| Thursday, 12th June 2025, 7:43 am

കമല്‍ സാറിന്റെ ആ സിനിമ ഹിറ്റാണെന്നാണ് ഇന്നത്തെ തലമുറ ധരിച്ച് വെച്ചിരിക്കുന്നത്, എന്നാല്‍ അതത്ര ഹിറ്റായില്ല: ഭഗവതി പെരുമാള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറിയ വേഷങ്ങളിലൂടെ വന്ന തമിഴിലെ നിറസാന്നിധ്യമായി മാറിയ നടനാണ് ഭഗവതി പെരുമാള്‍ (ബക്ക്‌സ്). വിജയ് സേതുപതി നായകനായ നടുവിലെ കൊഞ്ചം പക്കത്തെ കാണോം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാലോകത്തേക്ക് കടന്നുവന്നത്. ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത താരം ഈ വര്‍ഷത്തെ വന്‍ വിജയങ്ങളിലൊന്നായ ടൂറിസ്റ്റ് ഫാമിലിയിലും മികച്ചൊരു വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ നടന്‍ കമല്‍ ഹാസനെക്കുറിച്ച് സംസാരിക്കുകയാണ് ബക്ക്‌സ്. സിനിമയോട് ഒരുപാട് പാഷനുള്ളയാളാണ് അദ്ദേഹമെന്ന് താരം പറഞ്ഞു. പണ്ട് ചെയ്ത പല സിനിമകളും പരാജയമായിരുന്നെന്നും എന്നാല്‍ പിന്നീട് പ്രേക്ഷകര്‍ അതെല്ലാം ഏറ്റെടുത്തെന്നും ഭഗവതി പെരുമാള്‍ പറയുന്നു. പരാജയപ്പെടാന്‍ വേണ്ടി മാത്രമാണോ അദ്ദേഹം സിനിമ ചെയ്യുന്നതെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പിന്നീട് ആലോചിച്ചപ്പോഴാണ് അതിന്റെ കാരണം മനസിലായതെന്നും അദ്ദേഹം പറഞ്ഞു. പുതിയ പരീക്ഷണങ്ങള്‍ പ്രേക്ഷകരിലേക്കെത്തിക്കാന്‍ ആരെങ്കിലും മുന്നിട്ടിറങ്ങണമെന്നും അതില്‍ വിജയപരാജയം നോക്കിയിട്ട് കാര്യമില്ലെന്ന് കമല്‍ ഹാസന് തോന്നിയിട്ടുണ്ടെന്നും താരം പറയുന്നു. പ്രൊവോക്ക് ടി.വിയോട് സംസാരിക്കുകയായിരുന്നു ഭഗവതി പെരുമാള്‍.

‘കമല്‍ സാര്‍ ഇന്ത്യന്‍ സിനിമ കണ്ട വലിയൊരു ലെജന്‍ഡാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ ശ്രദ്ധിച്ചാലറിയാം, എല്ലാത്തിലും പുതിയ എന്തെങ്കിലും പരീക്ഷണമുണ്ടാകും. പഴയ ഒരുപാട് സിനിമകള്‍ പരാജയപ്പെട്ടിട്ടുണ്ട്. ഞാന്‍ അപ്പോഴെല്ലാം ചിന്തിക്കും, പരാജയമാകാന്‍ വേണ്ടിയാണോ അദ്ദേഹം സിനിമ ചെയ്യുന്നതെന്ന്. എന്നാല്‍ പിന്നീട് അതിന് മറുപടി ലഭിച്ചു.

ഇന്‍ഡസ്ട്രിയില്‍ മാറ്റം വേണമെങ്കില്‍ നമ്മള്‍ പുതിയത് എന്തെങ്കിലും പരീക്ഷിക്കണം. ആ സമയത്ത് അത് വിജയിക്കുമോ പരാജയപ്പെടുമോ എന്ന് ചിന്തിക്കരുത്. ഇത്തരം കാര്യങ്ങള്‍ ആദ്യമായി കൊണ്ടുവന്നത് നമ്മളാണെന്ന് വരുംതലമുറ പറയും. അത് തന്നെയാണ് കമല്‍ സാര്‍ ചെയ്തത്. പല സിനിമകളും അദ്ദേഹം തന്നെയാണ് നിര്‍മിച്ചത്.

അതിന്റെ ഉദാഹരണമാണ് ഹേ റാമും ബാക്കി സിനിമകളുമൊക്കെ. ഹേ റാം അന്ന് തിയേറ്ററില്‍ ഹിറ്റായില്ല. ഇന്ന് സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഒരു ടെക്സ്റ്റ് ബുക്കാണ് ആ സിനിമ. അതുപോലെ മൈക്കള്‍ മദന കാമരാജ് എന്ന പടവും. അത് ഹിറ്റാണെന്നാണ് ഇന്നത്തെ തലമുറ ചിന്തിക്കുന്നത്. ആ സിനിമ അന്ന് അത്ര ഓടിയില്ല,’ ഭഗവതി പെരുമാള്‍ പറഞ്ഞു.

Content Highlight: Bagavathi Perumal about Kamal Haasan and his movies

Latest Stories

We use cookies to give you the best possible experience. Learn more