അബ്രഹാം ഉടമ്പടിയിയില്‍ ബഹ്‌റൈനും ഇസ്രഈലും ചര്‍ച്ച നടത്തി; സൗദി ഒപ്പുവെക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടതിന് പിന്നാലെ
World
അബ്രഹാം ഉടമ്പടിയിയില്‍ ബഹ്‌റൈനും ഇസ്രഈലും ചര്‍ച്ച നടത്തി; സൗദി ഒപ്പുവെക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടതിന് പിന്നാലെ
റെന്വര്‍ പി
Sunday, 26th July 2026, 11:00 pm

ടെല്‍ അവീവ്: അബ്രഹാം ഉടമ്പടിയുമായി ബന്ധപ്പെട്ട് ബഹ്‌റൈന്‍ രാജാവ് കിങ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയും ഇസ്രഈല്‍ പ്രസിഡന്റ് ഇസആക് ഹെര്‍സോഗും ചര്‍ച്ച നടത്തി. ടെലഫോണ്‍ വഴിയായിരുന്നു ചര്‍ച്ച. ഹെര്‍സോഗാണ് എക്‌സ് പോസ്റ്റിലൂടെ ഈ കാര്യം അറിയിച്ചത്.

ബഹ്‌റൈന്‍ മിഡില്‍ ഈസ്റ്റിലെ പ്രധാനപ്പെട്ട ഒരു രാജ്യമാണെന്നും മേഖലയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടില്‍ ബഹ്‌റൈന്‍ രാജാവിനെ താന്‍ അഭിനന്ദിച്ചുവെന്നും ഹെര്‍സോഗ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

ഇസ്രഈലും വിവിധ അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ചതാണ് അബ്രഹാം ഉടമ്പടി. 2020ല്‍ യു.എസ് മധ്യസ്ഥതയില്‍ ഈ കരാറില്‍ ആദ്യമായി ഒപ്പുവച്ചത് യു.എ.ഇയും ബഹ്റൈനും ആയിരുന്നു.

കരാറില്‍ മറ്റ് അറബ് രാജ്യങ്ങളും പങ്കാളികളാവണമെന്ന് യു.എസ് ആവശ്യപ്പെടാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം സൗദി അറേബ്യയുമായുള്ള സിവില്‍ ആണവ കരാറുമായി ബന്ധപ്പെടുത്തിയും യു.എസ് ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഉടമ്പടിയുമായി ബന്ധപ്പെട്ട് ഇസ്രഈലും ബഹ്‌റൈനും ചര്‍ച്ച നടത്തുന്നത്.

അബ്രഹാം ഉടമ്പടി പ്രകാരം ഇസ്രായേലുമായുള്ള ബന്ധം സ്ഥാപിക്കാന്‍ സൗദിക്ക് കഴിയില്ലെങ്കില്‍ അവരുമായി സിവില്‍ ആണവ കരാറുമായി മുന്നോട്ട് പോകില്ലെന്നാണ് ട്രംപ് ഈ വെള്ളിയാഴ്ച പറഞ്ഞത്. സൗദി അറേബ്യയില്‍ ആദ്യത്തെ വാണിജ്യ ആണവ റിയാക്ടറുകള്‍ വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പവുച്ചതായി യു.എസ് ഊര്‍ജ വകുപ്പ് കഴിഞ്ഞ ബുധനാഴ്ച അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം.

ഈ വര്‍ഷം മേയിലും സൗദി അടക്കമുള്ള രാജ്യങ്ങളോട് അബ്രഹാം ഉടമ്പടിയില്‍ ഒപ്പുവെക്കാന്‍ ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇറാനുമായുള്ള സമാധാന ചര്‍ച്ച തുടരുന്നതിനിടെയായിരുന്നു അത്. സൗദി, യു.എ.ഇ, ഖത്തര്‍, പാകിസ്ഥാന്‍, തുര്‍ക്കി, ഈജിപ്ത്, ജോര്‍ദാന്‍, ബഹ്റൈന്‍ എന്നീ ഭരണാധികാരികളുമായി ചര്‍ച്ച നടത്തിയപ്പോഴായിരുന്നു ട്രംപ് ഈ കാര്യം ആവശ്യപ്പെട്ടത്.

ചര്‍ച്ചയില്‍ താന്‍ അവരോട് അബ്രഹാം ഉടമ്പടിയില്‍ ഒപ്പുവയ്ക്കണമെന്ന് പറഞ്ഞതായി അന്ന് ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചിരുന്നു.

‘ഒരു സങ്കീര്‍ണമായ പ്രശ്നം പരിഹരിക്കാനാണ് യു.എസ് ശ്രമിക്കുന്നത്. അപ്പോള്‍ ഈ രാജ്യങ്ങളെല്ലാം ചുരുങ്ങിയത് അബ്രഹാം ഉടമ്പടിയിലെങ്കിലും ഒപ്പുവയ്ക്കേണ്ടത് നിര്‍ബന്ധമാണെന്ന് ട്രംപ് പറയുന്നു. യു.എ.ഇയും ബഹ്റൈനും നിലവില്‍ അബ്രഹാം ഉടമ്പടിയില്‍ ഒപ്പുവച്ചിട്ടുണ്ട്.

ഒന്നോ രണ്ടോ രാജ്യങ്ങള്‍ക്ക് കരാറില്‍ ഒപ്പുവയ്ക്കാതിരിക്കാനുള്ള കാരണമുണ്ടായിരിക്കാം. അത് സ്വീകാര്യമാണ്. എന്നാല്‍ ഭൂരിഭാഗം രാജ്യങ്ങളും അതിനായി തയ്യാറായിരിക്കണം, സന്നദ്ധരായിരിക്കണം. ഇത് ഇറാനുമായുള്ള ഒത്തുതീര്‍പ്പിനെ കൂടുതല്‍ ചരിത്രപ്രാധാന്യമുള്ള സംഭവമാക്കി മാറ്റും,’ എന്നായിരുന്നു അന്ന് ട്രംപ് കുറിച്ചത്.

അബ്രഹാം കരാറില്‍ ഒപ്പുവയ്ക്കുന്നതിന് സൗദിയും ഖത്തറും തുടക്കം കുറിക്കണമെന്നും അന്ന് ട്രംപ് നിര്‍ദേശിച്ചിരുന്നു. ഈ രാജ്യങ്ങള്‍ കരാറില്‍ ഒപ്പുവയ്ക്കുന്നില്ലെങ്കില്‍ അത് അവരുടെ മോശം ഉദ്ദേശമാണ് കാണിക്കുക എന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. അബ്രഹാം ഉടമ്പടിയിലെത്തിയാല്‍ മിഡില്‍ ഈസ്റ്റ് ഐക്യപ്പെടുമെന്നും അവര്‍ക്ക് കൂടതല്‍ അധികാരവും സാമ്പത്തിക ശക്തിയുമുണ്ടാവുമെന്നും ട്രംപ് അവകാശപ്പെടുകയും ചെയ്തിരുന്നു.

Content Highlight: Bahrain, Israel hold talks on Abraham Accords

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.