യു.പിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്ററെ ചെയ്ത സംഭവം; നിയമസഹായം ഉറപ്പുനല്‍കി മന്ത്രി ജി.ആര്‍. അനില്‍
Kerala
യു.പിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്ററെ ചെയ്ത സംഭവം; നിയമസഹായം ഉറപ്പുനല്‍കി മന്ത്രി ജി.ആര്‍. അനില്‍
രാഗേന്ദു. പി.ആര്‍
Friday, 16th January 2026, 4:27 pm

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍. തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയായ ആല്‍ബിനാണ് അറസ്റ്റിലായത്. ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയിലാണ് നടപടി.

പാസ്റ്ററുടെ കുടുംബാംഗങ്ങളെ അടക്കമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ആല്‍ബിന്റെ പങ്കാളിയെയും മക്കളെയും പൊലീസ് വിട്ടയച്ചു. നിലവില്‍ ആല്‍ബിന്‍ കാണ്‍പൂര്‍ ജയിലിലാണെന്നാണ് വിവരം. മതപരിവര്‍ത്തനകുറ്റം ചുമത്തിയാണ് പാസ്റ്ററെ തടവിലാക്കിയിരിക്കുന്നത്.

ആല്‍ബിന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയിലേക്ക് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ചെത്തുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇക്കഴിഞ്ഞ 13നായിരുന്നു സംഭവം.

ആല്‍ബിനെ വിട്ടുകിട്ടുന്നതില്‍ സാധ്യമായ എല്ലാ ഇടപെടലും നടത്തുമെന്ന് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. ആല്‍ബിന്റെ വീട്ടില്‍ നേരിട്ടെത്തിയ മന്ത്രി അദ്ദേഹത്തിന്റെ അമ്മ ഗ്ലോറിയെയും കുടുംബാംഗങ്ങളെയും കണ്ട് നിയമസഹായങ്ങള്‍ ഉറപ്പുനല്‍കി.

പാസ്റ്ററെയും അദ്ദേഹത്തിന്റെ ഭാര്യയെയും മൂന്ന് മക്കളയേയും ബജ്‌രംഗ്ദള്‍ ക്രൂരമായി പീഡിപ്പിച്ചുവെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിവരം അറിയിച്ചിട്ടുണ്ട്.  തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള യു.പിയിലെ പാസ്റ്റര്‍മാര്‍ ആശങ്കയിലാണെന്നും കുടുംബം നല്‍കിയ വിവരമനുസരിച്ച് പ്രാര്‍ത്ഥന നടക്കുന്നതിനിടെ പാസ്റ്റര്‍ അക്രമിക്കപ്പെട്ടെന്നും മന്ത്രി അറിയിച്ചു.

സുവിശേഷ പ്രചാരണത്തിനുവേണ്ടി കാണ്‍പൂരിലെ നവരംഗ ബേഥേസ്ഥാ ഭവനിലാണ് ആല്‍ബിന്‍ താമസിച്ചിരുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ജയ്പൂരിലും മലയാളി പാസ്റ്റര്‍ക്കെതിരെ കേസെടുത്തിരുന്നു. കട്ടപ്പന സ്വദേശിയായ തോമസ് ജോര്‍ജിനെതിരെയാണ് കേസ് എടുത്തത്.

മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഡിൽ മലയാളികളായ രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതും വലിയ വിവാദമായിരുന്നു.

ഛത്തീസ്ഗഡിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട 1968ലെ നിയമപ്രകാരമാണ് കന്യാസ്ത്രീകള്‍ക്കെതിരെ കേസെടുത്തിരുന്നത്. അറസ്റ്റിലായ സിസ്റ്റര്‍ പ്രീതി, സിസ്റ്റര്‍ വന്ദന എന്നിവര്‍ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായിരുന്നു.

Content Highlight: Bajrang Dal’s complaint alleging religious conversion; Malayali pastor arrested in UP

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.