| Friday, 25th April 2025, 6:11 pm

ആ ഹിറ്റ് പടത്തിന്റെ പ്രിന്റ് അടിച്ച് മാറ്റി മറ്റൊരു തിയേറ്ററില്‍ കൊണ്ട് പോയി; ആകെ പൊലീസും ബഹളവുമായി: ബാബു ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയിലെ എവര്‍ ഗ്രീന്‍ ആക്ഷന്‍ ഹീറോ എന്ന വിശേഷണത്തിന് അര്‍ഹനാണ് ബാബു ആന്റണി. കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ബാബു ആന്റണി ഫാസില്‍ സംവിധാനം ചെയ്ത പൂവിന് പുതിയ പൂന്തെന്നല്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. ചിത്രത്തിലെ വില്ലന്‍ വേഷം കരിയറിലെ നാഴികക്കല്ലുകളിലൊന്നായി മാറി. ഈ സിനിമയുടെ നാല് റീമേക്കിലും വില്ലനായി എത്തിയത് ബാബു ആന്റണിയായിരുന്നു.

ബാബു ആന്റണി നായകനായെത്തിയ ചിത്രങ്ങളില്‍ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ചന്ത. സുനില്‍ സംവിധാനം ചെയ്ത് 1995ല്‍ പുറത്തിറങ്ങിയ ചിത്രം അക്കാലത്തെ വന്‍ വിജയമായി മാറിയിരുന്നു. ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ബാബു ആന്റണി.

സിനിമയുടെ റിലീസിന്റെ സമയത്ത് ഒരു തിയേറ്ററില്‍ കൊടുക്കേണ്ട പ്രിന്റ് അടിച്ച്മാറ്റി മറ്റൊരു തിയേറ്ററില്‍ കൊടുത്തുവെന്നും അന്ന് തിയേറ്ററില്‍ അടിയും ബഹളവുമൊക്കെ ഉണ്ടായിരുന്നുവെന്നും പൊലീസ് വന്നിരുന്നുവെന്നും ബാബു ആന്റണി പറയുന്നു. കാണികള്‍ തിയേറ്ററില്‍ എന്തോ മര്യാദകേട് കാണിച്ചതെന്നാണ് താന്‍ വിചാരിച്ചതെന്നും എന്നാല്‍ മറിച്ച് പ്രിന്റ് മോഷ്ടിച്ചതാണ് കാരണമെന്ന് പിന്നീട് തിരക്കിയപ്പോഴാണ് മനസിലായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബാബു ആന്റണി.

‘അന്ന് തിയേറ്ററില്‍ ഭയങ്കര അടിയും ബഹളവും. പൊലീസുകാരൊക്കെ വന്ന് ഭയങ്കര പ്രശ്‌നമൊക്കെ ഉണ്ടായി. അപ്പോള്‍ ഞാന്‍ ഇതെന്താ സംഭവമെന്ന് അന്വേഷിച്ചു. ഒരു തിയേറ്ററില്‍ കൊടുക്കേണ്ട ചന്തയുടെ പ്രിന്റ് അടിച്ച് മാറ്റി മറ്റൊരു തിയേറ്ററിലേക്ക് കൊണ്ടു പോയി. അന്ന് പ്രിന്റാണല്ലോ, ഓണ്‍ ലൈന്‍ പരിപാടിയൊന്നും ഒന്നും ഇല്ല. ഞാന്‍ അവിടെ ചെന്നപ്പോള്‍ അടി നടക്കുകയാണ്. ആളുകള്‍ എന്തെങ്കിലും മിസ് ബിഹേവ് ചെയ്തതാണെന്ന് ഞാന്‍ ഓര്‍ത്തത്. പക്ഷേ ഇതാണ് സംഭവം. പ്രിന്റ് അടിച്ച് മാറ്റിയിട്ട് അവിടെ കൊണ്ട് വന്നു. അപ്പോള്‍ മറ്റ് തിയേറ്ററുകാര്‍ പൊലീസുമായി സിനിമയുടെ പ്രിന്റ് എടുക്കാന്‍ വന്നതാണ്,’ ബാബു ആന്റണി പറയുന്നു.

Content Highlight: Babu Antony about his  film  Chantha

We use cookies to give you the best possible experience. Learn more