നായകനായും വില്ലനായും പാട്ടുകാരനായും മലയാള സിനിമയിൽ നിറഞ്ഞാടിയ അതുല്യ കലാകാരനായിരുന്നു കലാഭവൻ മണി. ആ മണിനാദം നിലച്ചിട്ട് ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും ബാക്കിയാക്കിയ കഥാപാത്രങ്ങളിലൂടെ ആ നടൻ ഇന്നും മലയാളി മനസ്സുകളിൽ മായാതെ നിൽക്കുന്നു.
ഒരേസമയം നായകനായി പ്രേക്ഷകരെ ആവേശം കൊള്ളിക്കാനും, മറുഭാഗത്ത് ക്രൂരനായ വില്ലനായി ഭയപ്പെടുത്താനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മികച്ച നടനും പ്രതിനായകനുമുള്ള സംസ്ഥാന അവാർഡുകൾ ഒരേപോലെ സ്വന്തമാക്കി എന്ന അപൂർവ്വ നേട്ടവും ഈ കലാകാരന് സ്വന്തം. മലയാളത്തിലെ മഹാനടന്മാർക്കൊപ്പം മാത്രമല്ല, സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം ‘എന്തിരൻ’ എന്ന ചിത്രത്തിൽ വരെ അദ്ദേഹം ശ്രദ്ധേയമായ വേഷം ചെയ്തു.
ഇപ്പോൾ ഏറ്റവും പുതിയ ചിത്രമായ ‘ഉയിർ ‘ന്റെ പ്രൊമോഷന്റെ ഭാഗമായി സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ, കലാഭവൻ മണിയുമൊത്തുള്ള ഷൂട്ടിംഗ് അനുഭവങ്ങൾ ഓർത്തെടുക്കുകയാണ് നടൻ ബൈജു സന്തോഷ്. 1999-ൽ നിസാർ സംവിധാനം ചെയ്ത്, ബാബു ആന്റണി നായകനായി എത്തിയ ‘ക്യാപ്റ്റൻ’എന്ന ചിത്രത്തിന്റെ ലൊക്കേഷൻ ഓർമകളാണ് ബൈജു പങ്കുവെച്ചത്.
ഏറ്റവും വേഗത്തിൽ സിനിമ ഷൂട്ട് ചെയ്ത് തീർക്കുന്ന സംവിധായകൻ ആരെന്ന അവതാരകന്റെ ചോദ്യത്തിന് ‘നിസാർ’ എന്ന് മറുപടി നൽകിയ ശേഷമാണ് നിസാർ സംവിധാനം ചെയ്ത ‘ക്യാപ്റ്റൻ’ സിനിമയിലെ കലാഭവൻ മണിയുടെ ഓർമകൾ ബൈജു പങ്കുവെച്ചത്.
ക്യാപ്റ്റൻ സിനിമയുടെ ഷൂട്ടിംഗ് സമയത് അകെ 2 ദിവസം മാത്രമാണ് കലാഭവൻ മണി ലൊക്കേഷനിൽ അഭിനയിക്കാൻ വന്നത് എന്നും എന്നാൽ ആ സിനിമയിൽ അദ്ദേഹം ഫുൾ ഉണ്ടെന്നും ബൈജു പറയുന്നു. ആ 2 ദിവസം കൊണ്ട് 22 സീനും ഒരു പാട്ടും ഒരു ഫൈറ്റ് സീനും മണി ചെയ്തു എന്ന് ബൈജു ഓർത്തെടുക്കുന്നു.
‘ഏറ്റവും വേഗത്തിൽ ഷൂട്ടിങ് തീർക്കുന്ന സംവിധായകൻ നിസാർ ആണ്. ക്യാപ്റ്റൻ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് കലാഭവൻ മണി ആകെ രണ്ട് ദിവസം മാത്രമാണ് ലൊക്കേഷനിൽ വന്നത്. എന്നാൽ ആ സിനിമയിൽ ഉടനീളം മണിയുടെ കഥാപാത്രമുണ്ട്. വെറും രണ്ട് ദിവസം കൊണ്ട് 22 സീനുകളും, ഒരു പാട്ടും, ഒരു ഫൈറ്റ് സീനും മണി ചെയ്ത് തീർത്തു! അത് എങ്ങനെ സാധിച്ചുവെന്ന് അറിയില്ല, അതാണ് നിസാർ എന്ന സംവിധായകന്റെയും കലാഭവൻ മണി എന്ന നടന്റെയും പ്രത്യേകത.’ ബൈജു സന്തോഷ് പറഞ്ഞു.
Conetent Highlight: Baiju santhosh says kalabhavan mani acted 22 scenes within 2 days in captain movie