുമുഖങ്ങളെ സമ്മാനിച്ച സംവിധായകനും നടനുമായ ബാലചന്ദ്ര മേനോൻ തന്റെ സിനിമാജീവിതത്തിലെ ഓർമകൾ പങ്കുവെക്കുകയാണ്.
നടി ശോഭനയെ ആദ്യമായി കാണുകയും നായികയാക്കുകയും ചെയ്ത അനുഭവമാണ് അദ്ദേഹം തുറന്നു പറഞ്ഞത്. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബാലചന്ദ്ര മേനോൻ, ശോഭന, Photo: YouTube/ Screengrab
ശോഭന ഉൾപ്പെടെ നിരവധി പുതുമുഖങ്ങളെ സിനിമയിലേക്ക് കൊണ്ടുവന്നത് താനാണെന്ന് പറയുന്ന ബാലചന്ദ്ര മേനോൻ, മലയാള സിനിമയിലേക്ക് വരാനുള്ള പ്രധാന പ്രചോദനം നടൻ മധുവായിരുന്നുവെന്നും വ്യക്തമാക്കി.
‘ഏപ്രിൽ 18’ എന്ന സിനിമയിലേക്ക് പുതിയ നായികയെ വേണമെന്ന് പറഞ്ഞപ്പോൾ നടി സുകുമാരിയാണ് ശോഭനയെ പരിചയപ്പെടുത്തി തന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘ഏപ്രിൽ 18’ എന്ന സിനിമയിലേക്ക് പുതിയ നായികയെ വേണം എന്ന് പറഞ്ഞപ്പോൾ സുകുമാരി ചേച്ചിയാണ് പറഞ്ഞത് പരിചയത്തിലൊരു കുട്ടിയുണ്ടെന്ന്.
ലളിത, പത്മിനി, രാഗിണിമാരുടെ സഹോദരന്റെ മകളാണെന്നും ചേച്ചി പറഞ്ഞു. അങ്ങനെയാണ് ശോഭനയെ ആദ്യമായി കാണുന്നതും നായികയാക്കുന്നതും,’ ബാലചന്ദ്ര മേനോൻ പറഞ്ഞു.
ബാലചന്ദ്ര മേനോൻ, ശോഭന, Photo: YouTube/ Screengrab
മലയാള സിനിമയിലേക്കുള്ള തന്റെ യാത്രയിൽ നടൻ മധുവിന്റെ പിന്തുണ വളരെ വലുതായിരുന്നുവെന്നും ബാലചന്ദ്ര മേനോൻ പറഞ്ഞു. ‘ഉത്രാടരാത്രി’ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞപ്പോൾ മധു വിളിച്ച് പറഞ്ഞ വാക്കുകൾ ജീവിതത്തിൽ ഒരിക്കലും മറക്കാനാകില്ലെന്നും അദ്ദേഹം ഓർത്തെടുത്തു.
‘മിസ്റ്റർ മേനോൻ, നിങ്ങളെ എനിക്ക് ഇഷ്ടപ്പെട്ടു. നിങ്ങൾ നല്ലൊരു സംവിധായകനാണ്,’ എന്നായിരുന്നു മധു പറഞ്ഞതെന്ന് ബാലചന്ദ്ര മേനോൻ വ്യക്തമാക്കി.
അതായിരുന്നു തനിക്ക് ആദ്യമായി ലഭിച്ച സർട്ടിഫിക്കറ്റെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് മധുവിന്റെ ‘ഉമാ സ്റ്റുഡിയോ’യുടെ ബാനറിൽ ‘വൈകി വന്ന വസന്തം’ സംവിധാനം ചെയ്യാനും അവസരം ലഭിച്ചു.
മധു, ബാലചന്ദ്ര മേനോൻ, Photo: Balachandra menon/ Instagaram
താൻ നിർമിച്ച ‘ഒരു പൈങ്കിളിക്കഥ’യിൽ മധു അഭിനയിക്കുകയും ദേശീയ അവാർഡ് നേടിയ ‘സമാന്തരങ്ങൾ’ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലെത്തുകയും ചെയ്തുവെന്ന് ബാലചന്ദ്ര മേനോൻ കൂട്ടിച്ചേർത്തു. ആ സൗഹൃദം ഇന്നും അതേപടി തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അഭിനയത്തിനും സിനിമയ്ക്കും പുറത്തുള്ള തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും ബാലചന്ദ്ര മേനോൻ അഭിമുഖത്തിൽ സംസാരിച്ചു. ‘എനിക്കൊരു നല്ല സ്വകാര്യജീവിതമുണ്ട്.
ത്രീപീസ് ഓർക്കസ്ട്ര വെച്ച് ഒരുദിവസം മുഴുവൻ പാടുന്നൊരു ശീലമുണ്ടായിരുന്നു. എന്നെ സംബന്ധിച്ച് അതൊരു മരുന്നായിരുന്നു. കേൾക്കാൻ ആളുകൾ വേണമെന്നൊന്നും ഉണ്ടായിരുന്നില്ല,’ എന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Balachandra menon talk about Shobana
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.