മനാമ: ഇറാനോട് അനുഭാവം പ്രകടിപ്പിച്ചുവെന്നും വിദേശ ശക്തികളെ സഹായിച്ചുവെന്നും ആരോപിച്ച് 69 പരുടെ പൗരത്വം റദ്ദാക്കി ബഹ്‌റൈൻ. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയാണ് പൗരത്വം റദ്ദാക്കികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
രാജ്യ താത്പര്യങ്ങൾക്ക് ദോഷം വരുത്തുക, രാജ്യത്തോടുള്ള കടമയ്ക്ക് വിരുദ്ധമായി പ്രവർത്തിക്കുക എന്നീ കാരണങ്ങളാൽ പൗരത്വം റദ്ദാക്കാൻ അനുവദിക്കുന്ന ബഹ്‌റൈൻ പൗരത്വ നിയമത്തിലെ വകുപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
പൗരത്വ നിയമത്തിലെ ഈ വകുപ്പ് തെറ്റിച്ചവരും അവരുടെ കുടംബാംഗങ്ങളും ഉൾപ്പടെ 69 പേരുടെ പൗരത്വമാണ് റദ്ദാക്കിയത്. ഇറാന്റെ ശത്രുതാപരമായ നടപടികളോട് അനുഭാവം പ്രകടിപ്പിക്കുകയും അവയെ മഹത്വവൽക്കരിക്കുകയും ചെയ്തുവെന്നും വിദേശ ശക്തികൾക്ക് വേണ്ടി ചാരപ്രവർത്തനത്തിൽ ഏർപ്പെട്ടുവെന്നുമാണ് ഉത്തരവിൽ ഇവർക്കെതിരെ ആരോപിക്കുന്ന കുറ്റം.
പൗരത്വം റദ്ദാക്കപ്പെട്ടവരിൽ ഭൂരിഭാഗവും ഇറാൻ വംശജരാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏഴ് വർഷത്തിനിടയിൽ ആദ്യമായാണ് ഇത്രയധികം പേരുടെ പൗരത്വം റദ്ദാകുന്നതെന്ന് ബഹ്‌റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റൈറ്റ്‌സ് ആൻഡ് ഡെമോക്രസി പറഞ്ഞു.
2012-നും 2019-നും ഇടയിൽ ബഹ്‌റൈൻ കുറഞ്ഞത് 990 പൗരന്മാരുടെ പൗരത്വം റദ്ദാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര നിയമപ്രകാരം ഇത് അവരെ രാജ്യരഹിതരാക്കി. ഇവരിൽ ഭൂരിഭാഗവും മനുഷ്യാവകാശ പ്രവർത്തകരും മാധ്യമപ്രവർത്തകരും മതപണ്ഡിതരുമായിരുന്നു. 2019 ൽ അവരുടെ പൗരത്വം പുനസ്ഥാപിക്കുന്നതായി രാജാവ് ഹമദ് പ്രഖ്യാപിച്ചു.
ബഹ്‌റൈൻ ഭരണകൂടം പൗരത്വം റദ്ദാക്കുന്നതിനെ ഒരു അടിച്ചമർത്തൽ മാർഗമായി വീണ്ടും ഉപയോഗിക്കുകയാണെന്ന് ബഹ്‌റൈനി മനുഷ്യാവകാശ പ്രവർത്തകയായ മറിയം അൽ ഖവാജ പറഞ്ഞു.
കൃത്യമായ നിയമനടപടികൾ പാലിക്കാതെയെടുത്ത ഈ തീരുമാനം നിരവധി പേരെ രാജ്യ രഹിതരാക്കിയിരിക്കുകയാണെന്നും ഇത് അവരുടെ ആരോഗ്യം, പാർപ്പിടം, വിദ്യാഭ്യാസം തുടങ്ങിയ പ്രാഥമിക ആവശ്യങ്ങളെ ഹനിക്കുമെന്നും ഖവാജ പറഞ്ഞു.
Content Highlight: Bahrain revokes citizenship of 69 people for sympathizing with Iran in war