| Sunday, 18th May 2025, 9:22 pm

വേടന്‍ തിരിച്ചറിയപ്പെടുമെന്ന് ഉറപ്പായിരുന്നു, പക്ഷേ ഇത്രമാത്രം ചര്‍ച്ചയാകുമെന്ന് വിചാരിച്ചില്ല, അവന്റെ പാട്ടുകളുടെ കരുത്താണത്: ബേബി ജീന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച റാപ്പര്‍മാരില്‍ ഒരാളാണ് ബേബി ജീന്‍. വ്യത്യസ്തമായ ശബ്ദം കൊണ്ടും പാട്ടുകള്‍ കൊണ്ടും വളരെ വേഗത്തില്‍ ടീനേജ് പ്രായക്കാര്‍ക്കിടയില്‍ ബേബി ജീന്‍ ശ്രദ്ധേയനായി. ആവേശം, തല്ലുമാല, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി തുടങ്ങിയ സിനിമകളില്‍ പാട്ടുകളിലൂടെ സാന്നിധ്യമറിയിച്ച ബേബി ജീന്‍ ആലപ്പുഴ ജിംഖാന എന്ന ചിത്രത്തിലൂടെ അഭിനയത്തിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചു.

മലയാളത്തിലെ മികച്ച റാപ്പര്‍മാരിലൊരാളായ വേടനെക്കുറിച്ച് സംസാരിക്കുകയാണ് ബേബി ജീന്‍. റാപ്പ് സംഗീതത്തില്‍ താന്‍ ശ്രദ്ധിക്കപ്പെടുന്നതിന് മുന്നേ വേടനെ തനിക്ക് അറിയാമായിരുന്നെന്ന് ബേബി ജീന്‍ പറഞ്ഞു. ആക്ടീവാകുന്നതിന് മുമ്പ് എറണാകുളത്ത് വെച്ച് ഭക്ഷണം കഴിക്കാനുള്ള ഓട്ടത്തിനിടയില്‍ വേടനെപ്പറ്റി സംസാരിക്കുമായിരുന്നെന്നും അയാളുടെ പാട്ടുകള്‍ ശ്രദ്ധിക്കാറുണ്ടെന്നും ബേബി ജീന്‍ കൂട്ടിച്ചേര്‍ത്തു.

വേടന്‍ എന്തായാലും ഒരു നാള്‍ അറിയപ്പെടുമെന്ന് ഉറപ്പായിരുന്നെന്നും ബേബി ജീന്‍ പറയുന്നു. എന്നാല്‍ വേടന്റെ പാട്ടുകളും അതിന്റെ വരികളും ആളുകളില്‍ വലിയ ഇംപാക്ട് ഉണ്ടാക്കുമെന്നും മലയാളത്തിലെ ചാനലുകളെല്ലാം മൂന്ന് ദിവസത്തോളം അയാളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുമെന്ന് ചിന്തിച്ചിരുന്നില്ലെന്നും ബേബി ജീന്‍ പറഞ്ഞു.

തന്റെ പാട്ടുകളിലൂടെ വേടന്‍ ഉണ്ടാക്കിയെടുത്ത പിന്തുണയാണ് ഈയടുത്ത് കണ്ടതെന്നും അയാളുടെ അറസ്റ്റ് സമൂഹത്തില്‍ ഇത്രമാത്രം ചലനമുണ്ടാക്കുമെന്ന് കരുതിയില്ലെന്നും ബേബി ജീന്‍ കൂട്ടിച്ചേര്‍ത്തു. താനും ഡബ്‌സിയും ഈ ഫീല്‍ഡിലേക്ക് വരുമ്പോള്‍ വേടന്‍ അയാളുടേതായ ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കുകയായിരുന്നെന്നും ബേബി ജീന്‍ പറഞ്ഞു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ബേബി ജീന്‍.

‘ഈ റാപ്പ് ഫീല്‍ഡില്‍ ഞാന്‍ വന്ന സമയം തൊട്ട് വേടനെ എനിക്കറിയാം. ഞാനും ഡബ്‌സീയുമൊക്കെ എറണാകുളത്ത് ഉച്ചക്ക് ബിരിയാണിക്കുള്ള പൈസ ഒപ്പിക്കാന്‍ ഓടിനടന്ന സമയമുണ്ടായിരുന്നു. എന്റെ ആദ്യത്തെ പാട്ട് അന്ന് റിലീസായിരുന്നില്ല. അപ്പോള്‍ വേടന്‍ അത്യാവശ്യം ഫേമസാണ്. അവന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ‘ആദ്യത്തെ പാട്ട് ഹിറ്റായാല്‍ പിന്നെയൊന്നും നോക്കണ്ട. പിന്നീട് സിനിമകള്‍ കിട്ടും. അത് കഴിഞ്ഞാല്‍ ഇന്‍ഡിപ്പെന്‍ഡന്റ് മ്യൂസിക്കിന് നല്ലൊരു ടീമിനെ കിട്ടും’ എന്നൊക്കെ അവന്‍ പറഞ്ഞു തന്നിട്ടുണ്ട്.

അവന്‍ എല്ലായിടത്തും തിരിച്ചറിയപ്പെടുമെന്ന് ഉറപ്പായിരുന്നു. പക്ഷേ, ഇത്രയും ഇന്‍ഫ്‌ളുവന്‍സ് ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ചില്ല. അറസ്റ്റ് കഴിഞ്ഞ് മൂന്നുനാല് ദിവസം ഇത് തന്നെയായിരുന്നു എല്ലാ ചാനലിലും ചര്‍ച്ച. സ്വന്തം പാട്ടുകളിലൂടെ അവന്‍ ഉണ്ടാക്കിയെടുത്ത ഐഡന്റിറ്റിയാണ് ഇത്. അവന്റെ അറസ്റ്റ് എത്ര വലിയ ഇംപാക്ടാണ് ഉണ്ടാക്കിയത്. അവന്‍ സ്വന്തമായി ഉണ്ടാക്കിയെടുത്ത ഗ്രോത്ത് ആണിത്,’ ബേബി ജീന്‍ പറഞ്ഞു.

Content Highlight: Baby Jean about Vedan and his influence in youth

Latest Stories

We use cookies to give you the best possible experience. Learn more