| Sunday, 8th June 2025, 9:42 am

തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ ആ വേഷത്തിലേക്ക് എന്നെയും വിളിച്ചിരുന്നു, ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് പോയില്ല: ബൈജു സന്തോഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമയിലേക്കെത്തിയ നടനാണ് ബൈജു സന്തോഷ്. 1981ല്‍ മണിയന്‍പിള്ള അഥവാ മണിയാപിള്ള എന്ന ചിത്രത്തിലൂടെ സിനിമാകരിയര്‍ ആരംഭിച്ച ബൈജു ഇന്നും മലയാളസിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. സരസമായ അഭിനയശൈലിയും ഡയലോഗ് ഡെലിവറിയുമാണ് ബൈജു എന്ന നടന്റെ ഏറ്റവും വലിയ പോസിറ്റീവ്.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയിലേക്ക് തന്നെയും വിളിച്ചിരുന്നെന്ന് പറയുകയാണ് ബൈജു സന്തോഷ്. ആ സിനിമയില്‍ ഒരു ബസ് ഡ്രൈവറുടെ വേഷമായിരുന്നു തനിക്കെന്ന് ബൈജു പറഞ്ഞു. സ്‌ക്രിപറ്റ് വായിച്ചപ്പോള്‍ ഒന്നും ചെയ്യാനില്ലാത്ത വേഷമാണെന്ന് തോന്നിയെന്നും അക്കാരണം കൊണ്ട് വേണ്ടെന്ന് വെച്ചെന്നും താരം പറയുന്നു.

സംവിധായകന്‍ ഇത് കേള്‍ക്കണ്ടെന്ന് അവതാകര പറഞ്ഞപ്പോള്‍ അതിന് ബൈജു നല്‍കിയ മറുപടിയും ശ്രദ്ധേയമായി. അയാള്‍ കേള്‍ക്കാന്‍ വേണ്ടി തന്നെയാണ് പറയുന്നതെന്നായിരുന്നു ബൈജുവിന്റെ മറുപടി. പുതിയ ചിത്രമായ വ്യസനസമേതം ബന്ധുമിത്രാദികള്‍ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒറിജിനല്‍സിനോട് സംസാരിക്കുകയായിരുന്നു ബൈജു.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയില്‍ എന്നെയും വിളിച്ചിരുന്നു. ആ ബസ് ഡ്രൈവറുടെ വേഷം ആദ്യം എനിക്കായിരുന്നു തരാനിരുന്നത്. പക്ഷേ, ആ റോള്‍ ഞാന്‍ ചെയ്തില്ല. ഡേറ്റ് ഇല്ലാഞ്ഞിട്ടല്ല ഒഴിവായത്. അതിന്റെ സ്‌ക്രിപ്റ്റ് വായിച്ചു നോക്കിയിരുന്നു. എനിക്ക് ഒന്നും ചെയ്യാനുള്ളത് ആ സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നില്ല.

അതുകൊണ്ടാണ് ഞാന്‍ ആ വേഷം വേണ്ടെന്ന് വെച്ചത്. ഇത് സംവിധായകന്‍ കേള്‍ക്കുമെന്ന് അറിയാം. കേള്‍ക്കാന്‍ വേണ്ടി തന്നെയാണ് പറഞ്ഞത് (ചിരി)’ ബൈജു സന്തോഷ് പറഞ്ഞു.

ഒരുകൂട്ടം പുതുമുഖങ്ങളെ അണിനിരത്തി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. കുമ്പളങ്ങി നൈറ്റ്‌സിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന മാത്യു തോമസായിരുന്നു ചിത്രത്തിലെ നായകന്‍. മാത്യുവിന് ജനശ്രദ്ധ നേടിക്കൊടുത്ത ചിത്രമായിരുന്നു ഇത്.

അനശ്വര രാജനായിരുന്നു ചിത്രത്തിലെ നായിക. നസ്‌ലെന്‍, ഡിനോയ് പൗലോസ്, ശബരീഷ് വര്‍മ എന്നിവര്‍ക്കൊപ്പം വിനീത് ശ്രീനിവാസനും ചിത്രത്തില്‍ അണിനിരന്നു. പ്ലസ് ടു കാലഘട്ടത്തിലെ സൗഹൃദവും പ്രണയവും കാണിച്ച ചിത്രം വന്‍ വിജയമായി മാറി. ബോക്‌സ് ഓഫീസില്‍ നിന്ന് 50 കോടിയോളം ചിത്രം സ്വന്തമാക്കി.

Content Highlight: Baiju Santhosh saying director approached him to do a role in Thanneermathan Dinangal movie

Latest Stories

We use cookies to give you the best possible experience. Learn more