ആദ്യഭാഗം തിയേറ്ററില്‍ പരാജയമായിട്ടും രണ്ടാം ഭാഗം പുറത്തിറക്കി വിജയത്തിലേക്ക് കുതിക്കുകയാണ് മോഹിനിയാട്ടം. ഭരതനാട്യം അവസാനിച്ച അതേ പോയിന്റില്‍ നിന്ന് തുടങ്ങിയ കഥ ഇത്തവണ പുതിയ ഴോണറിലാണ് പ്രേക്ഷകരിലേക്കെത്തുന്നത്. പുതിയ കഥാപാത്രങ്ങളും പ്രശ്‌നങ്ങളുമൊക്കെയായി രണ്ടര മണിക്കൂര്‍ പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്.
ഡാര്‍ക്ക് കോമഡി ഇത്ര ഗംഭീരമായി അവതരിപ്പിച്ച മറ്റൊരു ചിത്രം ഈയടുത്ത് മലയാളത്തില്‍ വന്നിട്ടില്ല. ഭരതനാട്യത്തിലെ കഥാപാത്രങ്ങള്‍ക്ക് പുറമെ മറ്റ് ചില താരങ്ങളും ചിത്രങ്ങളുണ്ട്. സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോര്‍ട്ട്, നിസ്താര്‍ സേട്ട്, സന്തോഷ് നായര്‍ എന്നിങ്ങനെ വലിയൊരു താരനിര മോഹിനിയാട്ടത്തില്‍ അണിനിരന്നിട്ടുണ്ട്.
എന്നാല്‍ ഇവരെല്ലാം ഉണ്ടായിരുന്നിട്ടും സിനിമയില്‍ ഏറ്റവുമധികം കൈയടി നേടിയത് ബേബി ജീനാണ്. റാപ്പര്‍ എന്ന നിലയില്‍ മാത്രം പലര്‍ക്കും സുപരിചിതനായ ബേബി ജീന്‍ ഗംഭീര പെര്‍ഫോമറാണെന്ന് ഈയൊരൊറ്റ ചിത്രത്തിലൂടെ തെളിയിച്ചു. ആലപ്പുഴ ജിംഖാനയിലൂടെ ബിഗ് സ്‌ക്രീന്‍ എന്‍ട്രി നടത്തിയ ബേബി ജീന്റെ അഴിഞ്ഞാട്ടമായിരുന്നു മോഹിനിയാട്ടത്തില്‍.
ആദ്യപകുതിയില്‍ കുറച്ച് സ്‌ക്രീന്‍ ടൈം മാത്രമായിരുന്നു ബേബി ജീന്. കുറച്ച് സൈക്കോ ആണോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു താരത്തിന്റെ പെര്‍ഫോമന്‍സ്. എല്ലാ നാട്ടിലുമുണ്ടാകുന്ന സി.സി.ടി.വി പോലുള്ള മനുഷ്യരുടെ പ്രതിനിധിയായിരുന്നു സുഭാഷ്. എന്നാല്‍ രണ്ടാം പകുതിയില്‍ കഥാപാത്രത്തിന്റെ റേഞ്ച് മൊത്തത്തില്‍ മാറി.
കംപ്ലീറ്റ് കോമഡിയിലേക്ക് ട്രാക്ക് മാറ്റിയ ബേബി ജീന്‍ പിന്നീട് മറ്റെല്ലാവരെയും സൈഡാക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. കോമഡിയില്‍ തനിക്ക് നല്ല ഭാവിയുണ്ടെന്ന് ഓരോ സീനിലും ബേബി ജീന്‍ തെളിയിച്ചു. കിണറ്റിന്‍കരയില്‍ വെച്ച് ശശിയുടെ കുടുംബത്തോട് സംസാരിക്കുന്ന സീന്‍ ചിരിയുടെ പൂരമായിരുന്നു. അടുത്ത കാലത്തൊന്നും ഇത്രയും ചിരിപ്പിച്ച മറ്റൊരു പെര്‍ഫോമന്‍സ് കണ്ടിട്ടില്ലെന്ന് തന്നെ പറയാം.
ആലപ്പുഴ ജിംഖാനയിലെ ഡി.ജെയായി മികച്ച പ്രകടനമായിരുന്നു ബേബി ജീന്‍ കാഴ്ചവെച്ചത്. ആദ്യമൊന്നും അധികം സ്‌കോര്‍ ചെയ്യാത്ത കഥാപാത്രം ക്ലൈമാക്‌സില്‍ വെറുമൊരു ഷേക്ക് ഹാന്‍ഡ് കൊണ്ട് കൈയടി നേടിയിരുന്നു. ഇപ്പോഴിതാ മോഹിനിയാട്ടത്തിലും തന്റെ പെര്‍ഫോമന്‍സ് കൊണ്ട് ബേബി ജീന്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.
ക്യാമറക്ക് പിന്നിലും ബേബി ജീന്‍ വക കത്തിക്കല്‍ ഉണ്ടായിരുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയിലെ റാപ്പ് ഗാനങ്ങള്‍ മോഹിനിയാട്ടത്തെ ഗംഭീരമാക്കി. സിനിമ കണ്ടിറങ്ങുന്നവരുടെ മനസില്‍ ബേബി ജീന്റെ പെര്‍ഫോമന്‍സും ഡയലോഗുകളും തങ്ങിനില്‍ക്കുമെന്ന് ഉറപ്പാണ്.
Content Highlight: Baby Jean’s performance in Mohiniyattam movie