| Wednesday, 9th April 2025, 9:14 am

ഹിറ്റ് പടങ്ങള്‍ കൊടുത്തിട്ടും എനിക്ക് സിനിമയില്‍ ഒരുപാട് ഗ്യാപ്പ് വന്നിട്ടുണ്ട്: ബാബു ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയിലെ എവര്‍ ഗ്രീന്‍ ആക്ഷന്‍ ഹീറോ എന്ന വിശേഷണത്തിന് അര്‍ഹനാണ് ബാബു ആന്റണി. കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ബാബു ആന്റണി ഫാസില്‍ സംവിധാനം ചെയ്ത പൂവിന് പുതിയ പൂന്തെന്നല്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. ചിത്രത്തിലെ വില്ലന്‍ വേഷം കരിയറിലെ നാഴികക്കല്ലുകളിലൊന്നായി മാറി. പിന്നീട് മൂന്നാം മുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചന്‍ എന്നീ സിനിമകളിലെ വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമായി.

നെപ്പോളിയന്‍, ഭരണകൂടം, കടല്‍, ദാദ, രാജധാനി, കമ്പോളം എന്നീ സിനിമകളില്‍ ബാബു ആന്റണി നായകനായി. പിന്നീട് സ്വഭാവവേഷങ്ങളിലേക്കും മാറി അദ്ദേഹം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ബാബു ആന്റണി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഹിറ്റ് കൊടുത്തിട്ടും തനിക്ക് സിനിമകള്‍ കിട്ടാതിരുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ബാബു ആന്റണി.

ഹിറ്റ്‌ലര്‍ ബ്രദേര്‍സ്, സ്രാവ് എന്നീ സിനിമകള്‍ ഹിറ്റായിരുന്നുവെന്നും എന്നാല്‍ അത് കഴിഞ്ഞിട്ടും തനിക്ക് സിനിമകള്‍ ഒന്നും തന്നെ കിട്ടിയിരുന്നില്ലായെന്നും ബാബു ആന്റണി പറയുന്നു. ഉത്തമന്‍ സിനിമയിലെ തന്റെ വില്ലന്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നുവെന്നും എന്നാല്‍ അതിന് ശേഷവും തനിക്ക് കാര്യമായി സിനിമകള്‍ ഒന്നും തന്നെ കിട്ടിയിരുന്നില്ലായെന്നും ബാബു ആന്റണി പറഞ്ഞു.

പിന്നീട് ചെയ്ത ഗ്രാന്‍ഡ്മാസ്റ്റര്‍, ഇടുക്കി ഗോള്‍ഡ് എന്നീ സിനിമകളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നുവെന്നും സപ്പോര്‍ട്ടിങ് റോളുകള്‍ ചെയ്ത് മാത്രം സിനിമയില്‍ ഒരുപാട് കാലം സര്‍വേവ് ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കൗമുദി മൂവിസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

‘ഒരു ഗ്യാപ്പ് എടുത്തശേഷം ചെയ്ത പടമാണ് ഹിറ്റ്‌ലര്‍ ബ്രദേര്‍സ്. ഞാന്‍ ഹീറോ ആയിട്ട് ചെയ്ത പടമാണ്. അത് സൂപ്പര്‍ ഹിറ്റായിരുന്നു. എന്നിട്ടും എനിക്ക് സിനിമയൊന്നും കിട്ടിയിരുന്നില്ല. അത് കഴിഞ്ഞ് സ്രാവ് എന്ന സിനിമ ചെയ്തു അത് വര്‍ക്ക് ഔട്ട് ആയിരുന്നു. കൊമേഴ്ഷ്യല്‍ സിനിമയായിരുന്നു, സൂപ്പര്‍ കളക്ഷനാണ് ആ സിനിമ നേടിയത്. സജിയാണത് പ്രൊഡ്യൂസ് ചെയ്തത്. പിന്നീട് ഉത്തമന്‍ ഇറങ്ങി അതില്‍ വില്ലനായിട്ടായിരുന്നു. അതിലെ പുലിമുട്ടില്‍ സണ്ണി എന്ന കഥാപാത്രം ഇപ്പോഴും എല്ലാവരും പറയുന്നതാണ്.

പക്ഷേ എനിക്ക് അതിന് ശേഷവും സിനിമയില്ല. രണ്ട് വര്‍ഷത്തോളം സിനിമയില്ലായിരുന്നു. ഇടയക്ക് ചില തെലുങ്ക് സിനിമകള്‍ ചെയ്തിരുന്നു. അത് കഴിഞ്ഞ് എനിക്ക് ക്ലാപ്പ്‌സ് കിട്ടിയ കഥാപാത്രങ്ങള്‍ ഗ്രാന്‍ഡ്മാസ്റ്റര്‍, ഇടുക്കി ഗോള്‍ഡ് അതുപോലെ കായംകുളം കൊച്ചുണ്ണി എന്നീ സിനിമകളായിരുന്നു. പക്ഷേ ഇതെല്ലാം കഴിഞ്ഞിട്ടും സിനിമകള്‍ ഉണ്ടായിരുന്നില്ല. അവിടെയും വലിയ ഗ്യാപ്പുകളായിരുന്നു. ഇപ്പോഴാണ് പിന്നെയും തുടരെ സിനിമകള്‍ കിട്ടുന്നത് പക്ഷേ സപ്പോര്‍ട്ടിങ് റോളുകള് ചെയ്ത് മാത്രം സിനിമയില്‍ ഒരുപാട് കാലം സര്‍വേവ് ചെയ്യാന്‍ കഴിയില്ല,’ ബാബു ആന്റണി പറയുന്നു.

Content Highlight: Babu Antony talks about not getting films even after his hit films.

We use cookies to give you the best possible experience. Learn more