മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ബഹദൂര്‍ വിടവാങ്ങിയിട്ട് 25 ആണ്ടുകള്‍ തികയുന്നു. ഒരു പിടി നല്ല കഥാപാത്രങ്ങളിലൂടെയും തനതായ ശൈലിയിലുള്ള സംഭാഷണങ്ങളിലൂടെയും മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ അതുല്യ കലാകാരന്‍. മൂന്ന് പതിറ്റാണ്ടിലധികം മലയാള സിനിമയില്‍ നായകനായും സഹനടനായും ഹാസ്യകഥാപാത്രങ്ങളെയും ഗൗരവമേറിയ വേഷങ്ങളെയും ഒരുപോലെ അനായാസം കൈകാര്യം ചെയ്ത്, അരങ്ങില്‍ നിറഞ്ഞുനിന്ന ബഹദൂര്‍, ചിരിപ്പിക്കുക മാത്രമല്ല, ചിന്തിപ്പിക്കുയും ചെയ്തിട്ടുണ്ട്.
മലയാളത്തിലെ മികച്ച സംവിധായകരുടെയെല്ലാം പ്രിയപ്പെട്ട നടനായിരുന്നു അദ്ദേഹം. 1954ല്‍ അവകാശി എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെയാണ് പി.കെ.കുഞ്ഞാലുവെന്ന ബഹദൂര്‍ സിനിമാ ലോകത്തേക്ക് എത്തുന്നത്. കൊടുങ്ങല്ലൂരിലെ പടിയത്ത് കുടുംബത്തില്‍നിന്ന് തിക്കുറിശ്ശിയുടെ ശുപാര്‍ശയോടെയാണ് ബഹദൂര്‍ സൂപ്പര്‍ഹിറ്റ് സംവിധായകനായ പി. സുബ്രഹ്‌മണ്യത്തിന്റെ അടുത്തെത്തിയത്. അങ്ങനെയാണ് പ്രേംനസീര്‍ നായകനായ അവകാശിയിലൂടെ ബഹദൂര്‍ എന്ന അസാധ്യ നടനെ മലയാള സിനിമക്ക് ലഭിക്കുന്നത്. മുട്ടത്തു വര്‍ക്കിയുടെ നോവലിനെ ആസ്പദമാക്കി കെ.എസ്.സേതുമാധവന്‍ സംവിധാനം ചെയ്ത ‘പാടാത്ത പൈങ്കിളി’യിലെ ചക്കരവക്കന്‍ എന്ന കഥാപാത്രമാണ് ബഹദൂറിനെ ശ്രദ്ധേയനാക്കിയത്.
ബഹദൂറിന്റെ കോമഡി ഒരിക്കലും കാണികളെ ചിരിപ്പിക്കാന്‍ വേണ്ടിയുള്ള കാട്ടികൂട്ടലുകള്‍ അല്ലായിരുന്നു. ‘പുത്രധര്‍മ‘ത്തിലെ ‘ബുദ്ദു’വിനു പിന്നില്‍ ഒളിഞ്ഞിരുന്ന ഒരു സാമൂഹ്യവിമര്‍ശമുണ്ടായിരുന്നു. ‘ആന വളര്‍ത്തിയ വാനമ്പാടി’യിലെ അഴകന്‍ വേഷത്തില്‍ മനുഷ്യന്റെ അര്‍ഥ ശൂന്യതയെ ഒരു കണ്ണീര്‍ച്ചിരിയാക്കി മാറ്റി. അച്ഛനും മകനും സിനിമയിലെ പാഷാണം പപ്പു, മറിയക്കുട്ടിയിലെ കാസീന്‍, നായര്‍ പിടിച്ച പുലിവാലിലെ കേശു, ആരവത്തിലെ സര്‍ക്കസ് മുതലാളി, ഉമ്മയിലെ ചുമ്മാ മമ്മൂഞ്ഞ്, കണ്ടംബെച്ച കോട്ടിലെ കാദര്‍, സുബൈദയിലെ പോസ്റ്റുമാന്‍ മമ്മു, തുടങ്ങി ഒട്ടനവധി കഥാപാത്രങ്ങളെ അദ്ദേഹം അനശ്വരമാക്കി.
1970,1972 തുടങ്ങിയ വര്‍ഷങ്ങളില്‍ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരം ബഹദൂര്‍ സ്വന്തമാക്കി. മാധവിക്കുട്ടി എന്ന ചിത്രത്തിലെ കുട്ടപ്പന്‍ മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡ് ബഹദൂറിന് നേടികൊടുത്തപ്പോള്‍ തുലാവര്‍ഷത്തിലെ അയ്യപ്പന്‍ മികച്ച സ്വഭാവ നടനുള്ള പുരസ്‌ക്കാരം നല്‍കി. ലോഹിതദാസിന്റെ ജോക്കറാണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം.
ബഹദൂറിന്റെ ഓര്‍മകള്‍ക്ക് കാല്‍ നൂറ്റാണ്ട് തികയുമ്പോള്‍ അദ്ദേഹത്തിന് ആദരവായി പുതിയ ലിപി എത്തുന്നു. ഫോണ്ടോളജിസ്റ്റ് ഡോ. കെ. എച്ച് ഹുസൈനാണ് ബഹദൂറിന് ആദരവായി ബഹദൂര്‍ ഫോണ്ട് രൂപപ്പെടുത്തിയത്. മലയാളത്തിലെ മഹാ നടന് അര്‍ഹമായ പരിഗണയോ സ്മാരകമോ ഇനിയും ഉണ്ടായിട്ടില്ലെന്ന് തിരിച്ചറിഞ്ഞാണ് ഹുസ്സൈന്‍ അക്ഷരം കൊണ്ട് ബഹദൂറിനായി സ്മാരകമൊരുക്കിയത്.
മലയാള സിനിമയ്ക്ക് ബഹദൂര്‍ എന്ന നടന്‍ നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. അദ്ദേഹത്തിന്റെ ഓര്‍മകള്‍ ഇന്നും മലയാളികളുടെ മനസില്‍ മായാതെ നില്‍ക്കുന്നു. ഹാസ്യം കൊണ്ടും സ്വാഭാവികമായ അഭിനയം കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ച ആ അതുല്യ പ്രതിഭയ്ക്ക് പകരക്കാരനായി മറ്റൊരാളില്ല. മലയാള സിനിമ ചരിത്രത്തിലെ ഒരു സുവര്‍ണ അധ്യായം തന്നെയാണ് ബഹദൂറിന്റെ അഭിനയ ജീവിതം.
Content Highlight: Bahadoor’s 25th death anniversary