ഒ.എൻ.വി. സാറിനെ കണ്ട് ചെയ്ത ഉപകാരത്തിന് നന്ദിയും ഇനി ഒരിക്കലും ഉപദ്രവിക്കില്ലെന്നും പറഞ്ഞു: ബാലചന്ദ്ര മേനോൻ
Malayalam Cinema
ഒ.എൻ.വി. സാറിനെ കണ്ട് ചെയ്ത ഉപകാരത്തിന് നന്ദിയും ഇനി ഒരിക്കലും ഉപദ്രവിക്കില്ലെന്നും പറഞ്ഞു: ബാലചന്ദ്ര മേനോൻ
നന്ദന എം.സി
Sunday, 17th May 2026, 3:15 pm

മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായ ബാലചന്ദ്ര മേനോൻ തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കകാല അനുഭവങ്ങൾ പങ്കുവെച്ച് വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. സിനിമയിലേക്കുള്ള തന്റെ ആദ്യ ശ്രമങ്ങളും അതിനിടയിൽ ലഭിച്ച വലിയൊരു ഉപദേശവും കുറിച്ചാണ് അദ്ദേഹം മനസുതുറന്നത്.

ബാലചന്ദ്ര മേനോൻ, Photo: Balachandra menon/ Facebook

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ജിയോളജി വിദ്യാർത്ഥിയായിരിക്കുമ്പോഴേ സിനിമയായിരുന്നു ബാലചന്ദ്ര മേനോന്റെ സ്വപ്നം. കലോത്സവത്തിൽ മിമിക്രി അവതരിപ്പിച്ച് കോളേജിൽ ശ്രദ്ധേയനായതോടെയാണ് സിനിമയിലേക്കുള്ള ആഗ്രഹം കൂടുതൽ ശക്തമായതെന്ന് അദ്ദേഹം പറയുന്നു. അന്നത്തെ അധ്യാപകനായിരുന്ന പ്രശസ്ത കവി ഒ.എൻ.വി. കുറുപ്പിനോടാണ് തന്റെ സിനിമാ മോഹം ആദ്യം തുറന്ന് പറഞ്ഞത്.

അന്ന് സംവിധായകൻ കെ.ടി. മുഹമ്മദ് ഒരുക്കുന്ന ‘സൃഷ്ടി’ എന്ന സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്ന ഒ.എൻ.വി. കുറുപ്പ്, ബാലചന്ദ്ര മേനോന് ഒരു ശുപാർശക്കത്ത് നൽകി കോഴിക്കോട് പോകാൻ സഹായിച്ചു.

വലിയ പ്രതീക്ഷകളോടെയാണ് അദ്ദേഹം യാത്രതിരിച്ചത്. എന്നാൽ അവിടെ ചെന്നപ്പോൾ കെ.ടി. മുഹമ്മദ് സ്ഥലത്തില്ലായിരുന്നു. പകരം അവിടെ ഉണ്ടായിരുന്ന ചിലർ തന്നെ കളിയാക്കിയെന്നും ആ അനുഭവം ഏറെ നിരാശപ്പെടുത്തിയെന്നും ബാലചന്ദ്ര മേനോൻ ഓർമിച്ചു.

തിരിച്ച് തിരുവനന്തപുരത്തെത്തി ഒ.എൻ.വി. കുറുപ്പിനെ കണ്ട അദ്ദേഹം, ‘ചെയ്ത ഉപകാരത്തിന് നന്ദി, ഇനി ഒരിക്കലും ഉപദ്രവിക്കില്ല’ എന്ന് പറഞ്ഞതായും വെളിപ്പെടുത്തി. എന്നാൽ അതിന് ഒ.എൻ.വി. നൽകിയ മറുപടിയാണ് തന്റെ ജീവിതം തന്നെ മാറ്റിമറിച്ചതെന്ന് ബാലചന്ദ്ര മേനോൻ പറയുന്നു.

‘നിങ്ങൾ ഒരിക്കലും ഒരു അസിസ്റ്റന്റാകാൻ ശ്രമിക്കരുത്. ആദ്യം ഒരു മാധ്യമപ്രവർത്തകനാകാൻ ശ്രമിക്കൂ,’ എന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.

ഒ.എൻ.വി.കുറുപ്പ് , Photo: Indian Express

ആ വാക്കുകൾ ജീവിതത്തിൽ വഴിത്തിരിവായെന്ന് ബാലചന്ദ്ര മേനോൻ പറയുന്നു. ഒ.എൻ.വി.യുടെ നിർദേശപ്രകാരം ഭാരതീയ വിദ്യാഭവനിൽ ജേർണലിസം പഠിച്ച അദ്ദേഹം ഒന്നാം റാങ്കോടെയും ഗോൾഡ് മെഡലോടെയും പഠനം പൂർത്തിയാക്കി.

പിന്നീട് ഹിന്ദുസ്ഥാൻ ടൈംസിൽ ജോലി ലഭിച്ചെങ്കിലും സിനിമയോടുള്ള അടുപ്പം കാരണം ‘നാന’ എന്ന സിനിമാ പ്രസിദ്ധീകരണത്തിൽ ജോലിക്ക് ചേർന്നു. മാസശമ്പളം വെറും 250 രൂപ മാത്രമായിരുന്നുവെങ്കിലും അതാണ് തന്റെ സിനിമാ ജീവിതത്തിന് അടിത്തറയായതെന്ന് അദ്ദേഹം പറയുന്നു.

മാധ്യമപ്രവർത്തകനായുള്ള അനുഭവങ്ങൾക്ക് ശേഷമാണ് ‘ഉത്രാടരാത്രി’ എന്ന ചിത്രത്തിലൂടെ സിനിമയിലെ പുതിയ യാത്ര ആരംഭിച്ചതെന്നും ബാലചന്ദ്ര മേനോൻ കൂട്ടിച്ചേർത്തു.

Content Highlight: Balachandra Menon says that he thanked O.N.V Sir for the favor he had done and that he would never harm him again.

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.