ശമ്പളത്തിന്റെ തർക്കം കാരണം ദിലീഷ് പോത്തന്റെ ചിത്രത്തിൽ അഭിനയിച്ചില്ല; ഞാൻ ഒരിടത്തും പരാതികൊടുത്തിട്ടില്ല: ബൈജു സന്തോഷ്
Malayalam Cinema
ശമ്പളത്തിന്റെ തർക്കം കാരണം ദിലീഷ് പോത്തന്റെ ചിത്രത്തിൽ അഭിനയിച്ചില്ല; ഞാൻ ഒരിടത്തും പരാതികൊടുത്തിട്ടില്ല: ബൈജു സന്തോഷ്
നന്ദന എം.സി
Monday, 20th April 2026, 10:19 am

ബാലതാരാമായി വന്ന് സിനിമയിലേക്കെത്തിയ നടനാണ് ബൈജു സന്തോഷ്. 1981ൽ മണിയൻപിള്ള അഥവാ മണിയാപിള്ള എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച ബൈജു ഇന്നും മലയാളസിനിമയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. തന്റെ അഭിനയശൈലിയും ഡയലോഗ് ഡെലിവറിയുമാണ് ബൈജു എന്ന നടൻ്റെ ഏറ്റവും വലിയ പോസിറ്റീവ്.

ഇപ്പോഴിതാ താരം കൗമുദി മൂവീസിന് നൽകിയ പഴയ ഒരു അഭിമുഖമാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയായത്. ശമ്പളത്തിന്റെ തർക്കം മൂലം ദിലീഷ് പോത്തന്റെ സിനിമയിൽ അഭിനയിച്ചില്ല എന്ന് പറയുകയാണ് ബൈജു സന്തോഷ്.

ബൈജു സന്തോഷ്, Photo: IMDb

‘ഒരു സിനിമയുടെ സ്ക്രിപ്റ്റ് തരുമ്പോൾ ഞാൻ ചെയ്യേണ്ട സീൻ മാത്രമേ വായിച്ച് നോക്കാറുള്ളൂ. അത് കൊള്ളാമെങ്കിൽചെയ്യും അല്ലെങ്കിൽ ചെയ്യില്ല, ആ സിനിമയിൽ അഭിനയിക്കില്ല. ഒരുപാട് സിനിമകൾ അങ്ങനെ ഒഴിവാക്കിയിട്ടുണ്ട്.

വിനീത് ശ്രീനിവാസന്റെ ഒരു സിനിമ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷെ ഞാൻ വായിച്ച് നോക്കിയപ്പോൾ എനിക്ക് കാര്യമായിട്ടത് അഭിനയിക്കാനൊന്നുമില്ല. അങ്ങനെ ഞാൻ അതിൽ നിന്നും മാറിയതാണ്.

ദിലീഷ് പോത്തന്റെ സിനിമയ്ക്ക് എന്നെ വിളിച്ചിരുന്നതാണ്. ചെറിയൊരു ശമ്പളത്തിന്റെ തർക്കം കാരണം ഞാൻ അഭിനയിച്ചില്ല. ആ പടം എനിക്ക് ചെയ്യണം എന്നുണ്ടായിരുന്നു. പക്ഷെ ചെറിയൊരു തർക്കത്തിന്റെ പേരിൽ ആ പടം ചെയ്യാൻ പറ്റിയില്ല,’ ബൈജു സന്തോഷ് പറഞ്ഞു.

ദിലീഷ് പോത്തൻ, Photo: The Indian Express

ശമ്പളത്തിന്റെ തർക്കവുമായി ബന്ധപ്പെട്ട് മുമ്പൊരിക്കൽ താൻ ഫെയ്‌സ് ബുക്കിൽ ലൈവ് വന്നതിനെ കുറിച്ചതും അദ്ദേഹം സംസാരിച്ചു.
‘ആ ലൈവ് ഞാനായിട്ട് വന്നതല്ല. എന്നെ വരുത്തിച്ചതാണ്. ഞാൻ ഒരിടത്തും പരാതിയോ കാര്യങ്ങളോ ഒന്നും കൊടുത്തിട്ടില്ല. ആ പ്രൊഡ്യൂസർ തന്നെയാണ് പരാതിയുമായി പോയത്.

വാക്കാലെ ഞാനും പുള്ളിയും പറഞ്ഞിരുന്ന ഒരു എഗ്ഗ്രിമെൻറ് ഉണ്ടായിരുന്നു. കൊറോണ വന്ന് പടം തിയേറ്ററിൽ ഇറക്കാൻ കഴിയില്ല എന്ന സാഹചര്യം വന്നപ്പോൾ ആയിരിക്കാം പുള്ളി അതിൽ നിന്നും മലക്കം മറിഞ്ഞത്. അത് സെറ്റിൽ ചെയ്തു. നടൻ സിദ്ധിക്ക് മുൻകൈ എടുത്ത് എല്ലാം ഒത്തു തീർപ്പാക്കി,’ താരം കൂട്ടിച്ചേർത്തു.

Content Highlight: Baiju Santosh says he didn’t act in Dileesh Pothan’s film due to salary dispute

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.