| Friday, 11th April 2025, 9:08 am

ജനക്കൂട്ടത്തില്‍ നിന്ന് ഒരു പെണ്‍കുട്ടി വന്ന് എന്നെ ചുംബിക്കാന്‍ ശ്രമിച്ചു, അതെനിക്ക് വളരെ ഷോക്കിങ്ങായിരുന്നു: ബാബു ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയിലെ എവര്‍ ഗ്രീന്‍ ആക്ഷന്‍ ഹീറോ എന്ന വിശേഷണത്തിന് അര്‍ഹനാണ് ബാബു ആന്റണി. കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ബാബു ആന്റണി ഫാസില്‍ സംവിധാനം ചെയ്ത പൂവിന് പുതിയ പൂന്തെന്നല്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. ഒരിടവേളക്ക് ശേഷം അഭിനയ ജീവിതത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് ബാബു ആന്റണി. മലയാളത്തിന് പുറമെ തമിഴിലും രണ്ടാം വരവില്‍ സജീവമാണ് അദ്ദേഹം.

തനിക്കുണ്ടായ വിചിത്രമായ ഫാന്‍ മൊമെന്റിനെ കുറിച്ച് സംസാരിക്കുകയാണ് ബാബു ആന്റണി. ഒരിക്കല്‍ വയനാട്ടിലേക്ക് ട്രിപ്പ് പോകുമ്പോള്‍ ഒരു ഫാമിലി തങ്ങള്‍ ഫുഡ് കഴിച്ചുകൊണ്ടിരുന്ന സ്ഥലത്തേക്ക് വന്നുവെന്നും പോകാന്‍ നേരം അതിലൊരു കുട്ടി താന്‍ ഉപയോഗിച്ച നാപ്കിന്‍ എടുത്തെന്നും ബാബു ആന്റണി പറയുന്നു. അത് തനിക്ക് വളരെ ഷോക്കിങ്ങായ അനുഭവമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതുപോലെ തേക്കടിയിലേക്ക് താനും ഭാര്യയും കൂടി പോയപ്പോള്‍ ജനക്കൂട്ടം തടഞ്ഞുവെച്ചെന്നും അപ്പോള്‍ ഒരു പെണ്‍കുട്ടി തന്നെ കെട്ടിപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചെന്നും ബാബു ആന്റണി പറഞ്ഞു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബാബു ആന്റണി.

‘ഞാന്‍ ഒരുപാട് സിനിമകള്‍ ചെയ്യാതിരുന്ന കാലത്താണ് എന്റെ ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത ആ സംഭവം നടന്നത്. എന്റെ മകന്‍ അന്ന് വളരെ ചെറുതായിരുന്നു. ഞങ്ങള്‍ വയനാട്ടിലേക്ക് ഒരു ട്രിപ്പ് പോകുകയായിരുന്നു. പോകുന്ന വഴിക്ക് ഞങ്ങള്‍ വണ്ടി നിര്‍ത്തി ഭക്ഷണം കഴിക്കുകയിരുന്നു. അപ്പോള്‍ അവിടേക്ക് ഒരു ഫാമിലി വന്നു. അതില്‍ രണ്ട് ടീനേജ് പെണ്‍കുട്ടികളും ഉണ്ടായിരുന്നു. അവര്‍ വന്നു, സംസാരിച്ചു, ഫോട്ടോയുമെല്ലാം എടുത്തിട്ട് പോയി.

ഞങ്ങള്‍ എന്നിട്ട് പോകാന്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ ചുമ്മാ തിരിഞ്ഞ് നോക്കി. നോക്കുമ്പോള്‍ അതിലൊരു പെണ്‍കുട്ടി ഞാന്‍ ഉപയോഗിച്ച നാപ്കിന്‍ എടുത്തിട്ട് പോകുന്നു. കിടിങ്ങി പോയി ഞാന്‍. ഞാന്‍ കൈയെല്ലാം തുടച്ചുവെച്ചതായിരുന്നു അത്. ഞാന്‍ അത് എന്റെ ഭാര്യയോട് പറഞ്ഞു. അത് വളരെ ഷോക്കിങ് ആയിട്ടുള്ള കാര്യമായിരുന്നു. അതും ഞാന്‍ ആ സമയത്ത് സിനിമയൊന്നും ചെയ്യുന്നുമില്ല, അതൊരു ടീനേജ് കുട്ടിയും ആയിരുന്നു. അത് ഞാന്‍ ഇപ്പോഴും മറക്കില്ല. അതൊക്കെ വളരെ ഷോക്കിങ് ആയിരുന്നു.

പിന്നീടതുപോലെ ഞാനും ഭാര്യയും കൂടി തേക്കടിക്ക് പോകുകയായിരുന്നു. പോകുന്ന വഴിക്ക് ഞങ്ങളെ ആളുകള്‍ തടഞ്ഞുവെച്ചു. അപ്പോള്‍ അതിലൊരു പെണ്‍കുട്ടി എന്നെ കെട്ടിപിടിച്ച് ചുംബിക്കാനായി വന്നു. ആ പ്രവര്‍ത്തി കണ്ട് എന്റെ ഭാര്യക്കാകെ വിഷമമായി. അങ്ങനെയൊക്കെ ഒരുപാട് ഫാന്‍ മൊമെന്റ് ഉണ്ടായിട്ടുണ്ട്,’ ബാബു ആന്റണി പറയുന്നു.

Content Highlight: Babu Antony Talks About Weird Fan Moments

Latest Stories

We use cookies to give you the best possible experience. Learn more