വിജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിന് മോശം വാർത്ത; കരിയറിലെ മോശം റെക്കോർഡുമായി വിരാടും രോഹിത്തും
Cricket
വിജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിന് മോശം വാർത്ത; കരിയറിലെ മോശം റെക്കോർഡുമായി വിരാടും രോഹിത്തും
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 19th February 2023, 6:05 pm

ഇന്ത്യ-ഓസീസ് ബോർഡർ-ഗവാസ്കർ ട്രോഫിയിലെ രണ്ടാം മത്സരത്തിലും വിജയം സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ.
ആദ്യ ടെസ്റ്റ്‌ ഇന്നിങ്‌സിനും 132 റൺസിനും വിജയിച്ചതിന് പിന്നാലെ രണ്ടാം ടെസ്റ്റിൽ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യൻ ടീമിന്റെ വിജയം.

ആദ്യം ബാറ്റ് ചെയ്ത് ഒന്നാം ഇന്നിങ്സിൽ 263 റൺസെടുത്ത്‌ പുറത്തായ ഓസീസിനെതിരെ മറുപടി ബാറ്റിങിൽ ഇന്ത്യൻ ടീം 262 റൺസിന് പുറത്തായിരുന്നു.

ശേഷം രണ്ടാം ഇന്നിങ്സിൽ ഓസീസിനെ 113 റൺസിന് ഒതുക്കാൻ കഴിഞ്ഞതോടെയാണ് ഇന്ത്യൻ ടീമിന്റെ വിജയം അനായാസമായത്.


115 റൺസിന്റെ വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യൻ ടീം ആറ് വിക്കറ്റുകൾ ശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

രണ്ടാം ഇന്നിങ്സിൽ ട്രാവിസ് ഹെഡ്, ലബുഷേങ്‌ എന്നിവർ ഒഴികെ മറ്റാർക്കും ഓസീസ് നിരയിൽ ഇരട്ടയക്കം മറികടക്കാൻ സാധിച്ചില്ല. ഏഴ് വിക്കറ്റുമായി അശ്വിനും മൂന്ന് വിക്കറ്റുമായി ജഡേജയും നിറഞ്ഞാടിയപ്പോൾ ഓസീസ് നിര തകർന്നടിയുകയായിരുന്നു.

വിജയം ലക്ഷ്യമിട്ട് രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യൻ ബാറ്റിങ്‌ നിരയിൽ 31 റൺസെടുത്ത രോഹിത് ശർമയും 31 റൺസെടുത്ത്‌ പുറത്താകാതെ നിന്ന പൂജാരയുമാണ് ഇന്ത്യൻ ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
എന്നാൽ മത്സരത്തിൽ വിജയിക്കാൻ സാധിച്ചെങ്കിലും തങ്ങളുടെ കരിയറിൽ നാണം കെട്ട രണ്ട് റെക്കോർഡുകൾ സ്വന്തമാക്കിയിരിക്കുകയാണ് രോഹിത് ശർമയും വിരാടും.

രോഹിത് ശർമ ടെസ്റ്റ്‌ കരിയറിൽ ആദ്യമായി റൺ ഔട്ടായി എന്ന നാണംകെട്ട റെക്കോർഡ് കരസ്ഥമാക്കിയപ്പോൾ കോഹിലി ടെസ്റ്റ്‌ ക്രിക്കറ്റിൽ ആദ്യമായി സ്റ്റമ്പിങ്‌ വഴങ്ങി പുറത്തായി എന്ന റെക്കോർഡാണ് സ്വന്തമാക്കിയത്.

അതേസമയം രണ്ടാം ടെസ്റ്റും വിജയിക്കാൻ സാധിച്ചതോടെ ഇന്ത്യക്ക് ബോർഡർ ഗവാസ്കർ ട്രോഫി പരമ്പര നഷ്ടമാവില്ല. കൂടാതെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ഒന്ന് കൂടി വിജയിക്കാൻ സാധിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.


ബോർഡർ-ഗവാസ്കർ ട്രോഫി സ്വന്തമാക്കിയാൽ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ഫൈനൽ കളിക്കാൻ സാധിക്കും.

 

Content Highlights:Bad news for Indian team after victory; Virat and Rohit with worst record in career