| Sunday, 18th June 2023, 11:56 pm

സോൾട്ട് ആൻഡ് പെപ്പറിലാണ് അത് ആദ്യമായി പ്രയോഗിച്ചത്; തിയേറ്റർ ഉടമകൾ ഇത് എടുക്കില്ലെന്ന് പറഞ്ഞു: ബാബു രാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോൾട്ട് ആൻഡ് പേപ്പർ എന്ന സിനിമയാണ്‌ ആദ്യമായി ഹാർഡ് ഡിസ്ക് സംവിധാനത്തിൽ ഷൂട്ട് ചെയ്ത ചിത്രമെന്ന് നടൻ ബാബുരാജ്. ഡിജിറ്റൽ കാമറയിൽ ഷൂട്ട് ചെയ്തതുകൊണ്ട് ചിത്രം വിതരണത്തിനായി ആരും ഏറ്റെടുത്തില്ലെന്നും തിയേറ്ററുകാർ ഡിജിറ്റൽ കാമറയിൽ ഷൂട്ട് ചെയ്ത ചിത്രം എടുക്കില്ലെന്ന് പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സോൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രമാണ് ഹാർഡ് ഡിസ്ക് ഫോർമാറ്റിൽ ഷൂട്ട് ചെയ്ത ആദ്യത്തെ ചിത്രം. അതിന് മുൻപ് ഫിലിം ഫോർമാറ്റ് ആയിരുന്നു. അന്ന് ആ ചിത്രം കച്ചവടമായില്ല. ആ ചിത്രത്തിൽ അഭിനയിക്കുന്നവർക്ക് തന്നെ പ്രശ്നം ആയിരുന്നു. കാരണം ഫിലിം ഓടുന്ന ശബ്ദമാണ് ഞങ്ങൾ കേട്ട് പഴകിയത്. ആ ശബ്ദം കേൾക്കുമ്പോൾ ടേക്ക് ആയെന്ന് അന്ന് ഞങ്ങൾക്ക് മനസിലാകുമായിരുന്നു. ഈ കാമറ വന്നപ്പോൾ ഒരു റെഡ് ലൈറ്റ് എങ്ങാനും കത്തിയാലായി. അതുകൊണ്ട് തുടക്കത്തിൽ ഞങ്ങൾക്കൊക്കെ നല്ല ബുദ്ധിമുട്ടായി.

അന്നത്തെ കാലത്ത് ലാബിൽ നിന്നുമുള്ള ഫിലിമിന്റെ നെഗറ്റീവിന്റെ അടിസ്ഥാനമാക്കിയാണ് സിനിമയുടെ റൈറ്റ് തീരുമാനിക്കുന്നത്. ആ സിനിമ ഡിജിറ്റൽ ആയതുകൊണ്ട് ലാബ് ഇല്ലല്ലോ. അതുകൊണ്ട് സൂര്യ ടി.വി അത് എടുത്തത് തന്നെ കുറെ കാലത്തിന് ശേഷമാണ്.

ഹാർഡ് ഡിസ്‌ക്കെന്ന മാറ്റത്തിലേക്ക് തുടക്കമിട്ടത് ആഷിഖ് (ആഷിഖ് അബു) ആണ്. അങ്ങനെ ഒരു ഫോർമാറ്റിലേക്ക് മാറിയതുകൊണ്ട് മാത്രമാണ് ബാക്കിയുള്ള പടങ്ങളും കൂടി മാറിയത്. ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട് തൃശൂർ രാഗം തിയേറ്ററിന്റെ ഉടമ പറഞ്ഞു ഞാൻ ഒരു കാരണവശാലും എന്റെ തിയേറ്ററിൽ ഡിജിറ്റൽ പടം കയറ്റില്ലെന്ന്. ഫിലിമിൽ എടുക്കുന്നതിന്റെ സുഖം എങ്ങനെ ഈ ഫോർമാറ്റിൽ എടുത്താൽ കിട്ടുമെന്ന് അയാൾ ചോദിച്ചു,’ ബാബുരാജ് പറഞ്ഞു .

സോൾട് ആൻഡ് പെപ്പർ എന്ന ചിത്രത്തിന് ശേഷം രണ്ടു തരം തിയേറ്ററുകൾ ഉണ്ടായിരുന്നെന്നും അതിൽ ഒന്ന് ഫിലിമിൽ ഷൂട്ട് ചെയ്ത ചിത്രങ്ങൾക്കും മറ്റൊന്ന് ഡിജിറ്റൽ സിനിമകൾക്കുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

‘സോൾട്ട് ആൻഡ് പെപ്പറിന് ശേഷം രണ്ട് തരം തിയേറ്ററുകൾ ഉണ്ടായിരുന്നു. ഒന്ന് ഡിജിറ്റൽ സിനിമകൾക്കുള്ളതും മറ്റൊന്ന് ഫിലിമിൽ ഷൂട്ട് ചെയ്ത ചിത്രങ്ങൾക്കുള്ളതും. ഇതിൽ ആര് ജയിക്കും എന്ന കോംപറ്റീഷൻ ഉണ്ടായിരുന്നു. അതിന് ശേഷം ഫിലിം കാമറയും പോയി, ഫിലിം കമ്പനിയും പോയി. കാരണം ടെക്‌നീഷ്യൻസിനൊക്കെ അതാണ്‌ ഇഷ്ടമായത്, ഒത്തിരി തവണ അതിൽ ഷൂട്ട് ചെയ്യാം,’ ബാബുരാജ് പറഞ്ഞു.

Content Highlights: Baburaj on Salt and Pepper movie and Ashiq Abu

We use cookies to give you the best possible experience. Learn more